കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിനെ പൈതൃക ടൂറിസം ക്യാമ്പസാക്കി മാറ്റുന്നതിനുളള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. സർവ്വകലാശാലയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ സമരത്തോടനുബന്ധിച്ച് വിദ്യാർത്ഥി പ്രാതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് കാലടി മുഖ്യ ക്യാമ്പസിലുളള സിൻഡിക്കേറ്റ് ഹാളിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവ്വകലാശാലയിലെ തീയറ്റർ, ഫൈൻ ആർട്സ്, സംഗീതം, ഡാൻസ് വകുപ്പുകളെ ഏകോപിപ്പിച്ചാണ് പൈതൃക ടൂറിസം ക്യാമ്പസ് പദ്ധതി നടപ്പിലാക്കുക. കുറഞ്ഞത് മൂന്ന് മേഖലകളിൽ വിദ്യാർത്ഥികളെ വിദഗ്ധരാക്കുന്ന വിധം നൂതനമായ നൈപുണ്യ വികസന കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പിലാക്കും. അസാപ്പ്, നോളജ് മിഷൻ എന്നിവയുമായി ചേർന്ന് ഹ്വസ്വകാല കോഴ്സുകൾ തുടങ്ങും. വിദ്യാർത്ഥി സൗഹൃദ ക്യാമ്പസാണ് സർവ്വകലാശാലയുടെ ലക്ഷ്യം. ക്യാമ്പസിലെയും ഹോസ്റ്റലിലെയും അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തതകളും പരിഹരിക്കും. സർവ്വകലാശാലയിലെ പി. ടി. എ. ശക്തിപ്പെടുത്തും. ഹോസ്റ്റലുകളിലെ റീഡിംഗ് റൂം വിപുലപ്പെടുത്തും. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചു, അഡ്വ. കെ. എസ്. അരുൺകുമാർ പറഞ്ഞു.
യു ജി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സമയം രാത്രി 7.30 വരെ ആയിരിക്കും. എന്നാൽ പുറത്ത് പോകേണ്ട അവശ്യ സാഹചര്യം ഉണ്ടെങ്കിൽ രാത്രി 9.30 വരെ മൂവ്മെന്റ് രജിസ്റ്ററിൽ പേര് രേഖപ്പെടുത്തി പുറത്ത് പോകാൻ അനുമതി നൽകാൻ തീരുമാനിച്ചു. പി ജി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സമയം രാത്രി 9.30 വരെ ആയിരിക്കും. എന്നാൽ ക്യാമ്പസിൽ നടക്കുന്ന വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് അനുമതിയോട് കൂടി കൂടുതൽ സമയം അനുവദിക്കുന്നതാണ്. ഗവേഷകർക്ക് രാത്രി 11ന് ശേഷവും റീഡിംഗ് റൂം ഉപയോഗിക്കാവുന്നതാണ്.
രാത്രി 11ന് ശേഷം ഹോസ്റ്റലിന്റെയും റീഡിംഗ് റൂമിന്റെയും രജിസ്റ്ററിൽ പേര് രേഖപ്പെടുത്തേണ്ടതാണ്. മെഡിക്കൽ ആവശ്യങ്ങൾ, പാർട്ട് ടൈം ജോലി, മറ്റ് അടിയന്തിര ആവശ്യങ്ങൾ എന്നീ സാഹചര്യങ്ങളിൽ പ്രത്യേക അനുമതിയോടെ പുറത്ത് പോകാവുന്നതാണ്. സർവ്വകലാശാലയുടെ മുഖ്യ കവാടം രാത്രി 11ന് അടയ്ക്കുന്നതായിരിക്കും. വർദ്ധിപ്പിച്ച ഹോസ്റ്റൽ ഫീസിൽ ഇളവ് വരുത്തി പുതുക്കി നിശ്ചയിക്കുവാൻ തീരുമാനിച്ചു.
ഇതുപ്രകാരം ഹോസ്റ്റൽ മുറി വാടക 125/-രൂപയും ഗവേഷകരുടെ മുറി വാടക 250/-രൂപയും അപേക്ഷ ഫീസ് 50/-രൂപയും ഗസ്റ്റ് ഫീസ് 100/-രൂപയുമായിരിക്കും. നിലവിൽ ഉയർന്ന നിരക്കിൽ ഹോസ്റ്റൽ ഫീസ് അടച്ച വിദ്യാർത്ഥികൾക്ക് വരും മാസങ്ങളിലെ ഫീസിൽ അഡ്‌ജസ്റ്റ് ചെയ്യാൻ അനുമതി നൽകുന്നതാണ്. ഗവേഷകരുടെ വിഷയങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യുന്നതിന് ജൂലൈ 23ന് പ്രത്യേക യോഗം ചേരാനും ചർച്ചയിൽ തീരുമാനമായതായി അഡ്വ. കെ. എസ്. അരുൺകുമാർ പറഞ്ഞു. പത്രസമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വി. ലിസി മാത്യു, ഡോ. എം. സത്യൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് എന്നിവർ പങ്കെടുത്തു.