കാലടി: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെയും പ്രവർത്തനങ്ങളെയും വിവിധ വഴികളിലൂടെ സമീപിക്കാനാവുമെന്ന് കേരള സർവകലാശാലയിലെ മലയാള വിഭാഗം പ്രൊഫസർ ഡോ. എം. എ. സിദ്ദിഖ് പറഞ്ഞു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗം കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച മൂന്നാമത് ‘പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്മെന്റ്’ പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശ്രീനാരായണ വിജ്ഞാനീയം’ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഗുരു, സമൂഹത്തിൽ നിന്നും ദൂരെക്കളഞ്ഞ ആചാരങ്ങളെയും സങ്കല്പങ്ങളെയും കെട്ടിയെഴുന്നള്ളിക്കുന്ന വർത്തമാനകാല സമൂഹത്തെ അദ്ദേഹം വിമർശന വിധേയമാക്കി.
അനുദിനം പ്രസക്തമായിക്കൊണ്ടിരിക്കുന്നവയാണ് ഗുരുദർശനങ്ങൾ, പ്രൊഫ. സിദ്ദിഖ് പറഞ്ഞു. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ പ്രൊഫ. അജിത്കുമാർ കെ. വി. അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി. മിനി, ഡോ. എം. സത്യൻ, ഡോ. കെ. എൽ. പദ്മദാസ് എന്നിവർ പ്രസംഗിച്ചു.