/sathyam/media/media_files/2025/06/28/kalady-university-2025-06-28-23-48-09.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മാറുന്ന കാലഘട്ടത്തിന് അനുയോജ്യമാകുന്നതും നൂതനസാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന രീതിയിലുമുള്ള ന്യൂജൻ കോഴ്സുകൾ, വിവിധ വിദേശഭാഷകളിൽ പ്രാവീണ്യം നേടുന്നതിനുള്ള കോഴ്സുകൾ എന്നിവ ആരംഭിക്കും. സർവ്വകലാശാലയിൽ ഗ്രീൻ ഓഡിറ്റ് ടീം സജ്ജമാക്കും. സംസ്കൃത സർവ്വകലാശാലയെ സംസ്ഥാനത്തെ പ്രഥമ കാർബൺ ന്യൂട്രൽ സർവ്വകലാശാലയാക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിച്ച് നടപ്പിലാക്കും.
സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും പ്രാദേശിക കേന്ദ്രങ്ങളിലും ഇപ്പോഴുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ പുതിയ കാലഘട്ടത്തിന് യോജിക്കുന്ന രീതിയിൽ പുനഃസജ്ജീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. ആധുനികസാങ്കേതികവിദ്യകളുപയോഗിച്ചുള്ള അഞ്ച് അതിനൂതന സ്മാർട്ട് ക്ലാസ് റൂമുകൾ വിവിധ വകുപ്പുകളിൽ സ്ഥാപിക്കും. സർവ്വകലാശാലയുടെ എല്ലാ കെട്ടിടങ്ങളിലും മാതൃക സ്ത്രീസൗഹൃദ മുറി ഒരുക്കും. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണനിർവ്വഹണ സമുച്ചയത്തിലെ സിൻഡിക്കേറ്റ് ഹാളിൽ ചേർന്ന സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിച്ച 2026-2027 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ഈ തീരുമാനങ്ങൾ.
ഫിനാൻസ് സ്ഥിരം സമിതി കൺവീനർ അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ. ബജറ്റ് അവതരിപ്പിച്ചു. 165.85 കോടി രൂപ വരവും 177.19 കോടി രൂപ ചെലവുമുളള 11.34 കോടി രൂപയുടെ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് ആക്കം കൂട്ടും. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അക്കാദമിക് ബ്ലോക്കിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾക്കായി 10 ലക്ഷം രൂപ വകയിരുത്തി. സർവ്വകലാശാലയിൽ നിലവിലുള്ള കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ മാറ്റിസ്ഥാപിക്കും. ആദ്യഘട്ടമെന്ന നിലയിൽ വിവിധ പഠന വകുപ്പുകൾക്കും പ്രാദേശിക കേന്ദ്രങ്ങൾക്കും 50 പുതിയ കമ്പ്യൂട്ടറുകൾ വാങ്ങി വിതരണം ചെയ്യും.
വിവിധ പഠന വകുപ്പുകളുടെ സഹകരണത്തോടെ പുതിയ ഓൺലൈൻ/ ആഡ് ഓൺ കോഴ്സുകൾ ആരംഭിക്കുന്നതിനായി സർവ്വകലാശാലയുടെ ഓൺലൈൻ ലേണിംഗ് സെന്ററിന് ഒരുകോടി രൂപ വകയിരുത്തി. അധ്യാപകർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കണ്ടന്റ് നിർമ്മിക്കുന്നതിനുള്ള സോഫ്റ്റ്വെയർ അടക്കമുള്ള അടിസ്ഥാനസൗകര്യ വികസനം നടപ്പിലാക്കും. സർവ്വകലാശാലയിലെ ടോയ്ലറ്റുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കും. ടോയ്ലറ്റുകളും പൊതുടോയ് ലറ്റുകളും നവീകരിക്കും, അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ. പറഞ്ഞു.
റിസർച്ച് ഫെല്ലോഷിപ്പ് വിതരണം ചെയ്യുന്നതിനായി 3 കോടി രൂപയും സാൻസ്ക്രിറ്റ് എൻകറേജ്മെന്റ് സ്കോളർഷിപ്പിനായി 60 ലക്ഷം രൂപയും സർവ്വകലാശാലയുടെ ഐ. ടി. ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ സെർവർ സ്ഥാപിക്കുന്നതിനുമായി 150 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. മുഖ്യകേന്ദ്രത്തിലെയും പ്രാദേശിക കേന്ദ്രങ്ങളിലെയും ലൈബ്രറികളിലേക്കും പുസ്തകങ്ങൾ, ഓൺലൈൻ ജേർണലുകൾ ഉൾപ്പെടെയുള്ള ജേർണലുകൾ, ലൈബ്രറിയുടെ സർവ്വതോന്മുഖമായ വികസനം എന്നിവയ്ക്കായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ദേശീയ അന്തർദ്ദേശീയ സെമിനാറുകൾ സംഘടിപ്പിക്കുന്നതിന് 50 ലക്ഷം രൂപയും സംസ്കൃത പ്രചരണ വിഭാഗങ്ങൾക്ക് 30 ലക്ഷം രൂപയും ശ്രീശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് 140 ലക്ഷം രൂപയും വിവിധങ്ങളായ മറ്റ് പഠനകേന്ദ്രങ്ങൾക്ക് 30 ലക്ഷം രൂപയും വിദ്യാർത്ഥികളിലെ ഗവേഷണാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക മികവ് ഉയർത്തുന്നതിനുമായി റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രോജക്ട് മോഡ് കോഴ്സുകളുടെ നടത്തിപ്പിലേക്കായി 50 ലക്ഷം രൂപയും സർവ്വകലാശാല ക്യാമ്പസ് യൂണിയൻ പ്രവർത്തനങ്ങൾക്ക് 11 ലക്ഷം രൂപയും കായികപരിശീലനത്തിനും വിവിധ കലോത്സവങ്ങൾക്കുമായി 20 ലക്ഷം രൂപ വീതവും കനകധാര മ്യൂസിയം വിപുലപ്പെടുത്തുന്നതിന് 25 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്, അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ. പറഞ്ഞു.
വിവിധ പഠനവകുപ്പുകളുടെ സഹകരണത്തോടെ ഓൺലൈൻ / ആഡ് ഓൺ കോഴ്സുകൾ ആരംഭിക്കുന്നതിലൂടെ അധികവരുമാനം സർവ്വകലാശാല ലക്ഷ്യമിടുന്നു. യു.ജി.സി. പദ്ധതികളുടെ ഭാഗമായി 600 ലക്ഷം രൂപ സർവ്വകലാശാലയ്ക്ക് തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കും.
സർവ്വകലാശാലയുടെ വികസനം യാഥാർത്ഥ്യമാക്കുന്നതിനും വിവിധ നൂതനപദ്ധതികളുടെ നടത്തിപ്പിനുമായി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ലഭ്യമാക്കും. എൻ.സി.ടി.ഇ. അനുമതി നല്കിയ നൂതനപദ്ധതിയായ ബി.എ. – ബി. എഡ്. ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം ഈ വർഷം ആരംഭിക്കും. 50 സീറ്റാണ് അനുവദിച്ചിരിക്കുന്നത്, അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ. പറഞ്ഞു.
പദ്ധതിയേതര ധനസഹായമായി 8375.52 ലക്ഷം രൂപയും വികസനപ്രവർത്തനങ്ങൾക്കുള്ള പദ്ധതി ധനസഹായമായി 2414 ലക്ഷം രൂപയുമാണ് സർക്കാർ 2026-2027 സാമ്പത്തിക വർഷത്തെ ബജറ്റിൽ സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. സർക്കാർ ധനസഹായം ഉൾപ്പെടെ പദ്ധതിയേതര ഇനത്തിൽ 9060.61 ലക്ഷം രൂപയും പദ്ധതിയിനത്തിൽ 3067 ലക്ഷം രൂപയും വരുമാനം പ്രതീക്ഷിക്കുന്നു. പദ്ധതിയിനത്തിൽ 2862 ലക്ഷം രൂപയുടെയും പദ്ധതിയേതരയിനത്തിൽ 103.99 ലക്ഷം രൂപയുടെയും ചെലവുകളും ബജറ്റ് വിഭാവനം ചെയ്യുന്നു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us