കാലടി: ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻ സി സി) നേതൃത്വത്തിൽ നാഷണൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. കാലടി പ്രദേശത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചും ഡോക്ടർമാരെ ആദരിച്ചുമാണ് എൻ സി സി കേഡറ്റുകൾ ഡോക്ടേഴ്സ് ഡേ ആചരിച്ചത്.
സർവ്വകലാശാല കാമ്പസിലെ ഹെൽത്ത് സെന്റർ, കാലടി മെഡിക്കൽ സെന്റർ, പി. എം. എം. ഹോസ്പിറ്റൽ, ഗവഃ ഹോമിയോ ക്ലിനിക്, ഗവ. ഹോസ്പിറ്റൽ, മറ്റൂർ എന്നീ ആരോഗ്രകേന്ദ്രങ്ങളിലെ ഡോക്ടർമാരെ എൻ സി സി കേഡറ്റുകൾ സന്ദർശിച്ച്, പൂക്കളും ആശംസ കാർഡുകളും നൽകി ആദരിച്ചു. "രാപ്പകൽ വ്യത്യാസമില്ലാതെ ജീവൻ രക്ഷിക്കാനുളള അവരുടെ സേവന സന്നദ്ധത ഈ കർമ്മ മേഖലയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നു” എന്ന സന്ദേശവുമായാണ് കേഡറ്റുകൾ സന്ദർശനം നടത്തിയത്.
എൻ സി സി കേഡറ്റുകൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ സന്ദർശനത്തിൽ പങ്കെടുത്തു. ഡോക്ടേഴ്സ് ഡേയിലെ വ്യത്യസ്തമായ ഈ ആദരവ് ഡോക്ടർമാരിലും ആരോഗ്യ ജീവനക്കാരിലും അഭിമാനവും ആനന്ദവും സൃഷ്ടിക്കുവാൻ കാരണമായതായി ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ എൻ സി സി ഓഫീസർ ലഫ്റ്റനന്റ് ഡോ. ലിഷ സി. ആർ. പറഞ്ഞു.