Advertisment

വികൃത മനസുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്താലുണ്ടാകുന്ന ദുരന്തമാണ് സിനിമാ റിവ്യൂവിലൂടെ സംഭവിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സിനിമാ വ്യവസായം തകര്‍ന്നാലും വേണ്ടില്ല, തങ്ങള്‍ക്കു ലക്ഷങ്ങള്‍ കിട്ടണമെന്ന നീച മന:സ്ഥിതിയാണ് യൂട്യൂബർമാർക്ക്. സമൂഹം ജാഗ്രതയോടെ കാണേണ്ട വിഷയം തന്നെയാണിത്. അഭിപ്രായ സ്വാതന്ത്ര്യം അതിരുകടക്കുന്നുവോ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update
H

സ്വതന്ത്ര ഇന്ത്യയില്‍ ഒരു പൗരന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ അവകാശം സ്വന്തം അഭിപ്രായം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം തന്നെയാണ്. ഭരണഘടനയുടെ 19(1) (എ) വകുപ്പ് അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണത്.

Advertisment

മാധ്യമ പ്രവര്‍ത്തനത്തിന്‍റെ നിലനില്‍പ്പിനുള്ള അടിസ്ഥാനവും ഭരണഘടനയുടെ ഈ വകുപ്പു തന്നെ. അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കും ഉറപ്പുനല്‍കുന്ന ഈ വകുപ്പിന് ശക്തിയും വ്യാപ്തിയും ഏറെ.

ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്കാണ് ഈ ഉറപ്പുനല്‍കുന്നതെങ്കിലും മാധ്യമ സ്ഥാപനങ്ങളുടെ നിലനില്‍പ്പും ഈ വകുപ്പിന്മേല്‍ത്തന്നെയാണ്. വ്യക്തിയോ വ്യക്തികള്‍ ചേര്‍ന്നോ ആണ് മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്നത്. ഭരണഘടന ഉറപ്പവരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യമനുസരിച്ച് നാട്ടുകാരേ സ്വന്തം അഭിപ്രായം അറിയിക്കാന്‍ മാധ്യമ സ്ഥാപനം നടത്താം എന്നതാണ് അതിനു നല്‍കാവുന്ന വ്യാഖ്യാനം.

പണ്ഡിതനും പാമരനും പണക്കാരനും പാവപ്പെട്ടവനും എല്ലാ ജാതിക്കാര്‍ക്കും എല്ലാ ഭാഷക്കാര്‍ക്കും എല്ലാ പ്രായക്കാര്‍ക്കും ഈ അവകാശമുണ്ട്. വളരെ സദുദ്ദേശത്തോടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ കൊണ്ടുവന്ന ഈ വകുപ്പ് ദുരുപയോഗം ചെയ്താലോ ? ദുഷ്ടലക്ഷ്യത്തോടെ സ്വന്തം ലാഭം നോക്കി സാമൂഹ്യമാധ്യമങ്ങളില്‍ വേട്ടയ്ക്കിറങ്ങുന്നവരെ ഇപ്പോഴിതാ ഹൈക്കോടതി കുരുക്കിലാക്കിയിരിക്കുന്നു. പോലീസ് ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയുമായി രംഗത്തിറങ്ങിയിരിക്കുന്നു. മാധ്യമങ്ങള്‍ ഉത്സാഹത്തോടെ ഇവര്‍ക്കെതിരെ തിരിയുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴും സിനിമയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ദോഷകരമായ നിരൂപണം നടത്തുന്ന യൂട്യൂബര്‍മാരുടെ നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിക്കുന്നത്.

ഒരു സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയാലുടന്‍ തന്നെ യൂട്യൂബര്‍മാര്‍ രംഗത്തിറങ്ങും. സിനിമ തീരെ കൊള്ളില്ലെന്ന് കാര്യകാരണങ്ങള്‍ ഉണ്ടാക്കി അക്കമിട്ടു വിശദീകരിച്ച് നിരൂപണം നടത്തി വീഡിയോ പുറത്തുവിടും. പുതിയ സിനിമകളുടെ ആദ്യഷോ കഴിയുമ്പോഴേയ്ക്ക് ഇത്തരം റിവ്യൂ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കും.

ഇതിന്‍റെ പിന്നില്‍ വലിയ സമ്മര്‍ദങ്ങളും ഭീഷണികളുമുണ്ടെന്നാണ് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നത്. നല്ല റിവ്യൂ വേണമെങ്കില്‍ പണം കൊടുക്കണം. അതും ലക്ഷങ്ങള്‍. പണം ചോദിച്ച് യൂട്യൂബറുടെ ഏജന്‍റുമാരെത്തും. ഇത്തരക്കാര്‍ക്കു പണം കൊടുത്തില്ലെങ്കില്‍ ഫലം ഗുരുതരമായിരിക്കും. സിനിമയ്ക്കെതിരെ റിവ്യൂ വരും. കാണാന്‍ തീരെ കൊള്ളില്ലെന്നു വിധിയെഴുതും. പ്രചരിപ്പിക്കും.

എന്താണ് ഇത്തരം യൂട്യൂബര്‍മാരുടെ യോഗ്യത? യോഗ്യതയൊന്നുമില്ലെന്നതാണു വസ്തുത. ഇക്കൂട്ടര്‍ സിനിമാരംഗത്ത് അതികായന്മാരായി വളര്‍ന്നിരിക്കുന്നു. കോടികള്‍ മുടക്കി സിനിമയെടുക്കുന്നവരെ കുത്തുപാളയെടുപ്പിക്കുന്ന നിലവരെയെത്തിയിരിക്കുന്നു യൂട്യൂബര്‍മാരുടെ കളികള്‍.

സിനിമകളെ തകര്‍ക്കുന്ന തരത്തില്‍ നിരൂപണം നടത്തുന്നതിനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് 'ആരോമലിന്‍റെ ആദ്യ പ്രണയം' എന്ന സിനിമയുടെ സംവിധായകന്‍ മുബിന്‍ റൗഫ് നല്‍കിയ പരാതി പരിഗണിച്ചാണ് ഹൈക്കോടതി യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നത്.

ഇത്തരം നിരൂപണങ്ങള്‍ അധികവും വ്യാജ വിലാസങ്ങളിലാണു വരുന്നതെന്ന് ഇതുസംബന്ധിച്ച് ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാതാക്കളെയും സംവിധായകരെയുമൊക്കെ ഭീഷണിപ്പെടുത്തി കൈക്കലാക്കുന്ന പണം ബിനാമി അക്കൗണ്ടുകളിലേയ്ക്കാണു ചെല്ലുന്നതെന്നും പോലീസ് പറയുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഇത്തരം നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പോലീസിനു നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇങ്ങനെ എറണാകുളത്ത് ഒമ്പതു പേര്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 'റാഹേല്‍ മകന്‍ കോര' എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണു കേസ്. സിനിമയെപ്പറ്റി ആഴത്തില്‍ പഠിച്ച് സിനിമാസ്വാദനത്തിന്‍റെ എല്ലാ തലങ്ങളും നേരിട്ടു മനസിലാക്കി ഇരുത്തം വന്ന പ്രഗത്ഭരാണ് ഇതുവരെ സിനിമാ നിരൂപണം നടത്തിക്കൊണ്ടിരുന്നത്. 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ കോഴിക്കോടനെ പോലെയുള്ള നിരൂപകര്‍ ഉദാഹരണം.

അവരുടെ സ്ഥാനത്താണ് സാമൂഹ്യ മാധ്യമങ്ങളുടെ തോളില്‍ കയറി നിന്ന് സിനിമയേപ്പറ്റി എട്ടും പൊട്ടുമറിയാത്ത ഏഴാംകൂലികള്‍ സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഈ നീചപ്രവര്‍ത്തനത്തിനെതിരെ കേരള ഹൈക്കോടതിയും പോലീസും മാധ്യമങ്ങളും ഉത്സാഹത്തോടെ മുന്നോട്ടു വന്നിരിക്കുന്നുവെന്നത് വലിയ കാര്യം തന്നെ. വികൃത മനസുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്താലുണ്ടാകുന്ന ദുരന്തമാണ് ഇവിടെ നാം കാണുന്നത്. ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സിനിമാ വ്യവസായം തകര്‍ന്നാലും വേണ്ടില്ല, തങ്ങള്‍ക്കു ലക്ഷങ്ങള്‍ കിട്ടണമെന്ന നീച മന:സ്ഥിതിയാണ് ഇക്കൂട്ടര്‍ക്ക്. സമൂഹം ജാഗ്രതയോടെ കാണേണ്ട വിഷയം തന്നെയാണിത്.

Advertisment