Advertisment

ഉമ്മന്‍ ചാണ്ടി ഇല്ലാത്ത പുതുപ്പള്ളിയിലെ പോരാട്ടം രണ്ടു മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ‍ഞ്ചായത്തുകളുടെ ഭരണം നോക്കിയാല്‍ ഇടതുപക്ഷത്തിന് നല്ല അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളി. പക്ഷെ, വ്യക്തിത്വം കൊണ്ടും ജനകീയ മുഖം കൊണ്ടും1970 മുതല്‍ മണ്ഡലം ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമാണ്. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും ലിജിന്‍ ലാലും രം​ഗത്തിറങ്ങുമ്പോൾ പുതുപ്പള്ളിയിൽ അത്ഭുതങ്ങൾ സംഭവിച്ചേക്കാം! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

chandy oommen oommen chandy jaik c thomas

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനേപ്പറ്റി കത്തോലിക്കാ സഭയിലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞതാണു ശരി. വികാരപരമായല്ല, തികച്ചും രാഷ്ട്രീയമായൊരു മത്സരം തന്നെയാകും അവിടെയെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്.

Advertisment

കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള ജനങ്ങള്‍ക്ക് രാഷ്ട്രീയമായി ചിന്തിക്കാനും വോട്ടു രേഖപ്പെടുത്താനും കഴിവുണ്ടെന്നും ആലഞ്ചേരിപ്പിതാവു പറഞ്ഞുവെച്ചു.

അഞ്ചു പതിറ്റാണ്ടിലേറെക്കാലം, നീണ്ട 53 വര്‍ഷം, പുതുപ്പള്ളിയെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനേ തുടര്‍ന്നുണ്ടായ ഒഴിവില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സ്ഥാനാര്‍ഥിയായിരിക്കുന്നത് അദ്ദേഹത്തിന്‍റെ മകന്‍ ചാണ്ടി ഉമ്മന്‍ തന്നെയാണെന്നത് ഈ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ഏതു പ്രതിസന്ധിയിലും അര നൂറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസിനോടൊപ്പം നിന്ന പുതുപ്പള്ളി മണ്ഡലം എങ്ങനെയും നിലനിര്‍ത്തുക കോണ്‍ഗ്രസിന്‍റെ ആവശ്യം തന്നെയാണ്

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാവട്ടെ, പതിവുപോലെ സമദൂര സിദ്ധാന്തം പ്രഖ്യാപിച്ചിരിക്കുന്നു. സമദൂരമെന്നാല്‍ മുന്നണികളില്‍ നിന്നെല്ലാം തുല്യദൂരം പാലിക്കുക എന്നതു തന്നെ. പക്ഷെ, ഇതില്‍ ജനറല്‍ സെക്രട്ടറിയുടെ സ്വന്തം മനോഹിതവും ഒരു പ്രധാന ഘടകം തന്നെയാണ്.

തെരഞ്ഞെടുപ്പു ഫലം കഴിഞ്ഞും സുകുമാരന്‍ നായര്‍ ഒരു പ്രസ്താവന നടത്തും. സമുദായാംഗങ്ങള്‍ കൃത്യമായ സമദൂരം പാലിച്ചോ എന്നതു സംബന്ധിച്ച്. താന്‍ മനസില്‍ കുറിച്ചുവെച്ച മുന്നണിയോ പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ആണു വിജയിക്കുന്നതെങ്കില്‍ അദ്ദേഹം പറയും സമുദായാംഗങ്ങള്‍ സമദൂരത്തില്‍ ശരിദൂരം കണ്ടുവെന്ന്.

കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്കൊക്കെയും രാഷ്ട്രീയമുള്ളതുപോലെ നായര്‍ സമുദായത്തിനും രാഷ്ട്രീയവും രാഷ്ട്രീയ ചിന്തയുമുണ്ടെന്നത് വലിയൊരു സത്യം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനും സിപിഎം സ്ഥാനാര്‍ഥിയായി ജെയ്ക് സി തോമസും ബിജെപി സ്ഥാനാര്‍ഥിയായി ലിജിന്‍ ലാലും രംഗത്തിറങ്ങിയതോടെ പുതുപ്പള്ളിയില്‍ ലക്ഷണമൊത്തൊരു രാഷ്ട്രീയ പോരാട്ടത്തിനു കളമൊരുങ്ങിക്കഴിഞ്ഞു.

കേരളത്തില്‍ പൊതുവെ എന്നപോലെ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ നേരിട്ടു നടക്കുന്ന മത്സരം. ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു ഗോപുരങ്ങള്‍ കണക്കെ പുതുപ്പള്ളിയില്‍ തലയെടുത്തു നില്‍ക്കുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും ഇടയില്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും.

കുടുംബ വാഴ്ച എന്നൊക്കെ ആക്ഷേപമുയരുമെങ്കിലും കോണ്‍ഗ്രസില്‍ പുതുപ്പളളിക്ക് എന്തുകൊണ്ടും അവകാശം ചാണ്ടി ഉമ്മനു തന്നെ. രാഷ്ട്രീയത്തിനപ്പുറത്ത് അല്‍പ്പം വികാരവായ്പിന്‍റെ കാര്യം കൂടി ആലോചിച്ചാല്‍ അത് ഒന്നുകൂടി ഉറപ്പിക്കാം.

തൃക്കാക്കരയില്‍ പിടി തോമസിന്‍റെ വേര്‍പാടിനെതുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഉമാ തോമസിനു സീറ്റു നല്‍കാന്‍ കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനം പോലെ ഇതും.

പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നര്‍ത്ഥം.

പ‍ഞ്ചായത്തുകളുടെ ഭരണം നോക്കിയാല്‍ ഇടതുപക്ഷത്തിന് നല്ല അടിത്തറയുള്ള മണ്ഡലം തന്നെയാണ് പുതുപ്പള്ളി

അകലക്കുന്നം, അയര്‍ക്കുന്നം, മീനടം, മണര്‍കാട്, കൂരോപ്പട, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നീ എട്ടു പഞ്ചായത്തുകളില്‍ ആറു പഞ്ചായത്തും ഇടതുമുന്നണിക്കൊപ്പമാണ്. സിപിഎമ്മിന്‍റെ ഒരു ശക്തികേന്ദ്രമാണ് ഈ പ്രദേശങ്ങളെല്ലാംകൂടി എന്നു പറയാം.

സിപിഎമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രധാന കേന്ദ്രമാണ് 1970 മുതല്‍ ഉമ്മന്‍ ചാണ്ടി പിടിച്ചടക്കിവെച്ചിരുന്നതെന്നര്‍ത്ഥം. അതാവട്ടെ, സ്വന്തം വ്യക്തിത്വം കൊണ്ടും ജനകീയ മുഖം കൊണ്ടും എപ്പോഴും ജനങ്ങളോടൊപ്പം നില്‍ക്കാനുള്ള ഉത്സാഹം കൊണ്ടും.

ഉമ്മന്‍ ചാണ്ടി ഇല്ലാത്ത പുതുപ്പള്ളിയിലെ പോരാട്ടത്തിന്‍റെ സവിശേഷതകള്‍ തന്നെയാണ് ഇവിടുത്തെ തെരഞ്ഞെടുപ്പു വിശേഷങ്ങള്‍. അതുകൊണ്ടുതന്നെ, രണ്ടു മുന്നണികള്‍ക്കും പുതുപ്പള്ളി വെല്ലുവിളി ഉയര്‍ത്തുന്നു. നേരിടുന്നത് ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും. ത്രികോണ മത്സരത്തിനു കളമൊരുക്കുന്ന ലിജിന്‍ ലാലിനും ഈ മത്സരത്തില്‍ ഒരു പങ്കുണ്ട്.

Advertisment