വീണ്ടുമൊരു ഈദുല്‍ ഫിത്തര്‍ എത്തുകയാണ്.. മനസും ശരീരവും ശുദ്ധമാക്കി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.
'റംസാന്‍' എന്നത് ഒരു മാസത്തിന്റെ പേരാണ്. വ്രതാനുഷ്ഠാനം കഴിഞ്ഞു വരുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തര്‍. ചെറിയ പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ഈദ്ഗാഹിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കും. നിര്‍ബന്ധദാനത്തിന്റെ ദിനമായതുകൊണ്ടാണ് ഈദുല്‍ ഫിത്തര്‍ എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. സ്വയം ആനന്ദിക്കുകയല്ല, എല്ലാവര്‍ക്കും സന്തോഷിക്കാന്‍ കഴിയാവുന്നത് ചെയ്യുകയെന്നതാണ് ഈദുല്‍ഫിത്തര്‍.
സാര്‍വലൗകികമായ നന്മയെയാണ് ചെറിയ പെരുന്നാള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഒരുമാസത്തെ വ്രതംകൊണ്ട് സ്ഫുടംചെയ്‌തെടുത്ത മനസും ശരീരവുമാണ് ഓരോ വിശ്വാസിക്കും ചെറിയ പെരുന്നാള്‍ ദിനത്തില്‍ കൈവരുന്നത്.