കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ 2025-26 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി. എഫ്. എ.) പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാല് വർഷമാണ് കോഴ്സിന്റെ കാലാവധി. പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ.
പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന ബി. എഫ്. എ. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുളള പരമാവധി പ്രായം 2025 ജൂൺ ഒന്നിന് 22 വയസ്സാണ്.
അഭിരുചി നിർണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.