Advertisment

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി കരുത്തുകാട്ടി. തെലങ്കാനയിലെ കോണ്ഗ്രസ് ജയത്തോടെ ദക്ഷിണേന്ത്യയിൽ നിന്നും ബിജെപിയെ തുരത്തി. എങ്കിലും തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസിന് മികച്ച നേതൃത്വമില്ല. പ്രവര്‍ത്തകരുമില്ല. 'ഇന്ത്യാ' മുന്നണിയുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്തിരിക്കുന്നു! എന്തുചെയ്യും കോണ്‍ഗ്രസ് ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update
congress bjp-2

നാലു സംസ്ഥാനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വരുമ്പോള്‍ ബിജെപിക്കു വന്‍ നേട്ടം. ഹിന്ദി മേഖലയിലെ ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ വിജയം നേടിയപ്പോള്‍ തെലങ്കാനയില്‍ ബിആര്‍എസിനെ തുരത്തി കോണ്‍ഗ്രസ് ആധിപത്യം നേടി.

Advertisment

നാലു സംസ്ഥാനങ്ങളില്‍ തെലങ്കാന മാത്രമാണ് കോണ്‍ഗ്രസിന് അല്‍പം ആശ്വാസം നല്‍കിയത്. ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയനുസരിച്ച് ബിജെപിക്ക് ദക്ഷിണേന്ത്യയിലൊരിടത്തും ഭരണമില്ല എന്ന വസ്തുതയും പ്രസക്തം. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്കു പിന്നാലേ തെലങ്കാനയും ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ കൈപ്പിടിയില്‍.

മാസങ്ങളായി മിസ്റ്റർ 56 ഇഞ്ചിന് ചൈനയ്ക്കെതിരെ മിണ്ടാട്ടമില്ലായിരുന്നു, ഇനി വിമർശനമാകാമെന്ന് രാഹുൽ ഗാന്ധി


ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുന്നു നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പു മുന്നില്‍ നില്‍ക്കെ മൂന്നു സംസ്ഥാനങ്ങളില്‍ നേടിയ വന്‍ വിജയം ബിജെപിയ്ക്കു മികച്ച നേട്ടമായി


കോണ്‍ഗ്രസിന്‍റെ പ്രാധാന പ്രശ്നം സംഘടനാപരമായ ദൗര്‍ബല്യം തന്നെയാണെന്നു മൂന്നു സംസ്ഥാനങ്ങളിലേറ്റ തിരിച്ചടി വിളിച്ചു പറയുന്നു. ഛത്തീസ്‌ഗഢിലും രാജസ്ഥാനിലും വലിയ നേട്ടം കൈവരിക്കുമെന്നും മധ്യപ്രദേശില്‍ വന്‍ തിരിച്ചുവരവു നടത്തുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. മാധ്യമ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പു നിരീക്ഷകരും എക്സിറ്റ് പോളുകളുമെല്ലാം ഇതുതന്നെ വിളിച്ചു പറഞ്ഞു. പക്ഷെ ഫലം മറിച്ചായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച വികാരപരമായ ആവേശത്തിരയിലാണ് കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണം കൊഴുപ്പിച്ചത്. പ്രചാരണത്തിന്‍റെ കൊഴുപ്പില്‍ പ്രതീക്ഷകള്‍ പൂത്തുലഞ്ഞപ്പോള്‍ കോണ്‍ഗ്രസ് 'ഇന്ത്യാ' മുന്നണിയെപ്പോലും മറന്നു.

സമാജ്‌വാദി പാര്‍ട്ടിക്കും ബിഎസ്‌പിക്കും ഇടതു കക്ഷികള്‍ക്കുമൊന്നും ഒരു വിലയും കല്‍പ്പിച്ചില്ല. നാലും സംസ്ഥാനങ്ങളും കൈപ്പിടിയിലൊതുക്കിയാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടി.

ഈ മനക്കണക്കാണ് ആകെ തെറ്റിപ്പോയത്. മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം ബിജെപിയില്‍ ഗ്രൂപ്പ് പോരാട്ടങ്ങളും പടലപ്പിണക്കങ്ങളും സജീവമായിരുന്നുവെങ്കിലും നരേന്ദ്രമോദി എന്ന നേതാവിന്‍റെ പ്രഭാവലയത്തില്‍ എല്ലാം അപ്രസക്തമായി. മോദി എന്ന ഒരേയൊരു നേതാവില്‍ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം മുഴുവന്‍.

d


ശിവരാജ് സിങ്ങ് ചൗഹാന്‍, വസുന്ധര രാജെ തുടങ്ങിയ തലയെടുപ്പുള്ള ബിജെപി നേതാക്കളെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ നടത്തിയ പ്രചാരണം മുറുകി


മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍റെയോ സംസ്ഥാന പ്രസിഡന്‍റിന്‍റെയോ ചിത്രമോ പേരോ വെയ്ക്കാതെ മോദി, അമിത്ഷാ, എന്‍.പി നദ്ദ എന്നിവരുടെ ചിത്രങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു മധ്യപ്രദേശില്‍ ബിജെപിയുടെ പ്രചാരണം. സംസ്ഥാനങ്ങളില്‍ ആരു മുഖ്യമന്ത്രിയാകണമെന്നു തീരുമാനിക്കുന്നതും ഈ മൂന്നംഗ നേതൃത്വമായിരിക്കും.

ആ നേതൃത്വത്തിന് അതിനുള്ള കരുത്തുണ്ടെന്നര്‍ത്ഥം. കോണ്‍ഗ്രസിന് ഇല്ലാതെ പോയതും അതുതന്നെ. കരുത്തുള്ള ഒരു രാഷ്ട്രീയ നേതാവിന്‍റെ രൂപവും ഭാവവും ആര്‍ജിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഇനിയുമായിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ആദ്യത്തെ മൂന്നു പേര്‍ ഒരമ്മയും രണ്ടു മക്കളുമാണ്. മലയാളിയായ കെസി വേണുഗോപാല്‍ നാലാമത്തെയാളും.

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍കൊണ്ട് പ്രമുഖരായ ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയി. മധ്യപ്രദേശില്‍ കമല്‍നാഥിനോടു കലഹിച്ചു പാര്‍ട്ടി വിട്ട ജോതിരാദിത്യ സിന്ധ്യ ഇന്നു ബിജെപി നേതാവാണ്. കേന്ദ്ര മന്ത്രിയും.


ജോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തോടൊപ്പം നിന്ന കോണ്‍ഗ്രസുകാരുമൊക്കെയാണ് ഇന്നിപ്പോള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ വെട്ടിവീഴ്ത്തിയത്


ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുമായി കൂടിക്കാഴ്ച നടത്തി

ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിങ്ങനെ എത്രയോ പ്രഗത്ഭരായ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയി. ഇവരൊക്കെയും പോയത് പാര്‍ട്ടി നേതൃത്വത്തില്‍ കടന്നുകയറിക്കൂടിയ അനര്‍ഹരായ ചില നേതാക്കളെ പേടിച്ചാണ്. ആര്‍എസ്എസിന്‍റെ പൂര്‍ണ പിന്തുണയോടെ ബിജെപി തന്ത്രങ്ങള്‍ മെനയുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും വേണ്ടാത്ത ചില നേതാക്കള്‍ക്കു കീഴില്‍.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തുടര്‍ന്നു വന്നിരുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ പോലും നേതൃത്വത്തിനായില്ല. ഫലമോ, രാജസ്ഥാനും കൈവിട്ടുപോയി.

ഈ നേതൃത്വത്തിന് എങ്ങനെ കോണ്‍ഗ്രസിനെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നയിക്കാനാകും ? തെരഞ്ഞെടുപ്പു ഗോദയിലിറങ്ങുന്ന ബിജെപിയുടെ തലപ്പത്ത് നരേന്ദ്ര മോദിയുണ്ട് നേതാവായി. രാജ്യത്തെങ്ങും വേരോട്ടമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബൂത്ത് തോറും പ്രവര്‍ത്തിക്കാനുണ്ട്.

കോണ്‍ഗ്രസിന് മികച്ച നേതൃത്വമില്ല. പ്രവര്‍ത്തകരുമില്ല. 'ഇന്ത്യാ' മുന്നണിയുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്തിരിക്കുന്നു. എന്തുചെയ്യും കോണ്‍ഗ്രസ് ?

Advertisment