സൽമാൻ ഖാന്റെ സഹോദരിയുടെ വീട്ടിൽ നിന്നും മേക്കപ്പ് ട്രേയിൽ വെച്ചിരുന്ന അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കമ്മൽ മോഷണം പോയി; വീട്ടുജോലിക്കാരൻ പിടിയിൽ

New Update

publive-image

മുംബൈ: സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാൻ ശർമ്മയുടെ വജ്രാഭരണം മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. മെയ് 16നായിരുന്നു അർപ്പിതയുടെ അപ്പാർട്ട്‌മെന്റിൽ നിന്ന് വിലകൂടിയ ഡയമണ്ട് കമ്മലുകൾ മോഷണം പോയത്. തുടർന്ന് അവർ മുംബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു. മേക്കപ്പ് ട്രേയിൽ വെച്ചിരുന്ന അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കമ്മൽ കാണാതായെന്നാണ് പരാതിയിൽ പറഞ്ഞത്.

Advertisment

പൊലീസ് നടത്തിയ അന്വേഷണത്തിൽ അർപ്പിതയുടെ ഹൗസ്കീപ്പറായി ജോലി ചെയ്തിരുന്ന 30 കാരനായ സന്ദീപ് ഹെഗ്ഡെയെ സംഭവം നടന്ന ദിവസം വൈകീട്ടോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാല് മാസം മുമ്പായിരുന്നു സന്ദീപ് സൽമാന്റെ സഹോദരിയുടെ ആഡംബര വസതിയിൽ സഹായിയായി ജോലിക്ക് ചേർന്നത്. മുംബൈയിലെ വൈൽ പാർലെ ഈസ്റ്റിലെ അംബേവാഡി ചേരിയിലെ വീട്ടിൽ വെച്ചായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്. ആഭരണങ്ങളും അവിടെ വെച്ച് കണ്ടെത്തിയിരുന്നു. സന്ദീപ് അടക്കം 12 പേരാണ് അർപ്പിതയുടെ വീട്ടിൽ സഹായികളായി ജോലി ചെയ്യുന്നത്.

സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ മാനേയുടെ നേതൃത്വത്തില്‍ വിനോദ് ഗൗങ്കര്‍, ലക്ഷ്മണ്‍ കാക്‌ഡേ, ഗൗലി എന്നിവരടങ്ങുന്ന സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. ഐപിസി സെക്ഷൻ 381 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭർത്താവ് ആയുഷിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് അർപിത താമസിക്കുന്നത്.

Advertisment