/sathyam/media/media_files/2025/09/25/photo-unni-2025-09-25-15-12-15.jpeg)
കാലടി : കാലാതീതമായ വരകളാണ് ഒ.വി. വിജയന്റേതെന്ന് ഇന്ത്യൻ എക്സ്പ്രസ് (ഡൽഹി) ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി അഭിപ്രായപ്പെട്ടു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാള വിഭാഗവും മലയാണ്മയും സംയുക്തമായി കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ സംഘടിപ്പിച്ച ഏകദിന ലക്ചർ ഡെമോൺസ്ട്രേഷനിൽ “ഒ.വി. വിജയൻ : വര എഴുത്തിലേയ്ക്ക്” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്മശതാബ്ദിയിലേക്ക് എത്തുന്ന ഒ.വി. വിജയൻ തന്റെ കാലത്തെ മറികടന്ന് കൂടുതൽ പ്രസക്തി നേടിക്കൊണ്ടിരിക്കുന്നു. എഴുത്തുകാരനെന്നതിൽ ഉപരിയായി അദ്ദേഹത്തിന്റെ സാമൂഹിക കാഴ്ചപ്പാട് കാർട്ടൂണുകളിലൂടെയാണ് ശക്തമായി പ്രകടമായത്. വിജയന്റെ കാർട്ടൂണുകൾ സമകാലിക രാഷ്ട്രീയത്തിനോട് കൂടി പ്രതികരിക്കുവാൻ പ്രാപ്തമായിരുന്നു, ഇ.പി. ഉണ്ണി പറഞ്ഞു.
മലയാള വിഭാഗം മേധാവി ഡോ. സജിത കെ.ആർ. അധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു, ഡോ. സംഗീത തിരുവൾ പി.പി., അജിത് കുമാർ ഒ.ബി. എന്നിവർ പ്രസംഗിച്ചു.