/sathyam/media/media_files/LEDEGQkPQOARVRHpuW8c.jpg)
നിയമസഭ ചേർന്ന ദിവസം തന്നെ സോളാർ വിഷയത്തിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചും അതു സംബന്ധിച്ച ചർച്ചകൾ പിന്നെയും പിന്നെയും തുടർന്നും അരുതാത്ത വഴിയിലൂടെ സഞ്ചരിക്കുകയാണോ പ്രതിപക്ഷം?
സോളാർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ആരോപണത്തെപ്പറ്റി അന്വേഷിച്ച സിബിഐ ഉമ്മൻചാണ്ടിയെ പൂർണമായും കുറ്റവിമുക്തനാക്കി നൽകിയ റിപ്പോർട്ടിന്മേൽ കൂടുതൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആവശ്യം രാഷ്ട്രീയപരമായി ശരിയോ ?
2011 - 16 കാലത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിൽ വലിയ വിവാദമുണ്ടാക്കിയ വിഷയമാണ് സോളാർ. ഈ കേസിലെ കേന്ദ്രബിന്ദുവായ വനിത ഉമ്മൻചാണ്ടിക്കെതിരെ ഉയർത്തിയ ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. രാഷ്ട്രീയത്തിനപ്പുറത്തേക്കും വളർന്നു ആ വിവാദം. കേരള രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞ ദിവസങ്ങൾ ആയിരുന്നു അത്.
എല്ലാ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും പൂർണ്ണവിരാമം ഇട്ടുകൊണ്ടാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്. ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒന്നും ഒരു കഴമ്പുമില്ലെന്നു പറഞ്ഞ് എല്ലാം തള്ളിക്കളയുകയായിരുന്നു ആ റിപ്പോർട്ട്. ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തിന്മേലും രാഷ്ട്രീയത്തിന്മേലും പടർന്ന എല്ലാ കറയും കളങ്കവും മായിച്ചുകൊണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഈ റിപ്പോർട്ട് ഒരു അന്തിമ തീരുമാനമായി കണ്ട് എന്നെന്നേക്കുമായി ഈ വിഷയത്തിന്മേലുള്ള ചർച്ചയൊക്കെയും അവസാനിപ്പിക്കാമായിരുന്നു. പക്ഷേ അത് ആയിരുന്നില്ല അദ്ദേഹം സ്വീകരിച്ച വഴി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുവേണ്ടി നിർത്തിവെച്ച നിയമസഭാ സമ്മേളനം സെപ്റ്റംബർ 11 -ാം തീയതി തിങ്കളാഴ്ച വീണ്ടും ചേർന്ന ദിവസം തന്നെയാണ് പ്രതിപക്ഷം സിബിഐ റിപ്പോർട്ടിന്റെ പേരിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
ഷാഫി പറമ്പിൽ വളരെ ശക്തമായി തന്നെ പ്രമേയം അവതരിപ്പിച്ചു. ഉമ്മൻചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം സിബിഐ അന്വേഷണത്തിന് വിട്ട സർക്കാരിന്‍റെ നടപടിയെ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സ്ഥാപിച്ചു കൊണ്ടായിരുന്നു ഷാഫി പറമ്പിലിന്‍റെ അടിയന്തര പ്രമേയ അവതരണം. ചൂടേറിയ വിഷയങ്ങൾ അങ്ങേയറ്റത്തെ ചൂടോടുകൂടിത്തന്നെ രാഷ്ട്രീയന്തര പ്രമേയമായി അവതരിപ്പിക്കാൻ ഈ സഭയിൽ പ്രതിപക്ഷത്ത് ഏറ്റവും കരുത്തുള്ള യുവ നേതാവ് തന്നെയാണ് ഷാഫി പറമ്പിൽ.
ഗൂഢാലോചനയെപ്പറ്റി അന്വേഷണമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചതോടെ കാര്യങ്ങളുടെ ഗതി മാറി. സ്പീക്കർ എ.എൻ ഷംസീർ അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച് നൽകുകയും ചെയ്തു.
സോളാർ ഗൂഢാലോചനയുടെ മുൾമുനയിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ നിർത്തിക്കൊണ്ട് അവതരിപ്പിക്കുന്ന അടിയന്തിര പ്രമേയത്തിന് സർക്കാർ അനുമതി നിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കണക്കാക്കിയിരുന്നുവോ ? പ്രമേയം അവതരിപ്പിക്കാൻ സമ്മതിച്ചുകൊണ്ട് തീരുമാനമെടുത്ത മുഖ്യമന്ത്രി സതീശന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കളഞ്ഞോ ?
എന്തായാലും അടിയന്തര പ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ ഭരണപക്ഷത്തു നിന്നും പ്രസംഗിച്ച കെ.ടി ജലീൽ അതിപ്രഗത്ഭമായി തന്നെ പ്രമേയത്തെ എതിർത്തു. സോളാർ വിഭാഗം കത്തിപ്പടർന്നതും മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉയർന്നതും ആരോപണമുന്നയിച്ച വനിത മജിസ്ട്രേറ്റ് കോടതിയിൽ കത്ത് നൽകിയതും ആ കത്തിലെ പേജുകളുടെ എണ്ണം പലതവണ കൂടിയതും അതിൽ പലരുടെയും പേരുകൾ എഴുതി ചേർത്തതുമെല്ലാം യുഡിഎഫ് ഭരണകാലത്തായിരുന്നുവെന്ന് കെ.ടി ജലീൽ കൃത്യമായി തന്നെ വിവരിച്ചു.
ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന കെ.ബി ഗണേഷ് കുമാറും അദ്ദേഹത്തിൻറെ പിതാവ് ആർ ബാലകൃഷ്ണപിള്ളയും അന്ന് യുഡിഎഫിൽ ആയിരുന്നുവെന്ന കാര്യവും ജലീൽ ചൂണ്ടിക്കാട്ടി. നിയമസഭാംഗവും മന്ത്രിയുമായിരുന്നിട്ടുള്ള കെ.ടി ജലീൽ നിയമസഭയിൽ ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും ഉജ്ജ്വലമായ പ്രസംഗമായിരുന്നു അത്.
മുൻ മുഖ്യമന്ത്രിയുടെ പേരിൽ ഉയർന്ന എല്ലാ ആരോപണങ്ങളിൽ നിന്നും അദ്ദേഹത്തെ മുക്തനാക്കുന്നതാണ് സിബിഐ റിപ്പോർട്ട്. ഉമ്മൻചാണ്ടിയുടെ മരണത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നതെങ്കിലും അത് പല തലങ്ങളിലുള്ള ചർച്ചകൾക്ക് വഴി തുറക്കുകയും ചെയ്തു. ഈ വിഷയത്തിനുതന്നെ വിരാമമിടുന്ന തരത്തിൽ അന്തിമമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന കണ്ടെത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിബിഐ ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2012 സെപ്റ്റംബർ 19 -ാം തീയതി മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിപ്പ് ഹൗസിൽ തന്നെ പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ ആരോപണം ശരിയല്ലെന്ന് തെളിയിക്കുക മാത്രമല്ല, ഉമ്മൻചാണ്ടിയെ ഈ ആരോപണത്തിൽ കരുവാക്കാനാണ് പരാതിക്കാരി ശ്രമിച്ചതെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. ആ ദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്ലിപ്പ് ഹൗസിൽത്തന്നെ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോപണങ്ങളേറെ ഉയർന്നിട്ടും ഉമ്മൻചാണ്ടി എന്ന ജനനായകൻ വർഷങ്ങളിലൂടെ നേടിയെടുത്ത ജനസമ്മതിക്ക് ഒരു കോട്ടവും ഒരിക്കലും തട്ടിയില്ല. മരണത്തെ തുടർന്ന് ജനലക്ഷങ്ങൾ തങ്ങളുടെ പ്രിയ നേതാവിന് നൽകിയ വികാരപരമായ യാത്രയയപ്പ് അത് വിളിച്ചോതുകയും ചെയ്തു.
ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു പിന്നെയും പിന്നെയും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ശരിയല്ല തന്നെ. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് വർണോജലമായ വിജയം നേടി സത്യപ്രതിജ്ഞ ചെയ്ത് നിയമസഭാംഗമായ ദിവസം സോളാർ അടിയന്തര പ്രമേയം അവതരിപ്പിച്ചതും നല്ല കണക്കുകൂട്ടലായിരുന്നില്ല.
ആ ദിവസത്തെ നിയമസഭാ സമ്മേളനം ചാണ്ടി ഉമ്മന്‍റേതു തന്നെ ആക്കാമായിരുന്നു. ഉമ്മൻചാണ്ടിക്കു നൽകുന്ന ഏറ്റവും മികച്ച സ്മരണാഞ്ജലിയാകുമായിരുന്നു അത്.
പ്രതിപക്ഷ നേതാവിന്റെ കണക്കുകളും തന്ത്രങ്ങളുടെ പ്രയോഗവും എപ്പോഴും ശരിയായ ദിശയിലായിരിക്കണം. ഓർമ്മയിലിരിക്കണം ഇക്കാര്യം സതീശാ.