വിശുദ്ധ റമളാന്‍ വിടപറയുമ്പോള്‍ വിരഹ ദു:ഖം അടക്കിപ്പിടിച്ച്കൊണ്ട് ഒരു മാസത്തെ തീവ്ര പരിശ്രമങ്ങള്‍ക്കും ആരാധനകള്‍ക്കും പ്രതിഫലം കൊതിച്ച് പ്രാര്‍ത്ഥനാനിരതരായിരിക്കും വിശ്വാസികള്‍. ചെറിയ പെരുന്നാള്‍ സമാഗതമാകുന്നതില്‍ അവര്‍ സന്തോഷിക്കുകയും ചെയ്യും. കൂലിക്കാരനും ശമ്പളക്കാരനും വേതനം പ്രതീക്ഷിച്ചിരിക്കുമ്പോള്‍ നിറഞ്ഞ ആഹ്ലാദത്തിലായിരിക്കുമല്ലോ.
റമളാന്‍ അവസാന രാവും പെരുന്നാള്‍ രാവും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന രാവുകളാണ്. പ്രത്യേക ആനുകൂല്യങ്ങള്‍ അവസാനിക്കുന്ന അനര്‍ഘ അവസരം. റമളാനിലെ ആദ്യരാത്രി മുതല്‍ അതുവരെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിച്ച അളവില്‍ നല്‍കപ്പെടുന്ന അസുലഭ മുഹൂര്‍ത്തം. പ്രത്യേക പാപമോചനവും നരകമോചനവും സ്വര്‍ഗപ്രവേശവും മറ്റും ഔദാര്യമായി ലഭിക്കുന്ന വിശേഷപ്പെട്ട രാത്രികളാണവ.
പെരുന്നാള്‍ രാവ് ആഘോഷത്തിന്‍റെയും ആവേശത്തിന്‍റെയും രാവാണ്. ആരാധനയുടെയും ആത്മീയാനുരാഗത്തിന്‍റെയും രാത്രിയാണ്. പ്രാര്‍ത്ഥനയുടെയും തക്ബീറിന്‍റെയും അവസരമാണ്. ഒരു മാസക്കാലത്തെ ഇബാദത്തുകള്‍ സ്വീകരിക്കപ്പെടുന്നതിന്‍റെ അവസാന പ്രവര്‍ത്തനങ്ങളുടെ സമയവും. ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന ഒരു വചനം ഏറെ ശ്രദ്ധേയം. ആരെങ്കിലും രണ്ട് പെരുന്നാള്‍ രാവുകള്‍ ആരാധനകള്‍കൊണ്ട് സജീവമാക്കിയാല്‍ അവന്‍റെ ഹൃദയം നിര്‍ജീവമാവുകയില്ല (അല്‍മത്ജറുര്‍റാബിഅ്: 159).
പെരുന്നാള്‍ രാവ്
പെരുന്നാളാഘോഷത്തിന്‍റെ രാവ് ആഹ്ലാദത്തിന്‍റെയും ആരാധനയുടെയും രാത്രിയാണ്. ആഭാസങ്ങളുടെ രാവല്ല. പെരുന്നാളിന് വേണ്ടി ഒരുക്കങ്ങള്‍ നടത്തുന്ന, സന്തോഷം പൂത്തുലയുന്ന, തക്ബീര്‍ ധ്വനികള്‍ മുഴക്കുന്ന രാവാണത്. കൂട്ടുകുടുംബങ്ങള്‍ ഒത്തൊരുമിക്കുകയും ഉറക്കൊഴിച്ച് സജീവമാക്കുകയുമാണ് നാം വേണ്ടത്. പടക്കം പൊട്ടിച്ചും മേക്കപ്പുകള്‍ വാരിത്തേച്ചും കറങ്ങിയടിച്ചും ആഭാസകരമായി ഈ പുണ്യരാവിന്‍റെ വിശുദ്ധി കളങ്കപ്പെടുത്തുന്നത് അക്ഷരാര്‍ത്ഥത്തില്‍ കുറ്റകരമാണ്. റമളാനില്‍ ആര്‍ജിച്ചെടുത്ത ആത്മചൈതന്യത്തെ നശിപ്പിക്കലാണത്.
അധിക പേര്‍ക്കും അമളി പറ്റുന്ന രാത്രിയാണ് പെരുന്നാള്‍ രാവ്. പെരുന്നാളിനോടടുത്ത സമയമായതിനാല്‍ ആഘോഷം പൊടിപൊടിക്കാന്‍ കോപ്പുകൂട്ടുന്നതില്‍ വ്യാപൃതരാവുന്നു. കരിമരുന്നു പ്രയോഗം, മ്യൂസിക്, ഡാന്‍സുകള്‍, സിനിമ-സീരിയലുകള്‍, അടിപൊളി ടൂറുകള്‍ അങ്ങനെ അനിസ്ലാമികമായ പലതും. ഇതൊന്നുമില്ലെങ്കിലും കേവല മൈലാഞ്ചിയിടലും പലഹാരമുണ്ടാക്കലും ഇറച്ചിക്കടയിലേക്ക് ഓടലും മാത്രമായി പെരുന്നാള്‍ രാവിനെ ചുരുക്കിക്കളയുന്നത് മഹാഅക്രമമാണ്.
തക്ബീറിന്‍റെ രാവ്
പെരുന്നാള്‍ രാവ് തക്ബീറിനാലും പ്രാര്‍ത്ഥനകളാലും മുഖരിതമാകണം. വിശുദ്ധ റമളാനിന്‍റെയും വ്രതാചരണത്തിന്‍റെയും മഹത്ത്വവും പ്രസക്തിയും വ്യക്തമാക്കുന്ന അല്‍ബഖറയിലെ 185-ാം സൂക്തത്തിന്‍റെ അവസാനത്തില്‍ തക്ബീര്‍ ചൊല്ലി അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. ഇമാം ശാഫിഈ(റ) വിവരിക്കുന്നു: ‘വിശുദ്ധ റമളാന്‍ പൂര്‍ത്തീകരിക്കാനും അല്ലാഹുവിനെ അനുസരിക്കാനും നിങ്ങള്‍ക്ക് ലഭിച്ച അവസരത്തെ മാനിച്ച് റമളാന്‍റെ സമാപന സന്ദര്‍ഭത്തില്‍ നാഥന് തക്ബീര്‍ ചൊല്ലാനും അതുവഴി നിങ്ങള്‍ കൃതജ്ഞതയുള്ളവരായിത്തീരാനും വേണ്ടിയാണിത്.’ ഈദുല്‍ ഫിത്വര്‍ രാവിലെ തക്ബീറാണ് ഈ സൂക്തത്തിന്‍റെ സൂചനയെന്ന് വിശ്വവിഖ്യാത ഖുര്‍ആന്‍ പണ്ഡിതന്‍ ഇമാം റാസി(റ) വിശദീകരിക്കുന്നു.
പെരുന്നാള്‍ രാവിന്‍റെ തുടക്കം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത് വരെ സദാസമയത്തും തക്ബീര്‍ സുന്നത്തുണ്ട്. വീടുകള്‍, മസ്ജിദുകള്‍, നടവഴികള്‍, അങ്ങാടികള്‍ തുടങ്ങി എവിടെ വച്ചും തക്ബീര്‍ മുഴക്കാം. സ്ത്രീകള്‍ക്കും സുന്നത്താണ്. പുരുഷന്മാര്‍ ഉച്ചത്തില്‍ ചൊല്ലുന്നതാണ് പുണ്യകരം (തുഹ്ഫ: 3/51).