ന്യൂഡല്‍ഹി: കിണറ്റില്‍ വീണ ആനയെ രക്ഷിക്കാന്‍ ഊര്‍ജ്ജതന്ത്രത്തിലെ തത്വം ഉപയോഗിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥന് സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി. ജാര്‍ഖണ്ഡിലെ ഗുല്‍മയിലാണ് ഈ അപൂര്‍വ്വ സംഭവം. കിണറ്റില്‍ വീണ ആനയെ രക്ഷിക്കുന്നതിന് ഫിസിക്‌സിലെ ആര്‍ക്കിമെഡിസ് തത്വമാണ് ഉപയോഗിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെയാണ് ട്വിറ്റ് ചെയ്തത്. ആംലിയ ടോലി ഗ്രാമവാസികളാണ് കുട്ടിയാനയെ കിണറ്റില്‍ വീണ നിലയില്‍ ആദ്യം കണ്ടത്. പ്രദേശവാസികള്‍ അപ്പോള്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം മൂന്ന് മണിക്കൂര്‍ നേരം നീണ്ടു നിന്നിരുന്നു.
മൂന്നോളം പമ്പുകള്‍ ഉപയോഗിച്ച് കിണറിനുള്ളിലേക്ക് വെള്ളം ശക്തിയായി ഒഴിക്കുകയും കിണറ്റില്‍ വെള്ളം നിറഞ്ഞപ്പോള്‍ പൊങ്ങിവന്ന ആന യാതൊരു വിധ പരിക്കുകളും ഇല്ലാതെ രക്ഷപ്പെടുകയും ചെയ്തു. ആനയെ രക്ഷിക്കുന്നതിന് 'ആര്‍ക്കിമിഡിസ്' തത്വം ഫലപ്രദമായി ഉപയോഗിച്ചതിന് ഡി.എഫ്.ഒയ്ക്ക് അഭിനന്ദന പ്രവാഹമാണ് വരുന്നത്.
'കിണറ്റില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കുന്നതിനായി ബുദ്ധിപൂര്‍വ്വം ആര്‍ക്കമിഡിസിന്റെ ഊര്‍ജതന്ത്രത്തിലെ തത്വം ഉപയോഗിച്ച ഗുംല ഡി.എഫ്.ഒയ്ക്കും ഗ്രാമീണരുടേയും ഹൃദയം തൊടുന്ന ചിത്രങ്ങളാണിത്. ആനക്കുട്ടി നിന്നിരുന്ന സ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്താണ് രക്ഷിച്ചത്. 'മഹത്തായ പ്രവൃത്തി' ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റ്.
ജനുവരി 30-ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം ആയിരത്തില്‍ അധികം ആളുകളാണ് പങ്കുവച്ചിരിക്കുന്നത്. ഡിഎഫ്ഒ ഉദ്യോഗസ്ഥന്റെ ഞെടിയിടയിലുള്ള പ്രായോഗിക ബുദ്ധിയെ അഭിനന്ദിച്ചും നിരവധിയാളുകളാണ് ട്വിറ്റ് ചെയ്തിരിക്കുന്നത്.