കള്ളിന് 'സ്ഥാനകയറ്റം' നൽകിയ സർക്കാരിന്റെ പുതിയ മദ്യ നയം ടൂറിസം മേഖലയെ വളർത്തുമോ? കള്ള് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാനീയമാണെന്ന ധാരണ മാറട്ടെ. സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെത്തുന്ന സമ്പന്നരുടെയും വിദേശ ടൂറിസ്റ്റുകളുടെയും തീന്‍ മേശകളില്‍ കേരളത്തിന്റെ സ്വന്തം കള്ള് ആർഭാടമാകട്ടെ. കിട്ടട്ടെ, കള്ളിനും പുതിയൊരു പദവി! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്കും ടൂറിസം മേഖലകളിലെ റിസോര്‍ട്ടുകള്‍ക്കും ഇനി സ്വന്തം വളപ്പിലെ തെങ്ങ് ചെത്താം. കള്ളെടുത്ത് ടൂറിസ്റ്റുകള്‍ക്ക് വില്‍ക്കാം

New Update
toddy mb rajesh

കേരളത്തില്‍ എപ്പോഴും തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് മദ്യം. എന്നാലും മാറി മാറി വരുന്ന സര്‍ക്കാരുകളൊക്കെ മദ്യത്തില്‍ കയറി തൊടും. കുറെ തീയും പുകയും ഉയരും. പതിയെ എല്ലാം കെട്ടടങ്ങുകയും ചെയ്യും. പരിഷ്കാരങ്ങള്‍ തുടരും.

Advertisment

എക്സൈസ് മന്ത്രി എം.ബി രാജേഷ് പുതിയ മദ്യനയം രൂപീകരിച്ചിരിക്കുന്നത് കേരളത്തിന്‍റെ തനതു പാനീയമായ കള്ള് കേന്ദ്രീകരിച്ചാണ്. കള്ളിന് വലിയ സ്ഥാനക്കയറ്റം നല്‍കിയിരിക്കുകയാണ് മന്ത്രി രാജേഷ്. ബാറുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഇനി കള്ളു വില്‍ക്കാം.

ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്കും ടൂറിസം മേഖലകളിലെ റിസോര്‍ട്ടുകള്‍ക്കും ഇനി സ്വന്തം വളപ്പിലെ തെങ്ങ് ചെത്താം. കള്ളെടുത്ത് ടൂറിസ്റ്റുകള്‍ക്ക് വില്‍ക്കാം.

വരിവരിയായി നില്‍ക്കുന്ന തെങ്ങും രാവിലെ അതില്‍ കള്ളുചെത്താന്‍ കയറുന്ന തൊഴിലാളികളുമെല്ലാം പുതിയ ടൂറിസം വളര്‍ച്ചയ്ക്കു വിഷയങ്ങളുമാക്കാം. രാവിലെ ചെത്തിയെടുക്കുന്ന ഇളം കള്ളിന്‍റെ മധുരവും രുചിയും കുളിരുമെല്ലാം വിദേശികള്‍ക്കു മാത്രമല്ല, നാട്ടുകാര്‍ക്കും ഏറെ ഇഷ്ടപ്പെടും.

toddy

കള്ള് തെങ്ങില്‍ നിന്നും പനയില്‍ നിന്നും ചെത്തിയെടുക്കുന്ന പാനീയമാണ്. തികച്ചും ഓര്‍ഗാനിക് ആണ് അത്. സ്കോച്ച് വിസ്കിയായാലും റം ആയാലും ബ്രാണ്ടി അല്ലെങ്കില്‍ ഫ്രാന്‍സില്‍ ഉണ്ടാക്കുന്ന കോണ്യാക് ആയാലും അതൊക്കെയും സ്പിരിറ്റ് ആണ്. സ്പിരിറ്റിന്‍റെ വകഭേദങ്ങളാണ് ഓരോന്നും. സ്‍കോട്‍ലന്‍റിന്‍റെ പ്രത്യേകതയാണ് സ്കോച്ച് വിസ്കി. ആ നാട്ടിലെ ശുദ്ധജലമാണ് ഈ വിസ്കിയുടെ മഹിമ കൂട്ടുന്നത്.

ജപ്പാനില്‍ ചില പ്രാചീന കുടുംബങ്ങള്‍ അവരുടേതായ രീതിയില്‍ സ്പിരിറ്റ് ഉണ്ടാക്കി വിസ്കിയായും മറ്റ് ഇനങ്ങളായും വില്‍ക്കുന്നുണ്ട്. ഓരോന്നും സ്വന്തം ബ്രാന്‍റ് ആയിത്തന്നെയാണു വിപണനം നടത്തുന്നത്. വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. കുടുംബത്തിനു ലാഭം. നാടിനു വളര്‍ച്ച.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതുപോലെ വലിയ മുന്തിരി തോട്ടങ്ങള്‍ സ്വന്തമായുള്ളവര്‍ സ്വന്തം നിലയ്ക്ക് വൈനും ഉല്പാദിപ്പിക്കുന്നുണ്ട്. ചിലതൊക്കെ ലോകപ്രശസ്തമായ ബ്രാന്‍ഡുകളായി വളര്‍ന്നിരിക്കുന്നു. ഓരോന്നിനും വലിയ വിലയും. ചില ഇന്ത്യന്‍ വൈന്‍ ബ്രാന്‍റുകളും വളരുകയാണ്

വിസ്കികളുടെ കൂട്ടത്തില്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിക്കാണ് ഏറെ പ്രിയം. വലിയ വിലയും. അടുത്തകാലം വരെ സിംഗിള്‍ മാള്‍ട്ട് സ്കോച്ച് വിസ്കി സ്‍കോട്‍ലന്‍റിന്‍റെ കുത്തകയായിരുന്നു. കുറെ കാലമായി ഇന്ത്യയിലെ ചില മദ്യരാജാക്കന്മാര്‍ ഈ രംഗത്ത് ഉന്നതങ്ങള്‍ വെട്ടിപ്പിടിച്ചിരിക്കുന്നു.

പ്രായം അല്ലെങ്കില്‍ പഴക്കം ആണ് വിസ്കിയുടെ ഗുണമേന്മയും വിലയും നിര്‍ണയിക്കുന്നത്. 12 വര്‍ഷം, 18, 23 എന്നിങ്ങനെ പ്രായം കൂടുന്തോറും ഗുണവും വിലയും കൂടും.

അമൃത് ഡിസ്റ്റിലറീസിന്‍റെ 'ഗ്രീഡി ഏന്‍ജല്‍സ് - ചെയര്‍മാന്‍സ് റിസര്‍വ്' എന്ന 12 വര്‍ഷം പ്രായമുള്ള സിംഗിള്‍ മാള്‍ട്ട് വിസ്കി കുപ്പിക്ക് (750 എം.എല്‍) 74000 രൂപയാണു വില. ദീവാഴ്‌സ് എന്ന കമ്പനിയുടെ 25 വര്‍ഷം പഴക്കമുള്ള സിഗ്‌നേച്ചർ വിസ്കിക്ക് 27,500 രൂപയും.

ഇന്ത്യയിലെ വന്‍കിട മദ്യ നിര്‍മാതാക്കളുടെ മുന്‍നിരയിലെ മലയാളി സാന്നിദ്ധ്യമാണ് ടി. ജോണ്‍. അദ്ദേഹത്തിന്‍റെ തന്നെ പേരിലാണ് മദ്യ കമ്പനി. മകന്‍ പോള്‍ ജോണും ഇപ്പോള്‍ പിതാവിന്‍റെ ബിസിനസില്‍ ചേര്‍ന്നിരിക്കുന്നു. സ്വന്തം പേരില്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിയും പുറത്തിറക്കിയിരിക്കുന്നു - പോള്‍ ജോണ്‍ മിഥുന ! വില 750 എം.എല്‍ കുപ്പിക്ക് 25,000 രൂപ. ബംഗളൂരുവാണ് ടി. ജോണ്‍ കുടുംബത്തിന്‍റെയും കുടുംബ ബിസിനസിന്‍റെയും കേന്ദ്രം.

paul john

ബാറുകളും പബ്ബുകളുമായി ബംഗളൂരു ഐടി നഗരം വളരെ വേഗം വളരുന്ന കാര്യവും ശ്രദ്ധേയമാണ്. 1991 -ല്‍ കേരളം തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് ആരംഭിച്ച് ഐടി രംഗത്ത് ഇന്ത്യയില്‍ത്തന്നെ വന്‍ തുടക്കം കുറിച്ചതാണ്. എങ്കിലും വളരെ വൈകി ഐടി മേഖലയിലേയ്ക്കു കടന്നുവന്ന ബംഗളൂരു നഗരം ഇന്നു തിരുവനന്തപുരത്തേക്കാള്‍ വളരെയേറെ മുന്നിലാണ്. 

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് പോലെയുള്ള അനേകം ഐടി പാര്‍ക്കുകളാണ് ബംഗളൂരുവില്‍. അതും സ്വകാര്യ മേഖലയില്‍. ഇന്‍ഫോസിസ് പോലെയുള്ള വന്‍ ഐടി സ്ഥാപനങ്ങള്‍ അവിടെത്തന്നെ ജന്മമെടുത്തു വളര്‍ന്നു. ഗൂഗിള്‍, റോയിട്ടേഴ്സ്, മൈക്രോസോഫ്റ്റ് എന്നിങ്ങനെ ആഗോള ഭീമന്മാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ധാരാളം ചെറുപ്പക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. അധികവും മലയാളികള്‍.

ലോകത്ത് ഏതു കേന്ദ്രത്തിലേയ്ക്കുമുള്ള വിമാന സര്‍വീസുകള്‍ മുതല്‍ 'നൈറ്റ് ലൈഫ്' എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വൈകുന്നേരങ്ങളിലെ ഉല്ലാസ വേളകള്‍ക്കുള്ള സാഹചര്യം വരെ വിവിധ ഘടകങ്ങളാണ് ബംഗളൂരുവിനെ ഇന്ത്യയിലെ ഒന്നാമത്തെ ഐടി നഗരമായി വളര്‍ത്തിയത്. ഇത്തരം കാര്യങ്ങളിലൊന്നും തിരുവനന്തപുരത്തിന് ബംഗളൂരുവുമായി മത്സരിക്കാനാവില്ല തന്നെ.

ബംഗളൂരുവിലെ ആധുനിക പബ്ബുകളിലും ബാറുകളിലും ഹോട്ടലുകളിലും യുവാക്കള്‍ തിമിര്‍ത്താടുന്നതു പതിവു കാഴ്ച. ഐടി സമുച്ചയങ്ങള്‍ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലേയ്ക്കും വളര്‍ന്നുകൊണ്ടിരിക്കുന്നു. പിന്നാലെ ബാറുകളും പബ്ബുകളുമുണ്ട്.

2017 - ലാണ് നിസാന്‍ എന്ന ജാപ്പനീസ് കാര്‍ കമ്പനി തിരുവനന്തപുരത്തെത്തിയത്. ഇലക്ട്രിക് കാര്‍, ഡ്രൈവറില്ലാതെ ഓടുന്ന കാര്‍ എന്നിവ സംബന്ധിച്ച് ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങളുടെ ഏകോപനത്തിനു വേണ്ടിയുള്ള ഒരു ആഗോള കേന്ദ്രം തിരുവനന്തപുരത്തു സ്ഥാപിക്കുകയായിരുന്നു നിസാന്‍റെ ലക്ഷ്യം.

ആയിടയ്ക്കു നിസാന്‍ ഗവേഷണ സ്ഥാപനങ്ങളുടെ ചീഫ് ടെക്നോളജി ഓഫീസറായി (സി.ടി.ഒ) ചുമതലയേറ്റ മലയാളിയായ ടോണി തോമസ് മുന്‍കൈ എടുത്താണ് നിസാന്‍ കേന്ദ്രം തിരുവനന്തപുരത്തു തുടങ്ങിയത്. അതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചകളില്‍ ടോണി തോമസും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥരും മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനം ടോക്കിയോയിലേയ്ക്കു നേരിട്ടുള്ള വിമാന സര്‍വീസും നൈറ്റ് ലൈഫ് സാഹചര്യങ്ങളുമായിരുന്നു.

ഐടി പാര്‍ക്കുകളില്‍ ബാര്‍ ലൈസന്‍സ് കൊടുക്കാന്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും തീരുമാനം ഇനിയുമായിട്ടില്ല. ഐടി സ്ഥാപനങ്ങള്‍ ഉള്ള കേന്ദ്രങ്ങളില്‍ പബ്ബുകള്‍ അനുവദിക്കാനും തീരുമാനമായിട്ടില്ല.

kall

കാലം മാറുന്നതനുസരിച്ച് സര്‍ക്കാരിന്‍റെയും രാഷ്ട്രീയ കക്ഷികളുടെയും നയവും നിലപാടും മാറണം. സമൂഹത്തിന്‍റെ കാഴ്ചപ്പാടും മാറണം. സംസ്ഥാനം വളരുകയാണ്. ജനങ്ങളും സമൂഹമപ്പാടെയും വളരുകയാണ്. മദ്യം നിര്‍മിക്കാന്‍ തന്നെ അനുവദിക്കുമെന്ന പ്രഖ്യാപനം വലിയൊരു ചുവടുവയ്‌പുതന്നെ.

എം.ബി രാജേഷിന്‍റെ പുതിയ നയം കള്ള് കേന്ദ്രമാക്കിയുള്ളതാണ്. കള്ള് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാനീയമാണെന്ന ധാരണ മാറട്ടെ. സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെത്തുന്ന സമ്പന്നരുടെയും വിദേശ ടൂറിസ്റ്റുകളുടെയും തീന്‍ മേശകളില്‍ കള്ള് എത്തട്ടെ. കിട്ടട്ടെ, കള്ളിനും പുതിയൊരു പദവി.

Advertisment