/sathyam/media/media_files/2025/08/19/thomas-issac-kaladi-2025-08-19-19-47-00.jpg)
കാലടി : സർവ്വകലാശാലകൾ വിജ്ഞാന ഉല്പാദനത്തിനൊപ്പം നൈപുണ്യ പരിശീലനത്തിലും ശ്രദ്ധിയ്ക്കണമെന്ന് വിജ്ഞാന കേരളം ഉപദേഷ്ടാവും മുൻ മന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. അഭ്യസ്തവിദ്യരായ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് അവരവർക്ക് യോജിച്ച തൊഴിലുകളിൽ എത്തിയ്ക്കുവാനുളള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. നൈപുണ്യ പരിശീലനം പഠനത്തിനൊപ്പം നടക്കണം.
സംരഭകത്വ പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകി വരുന്നു. വിദ്യാർത്ഥികൾ അവരുടെ വൈദഗ്ധ്യം പഠന കാലത്ത് തന്നെ തിരിച്ചറിയണം. പഠനത്തിനൊപ്പം നൈപുണ്യ വികസനത്തിനും സംരംഭകത്വ പരിശീലനത്തിനും തുല്യ പ്രധാന്യം നൽകിക്കൊണ്ടുളള പഠന സംസ്കാരമാണ് ക്യാമ്പസുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്, ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ആഭിമുഖ്യത്തിൽ കെ-ഡിസ്കുമായി സഹകരിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ ഓറിയന്റേഷൻ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലടി മുഖ്യക്യാമ്പസിലെ നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന കെട്ടിടങ്ങൾക്കാവശ്യമായ സർക്കാർ ധനസഹായം ലഭ്യമാക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുമെന്നും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുതിയ ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിന് കിഫ്ബി വഴി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും ഡോ. തോമസ് ഐസക് ഉറപ്പ് നൽകിയതായി സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാർ പറഞ്ഞു.
വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല പദ്ധതി അവതരണം നടത്തി. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുൺകുമാർ, ആർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, സർവ്വകലാശാല യൂണിയൻ ചെയർപേഴ്സൺ പി. എം. അശ്വന്ത്, സർവ്വകലാശാല യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുസുമം കുറുവത്ത് എന്നിവർ പ്രസംഗിച്ചു. നൂർ സ്കിൽസ് സ്ഥാപകനും ചീഫ് കോച്ചുമായ മുഹമ്മദ് പി. ഹാഷിം കരിയർ ഓറിയന്റേഷൻ സെമിനാർ നയിച്ചു.