Advertisment

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കര്‍ഷകന്‍റെ കണ്ണുനീര്‍ വീണിരിക്കുന്നു. ഇത് കേരള സമൂഹത്തിനും സംസ്ഥാന സര്‍ക്കാരിനും ഒട്ടും ഭൂഷണമല്ല. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. കര്‍ഷകന്‍റെ കണ്ണുനീര്‍ ഇനി പാടത്തു വീണുകൂടാ. വായ്പ കിട്ടാണ്ട് മനം നൊന്ത് ഒരു കര്‍ഷകനും കേരളത്തില്‍ ആത്മഹത്യ ചെയ്തുകൂടാ. ജനങ്ങള്‍ക്ക് അന്നം നല്‍കുന്ന കൈകളാണ് കര്‍ഷകന്‍റേത് എന്ന് എല്ലാവരും ഓര്‍ക്കണം - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

New Update
f

ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരുന്നത്. ആലപ്പുഴ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനി വാസിയും നെല്‍കര്‍ഷകനുമായ കെ.ജി പ്രസാദിന്‍റെ ആത്മഹത്യ കേരളത്തെ നടുക്കിയിരിക്കുകയാണ്.

Advertisment

ഇക്കഴിഞ്ഞ സെപ്തംബര്‍ 17 -ാം തീയതിയാണ് കടക്കെണിയില്‍ കുരുങ്ങിയ അമ്പലപ്പുഴ വണ്ടാനം സ്വദേശി 88 കാരനായ കെ.ആര്‍ രാജപ്പന്‍ ആത്മഹത്യ ചെയ്തത്. ഏറെ കഷ്ടപ്പെട്ട് പണം കടമെടുത്തും വീട്ടുകാരുടെ സ്വര്‍ണം പണയം വെച്ചും പാടത്തു നെല്ലു വിതച്ചു വളര്‍ത്തി വിളവെടുത്തു നാട്ടുകാരെ ഊട്ടുന്ന കര്‍ഷകന് അവസാനം ആത്മഹത്യ ചെയ്യേണ്ടിവരുന്ന സ്ഥിതി കേരള സമൂഹത്തിനും കേരള സര്‍ക്കാരിനും ഒട്ടും ഭൂഷണമല്ല.


കുട്ടനാട്ടിലെ കര്‍ഷകര്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ തന്നെയാണ് സംഭരിച്ച് വര്‍കിട മില്ലുകള്‍ക്കു വില്‍ക്കുന്നത്. ഇതിനുള്ള വില നെല്ലുസംഭരണത്തിനു നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോ നല്‍കും


നെല്ലു സംഭരണം കേന്ദ്ര പദ്ധതിയാണ്. 2005 - ല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഇപ്പോഴത്തെ നിരക്കനുസരിച്ച് കേന്ദ്രം ഒരു കിലോഗ്രാം നെല്ലിന് 20.40 രൂപയാണ് അനുവദിച്ചിരിക്കുന്നത്. പുറമേ സംസ്ഥാന സര്‍ക്കാര്‍ 7.92 രൂപയും വകയിരുത്തിയിരിക്കുന്നു. അങ്ങനെ ഒരു കിലോഗ്രാം നെല്ലിന് കര്‍ഷകനു കിട്ടുന്ന വില 28.32 രൂപ. ഈ പണം സമയത്തു കിട്ടിയാല്‍ കര്‍ഷകനു ലാഭം തന്നെ.

പലവിധ കാരണങ്ങള്‍കൊണ്ടും കര്‍ഷകര്‍ സാധാരണ കടക്കെണിയിലാവുകയാണു പതിവ്. മക്കളുടെ പഠനത്തിനും കല്യാണത്തിനും വീടുപണിക്കുമൊക്കെ ബാങ്ക് വായ്പ എടുത്തിട്ടുണ്ടാവും. ഇതു മുടങ്ങിയാല്‍ സിബില്‍ റേറ്റിംങ്ങ് താഴും. അങ്ങനെ സിബില്‍ റേറ്റിംങ്ങ് താണ ഒരാള്‍ക്ക് പണം കടം കൊടുക്കാന്‍ ഒരു ബാങ്കും തയ്യാറാവില്ല.

കെ.ജി പ്രസാദ് 2011 -ല്‍ എസ്ബിഐയില്‍ നിന്ന് സ്വന്തം ആവശ്യത്തിനു വേണ്ടി 25000 രൂപ കടമെടുത്തിരുന്നു. അതാണ് കടക്കെണിയിലേയ്ക്കു നീങ്ങിയത്. കൃഷി ചെയ്തു കാശുണ്ടാക്കി കടം വീട്ടാമെന്നാകും പ്രസാദ് കണക്കുകൂട്ടിയിരുന്നത്. പക്ഷേ അതു നടന്നില്ല. ബാങ്ക് പിടിമുറുക്കി. അവസാനം 2020 -ല്‍ പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ പ്രസാദ് ബാങ്കിന്‍റെ കടം വീട്ടി.

എന്നാല്‍ ഇങ്ങനെ പലിശയെല്ലാം വെട്ടിക്കുറച്ച് കടത്തില്‍നിന്ന് ഒരാള്‍ മോചനം നേടിയാലും സിബില്‍ സ്കോറില്‍ നിന്ന് അയാള്‍ രക്ഷപെടില്ല. ഇങ്ങനെ തീര്‍ക്കുന്ന കടങ്ങള്‍ക്ക് 'സെറ്റില്‍ഡ്' എന്നാണ് ബാങ്ക് രേഖകളില്‍ കാണുക. ബാങ്കിന് പലിശയും പിഴപ്പലിശയുമെല്ലാം നഷ്ടമായ അക്കൗണ്ട് എന്നര്‍ത്ഥം.

ഇങ്ങനെയാണെങ്കില്‍ വായ്പ എടുത്തിരുന്ന ആളിന് സിബില്‍ റേറ്റിങ്ങ് ആനുകൂല്യം കിട്ടില്ല. അതിന്‍റെ പേരില്‍ റേറ്റിങ്ങ് പിന്നെയും കുറയുകയും ചെയ്യും.

ക്രേഡിറ്റ് കാര്‍‍ഡുകളുടെ കാര്യത്തിലും ഇതാണു സ്ഥിതി. തവണ മുടങ്ങിയാല്‍ വലിയ പലിശ ഈടാക്കും. മുടക്കം തുടര്‍ന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് മാനേജ്മെന്‍റ് പിടിമുറുക്കും. പല മാര്‍ഗങ്ങള്‍ ഉപയോഗിച്ചാകും ഇത്. സന്ദര്‍ഭത്തിനു വഴങ്ങി പലിശയും പിഴപ്പലിശയുമെല്ലാം ഒഴിവാക്കി ബാദ്ധ്യത മുഴുവന്‍ തീര്‍ക്കാന്‍ തയ്യാറായാല്‍ മാനേജ്മെന്‍റ് അതും സമ്മതിക്കും. പക്ഷേ 'സെറ്റില്‍ഡ്' എന്ന് ബന്ധപ്പെട്ട രേഖയില്‍ കാണും. അതോടെ സിബില്‍ റേറ്റിങ്ങ് കുത്തനെ താഴെ വീഴും.


സിബില്‍ റേറ്റിങ്ങ് തയ്യാറാക്കുന്നത് സ്വകാര്യ ഏജന്‍സിയായതിനാല്‍ ആര്‍ക്കും അതില്‍ ഒരു നിയന്ത്രണവുമില്ല


സര്‍ക്കാരിനു നെല്ലുവിറ്റ വകയില്‍ സപ്ലൈക്കോ നല്‍കുന്ന പി.ആര്‍.എസ് (പാഡി റെസീറ്റ് ഷീറ്റ്) പ്രസാദിന്‍റെ കയ്യിലുണ്ടായിരുന്നു. ഇതു ബാങ്കുകള്‍ അംഗീകരിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതം ആറു മാസം കഴിഞ്ഞേ അനുവദിക്കാറുള്ളു. അതുകൊണ്ടാണ് സപ്ലൈക്കോ പി.ആര്‍.എസ് സംവിധാനം കൊണ്ടുവന്നത്. 

പക്ഷേ പ്രസാദിന്‍റെ കാര്യത്തില്‍ പി.ആര്‍.എസ് രക്ഷയ്ക്കെത്തിയില്ല. പി.ആര്‍.എസ് കാണിച്ചിട്ടും പുതിയ വായ്പ നല്‍കാന്‍ ബാങ്ക് മാനേജര്‍ കൂട്ടാക്കിയില്ല. ഒരു കാര്‍ വാങ്ങാനോ, വീടു വയ്ക്കാനോ വ്യവസായം തുടങ്ങാനോ വായ്പ്പയ്ക്കു ചെല്ലുമ്പോള്‍ ആളുടെ സിബില്‍ റേറ്റിങ്ങ് ബാങ്കുദ്യോഗസ്ഥര്‍ പരിശോധിക്കുന്നതു മനസിലാക്കാം. എന്നാല്‍ ഒരു കര്‍ഷകന്‍ പാടത്തു കൃഷിയിറക്കാന്‍ സഹായം തേടി ബാങ്കിലെത്തുമ്പോള്‍ അയാളുടെ സിബില്‍ റേറ്റിങ്ങ് പരിശോധിക്കുന്നത്. ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.


പ്രസാദ് എസ്ബിഐയില്‍ നിന്നു മുമ്പെടുത്തിരുന്ന 25,000 രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടിയിലൂടെ പലിശയില്ലാതെ അടച്ചുതീര്‍ത്തത് അയാള്‍ക്കു പുതിയ വായ്പയെടുക്കാനുള്ള അര്‍ഹത നഷ്ടപ്പെടുത്തിയെങ്കില്‍ അതു കൊടും ക്രൂരത തന്നെയാണ്


ഇവിടെയാണ് സഹകരണ സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും പ്രാധാന്യം പ്രസക്തമാകുന്നത്. സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ക്ക് കാര്‍ഷിക വായ്പ നല്‍കിയാല്‍ കൂടുതല്‍ അധികാരവം സ്വാതന്ത്യവുമുണ്ടാകും. കരുവന്നൂര്‍, കുണ്ടല, പുല്‍പ്പള്ളി എന്നിങ്ങനെ വിവിധ സഹകരണ ബാങ്കുകളില്‍ ഇഡി അന്വേഷണം വലിയ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ സാധാരണക്കാരായ കര്‍ഷകനു തുണയായി നില്‍ക്കാന്‍ ശേഷിയുള്ളത് ഈ സ്ഥാപനങ്ങള്‍ തന്നെയാണെന്ന സത്യം ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.

ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. കര്‍ഷകന്‍റെ കണ്ണുനീര്‍ ഇനി പാടത്തു വീണുകൂടാ. വായ്പ കിട്ടാണ്ട് മനം നൊന്ത് ഒരു കര്‍ഷകനും കേരളത്തില്‍ ആത്മഹത്യ ചെയ്തുകൂടാ. ജനങ്ങള്‍ക്ക് അന്നം നല്‍കുന്ന കൈകളാണ് കര്‍ഷകന്‍റേത് എന്ന് എല്ലാവരും ഓര്‍ക്കണം.

Advertisment