അബഹയിൽ കൊറോണ വൈറസ് ബാധ സംശയം മൂലം നിരീക്ഷണത്തിലിരിയ്ക്കുന്ന മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കുക : നവയുഗം

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Friday, January 24, 2020

ദമ്മാം: കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ച സൗദി അറേബ്യയിലെ അബഹയിലെ സൗകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, സൗദിയിലെ അബഹയിലെ അബഹ അൽ ഹയാത്ത് ആശുപത്രിയിലെ മുപ്പത് മലയാളി നഴ്‌സുമാരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയു ന്നത്. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീൻസ് യുവതിയെ പരിചരിച്ച ഏറ്റുമാനൂർ സ്വദേശിനിയായ ഒരു മലയാളി നഴ്‌സിന് കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആ രോഗിയെ കിടത്തിയ സെക്ഷനിലെ നഴ്സുമാരെ മുന്‍കരുതലെന്ന നിലയിൽ ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേയ്ക്ക് മാറ്റി.

എന്നാൽ, മതിയായ ഭക്ഷണമോ, പരിചരണമോ നൽകാത്തത് മൂലം ഈ നഴ്‌സുമാർ ഇപ്പോൾ ദുരിതത്തിലാണ്. കൊറോണ രോഗബാധ ഭയന്ന്, മറ്റുള്ള ഡോക്ടർമാർ സഹിതം തങ്ങളെ അവഗണിയ്ക്കുന്നതായി ഇവർ പരാതിപ്പെടുന്നു. ഇന്ത്യൻ എംബസ്സിയും, വിദേശകാര്യ മന്ത്രാലയവും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആ നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി സൗദി ആരോഗ്യ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യന്‍ അധികൃതർ തയ്യാറാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു….

×