ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപകർക്ക് 31 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം

New Update
kaladi university

കാലടി : സംസ്കൃത ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി കേന്ദ്ര വിദ്യാദ്യാസ മന്ത്രാലയം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് ഏഴ് ഗവേഷണ പദ്ധതികൾ അനുവദിച്ച് ഉത്തരവായതായി സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാലയിലെ അഞ്ച് സംസ്കൃതം അധ്യാപകർക്ക് അഞ്ച് വിവിധ ഗവേഷണ പദ്ധതികളിലായി 31 ലക്ഷം രൂപയുടെ ധനസഹായമാണ്  അനുവദിച്ചിരിക്കുന്നത്. 

Advertisment

ന്യൂഡൽഹിയിലെ സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി മുഖേന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 - 2026 വർഷത്തെ അഷ്ടാദശി പദ്ധതിക്ക് കീഴിലാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് അഞ്ച് ഗവേഷണ പദ്ധതികൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. പ്രഗത്ഭരായ സംസ്കൃത പണ്ഡിതരുടെ സേവനം സർവ്വകലാശാലകൾക്ക് പ്രയോജനപ്രദമാക്കുന്നതിനുള്ള ശാസ്ത്രചൂഢാമണി  പദ്ധതിയിൽ സർവ്വകലാശാലയിൽ നിന്നും വിരമിച്ച രണ്ട് സംസ്കൃതം പ്രൊഫസർമാർ സമർപ്പിച്ച പദ്ധതികൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

കാലടി മുഖ്യ കേന്ദ്രത്തിലെ ഡോ. കെ. എം. സംഗമേശൻ (സംസ്കൃതം സാഹിത്യം), ഡോ. ലിഷ സി. ആർ. (സംസ്കൃതം ജനറൽ), ഡോ. ശിവജ എസ്. നായർ (സംസ്കൃതം ജനറൽ), ഡോ. ആതിര ജാതവേദൻ (സംസ്കൃതം ജനറൽ), തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ഡോ. കെ. അബ്ദുൾ റഷീദ് (സംസ്കൃതം വ്യാകരണം) എന്നീ അധ്യാപകർക്കാണ് അഷ്ടാദശി പദ്ധതി പ്രകാരം വിവിധ ഗവേഷണ പദ്ധതികൾക്ക് കേന്ദ്ര ധനസഹായം ലഭിച്ചത്. സർവ്വകലാശാലയിൽ നിന്നും വിരമിച്ച സംസ്കൃത പണ്ഡിതരായ പ്രൊഫ. വി. രാമകൃഷ്ണ ഭട്ട് (സംസ്കൃതം ന്യായം), പ്രൊഫ. വി. ആർ. മുരളീധരൻ (സംസ്കൃതം സാഹിത്യം) എന്നിവർ സമർപ്പിച്ച ഗവേഷണ പദ്ധതികൾക്ക് ശാസ്ത്രചൂഢാമണി പദ്ധതിയിലൂടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

കാലടി മുഖ്യ കേന്ദ്രത്തിലെ സംസ്കൃതം ജനറൽ വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർമാരായ ഡോ. ലിഷ സി. ആർ., ഡോ. ശിവജ എസ്. നായർ എന്നിവർക്ക്  സമകാലിക സാഹിത്യം, വിജ്ഞാനശാഖ വിവർത്തനം എന്നീ രണ്ട് ഗവേഷണ പദ്ധതികളിലായാണ് 15 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചത്. സമകാലിക സാഹിത്യ വിഭാഗത്തിൽ 'സമകാലിക സംസ്കൃത സാഹിത്യം: സാമൂഹിക - വിദ്യാഭ്യാസ - സംസ്കാരിക പ്രതിഫലനം',  വിജ്ഞാനശാഖ വിവർത്തനം വിഭാഗത്തിൽ 'കേരളോദയ വ്യാഖ്യാനത്തിൻറെയും വിശകലനത്തിൻറെയും വിവർത്തനത്തിനായുള്ള ഡിജിറ്റൽ പഠനോപകരണ കിറ്റ്' എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതിനാണ് യഥാക്രമം പത്ത് ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങനെ ഡോ. ലിഷ സി. ആർ., ഡോ. ശിവജ എസ്. നായർ എന്നിവർ സംയുക്തമായി സമർപ്പിച്ച ഗവേഷണ പദ്ധതികൾക്ക് ധനസഹായം ലഭിച്ചിരിക്കുന്നത്.

കാലടി മുഖ്യ കേന്ദ്രത്തിലെ സംസ്കൃതം സാഹിത്യ വിഭാഗം പ്രൊഫസർ ഡോ. കെ. എം. സംഗമേശന് താളിയോലകളുടെ എഡിറ്റിംഗും പ്രസാധനവും വിഭാഗത്തിലാണ് ഒൻപത് ലക്ഷം രൂപയുടെ ഗവേഷണ പദ്ധതിയ്ക്ക് ധനസഹായം ലഭിച്ചത്. 'പ്രയോഗ മഞ്ജരിയെ കുറിച്ചുള്ള പ്രദ്യോത വ്യാഖ്യാനത്തിൻറെ വിമർശനാത്മക പഠനം' എന്നതാണ് ഗവേഷണ വിഷയം. സംസ്കൃതത്തെ ആധുനിക വിഷയങ്ങളുമായി സംയോജിപ്പിക്കുന്ന വിഷയത്തിൽ കാലടി മുഖ്യ കേന്ദ്രത്തിലെ സംസ്കൃതം ജനറൽ വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. ആതിര ജാതവേദൻ ആറ് ലക്ഷം രൂപയുടെ ധനസഹായം നേടി. 'ഹസ്തലക്ഷണദീപിക: കേരളത്തിൻറെ പാരമ്പര്യ കലാരൂപമായ കഥകളിയെ ആസ്പദമാക്കിയുള്ള  പഠനവും വ്യാഖ്യാനവും' എന്നതാണ് ഗവേഷണ വിഷയം.

‘വൊക്കേഷണൽ ട്രെയ്നിംഗ് ഫോർ സാൻസ്ക്രിറ്റ് പ്രമോഷൻ’ വിഭാഗത്തിൽ തിരൂർ പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃതം വ്യാകരണം വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. കെ. അബ്ദുൾ റഷീദിന് ഒരു ലക്ഷം രൂപയുടെ ഗവേഷണ പദ്ധതിയ്ക്കാണ് ധനസഹായം ലഭിച്ചത്. വിവിധ ഗവേഷണ പദ്ധതികൾക്ക് കേന്ദ്ര ധനസഹായം നേടിയ അധ്യാപകരെ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരിയും രജിസ്ട്രാറും സംസ്ഥാനത്തെ സംസ്കൃത പ്രചാരണ പദ്ധതിയുടെ നോഡൽ ഓഫീസറുമായ  ഡോ. മോത്തി ജോർജ്ജും അഭിനന്ദിച്ചു.

Advertisment