മുംബൈ : ബോളിവുഡ്, ഹോളിവുഡ് താരങ്ങൾ ആഘോഷമാക്കിയ ദിവസങ്ങളായിരുന്നു മാർച്ച് മുപ്പത്തിയൊന്നും ഏപ്രിൽ ഒന്നും. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ( എൻ എം എ സി സി) ഉദ്ഘാടന ചടങ്ങിലായിരുന്നു സിനിമാ മേഖല ഒന്നടങ്കം എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
/sathyam/media/post_attachments/8gKsF2HmrYFxSetbmPx3.webp)
എന്നാലിപ്പോൾ പരിപാടിയുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം കൂടി ചർച്ചയാവുകയാണ്. അംബാനികൾ അതിഥികൾക്ക് വിളമ്പിയ ഭക്ഷണമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. വലിയ വെള്ളി തളികകളിലായിരുന്നു അതിഥികൾക്ക് ഭക്ഷണം നൽകിയത്. തളികയിൽ നിറയെ ചെറിയ പാത്രങ്ങൾ ഒരുക്കി വച്ചിട്ടുണ്ട്. ഇതിൽ റൊട്ടി, ദാൽ, പാലക് പനീർ, കറി, ഹൽവ, ഡെസേർട്ട്, പാപ്പഡ്, ലഡ്ഡൂ അടക്കം അനേകം ഇന്ത്യൻ വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്കൊപ്പം വൈനും വിളമ്പിയിരുന്നു.
ചെറിയ പാത്രത്തിൽ വച്ചിരിക്കുന്ന മധുരവിഭവത്തിനൊപ്പം അഞ്ഞൂറ് രൂപയുടെ നോട്ടുകളും വച്ചിരിക്കുന്നു. വടക്കേ ഇന്ത്യൻ വിഭവമായ 'ദോലത്ത് കി ചാട്ട്' ആണ് ഇത്തരത്തിൽ പ്രത്യേകമായി വിളമ്പിയത്. എന്നാൽ വിഭവത്തിനൊപ്പം വച്ചിരുന്നത് യഥാർത്ഥ നോട്ട് അല്ലായിരുന്നു.
മാർച്ച് 31നായിരുന്നു എൻ എം എ സി സിയുടെ ഉദ്ഘാടനം നടന്നത്. രണ്ടുദിവസമായിട്ടായിരുന്നു ചടങ്ങ് നടത്തിയത്. തന്റെ സ്വപ്ന പദ്ധതിയായ എൻ എം എ സി സിയിലൂടെ ഇന്ത്യൻ കലാരൂപങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് നിത അംബാനി ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ട്, സെൻഡായ, ഗിഗി ഹദീദ് തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, റൺവീർ സിംഗ്, സിദ്ധാർത്ഥ് മൽഹോത്ര, ദീപിക പദുക്കോൺ, ഗൗരി ഖാൻ, കിയാര അദ്‌വാനി, കജോൾ, കരീന കപൂർ, ആലിയ ഭട്ട്, സെയ്‌ഫ് അലി ഖാൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു.