Advertisment

സിനിമയില്‍ വരുന്നതിന് മുമ്പേ തന്നെ രാജുവിന്റെ ആഗ്രഹം സംവിധായകന്‍ ആവണം എന്നായിരുന്നു, പക്ഷേ, അദ്ദേഹം വലിയ നടനായി മാറി’, നന്ദു

author-image
ഫിലിം ഡസ്ക്
New Update
empuran

എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തുന്ന മറ്റൊരു മലയാള സിനിമ ഇല്ല. ലൂസിഫര്‍ എന്ന ആദ്യഭാഗത്തിന്റെ വിജയം ആയിരുന്നു അതിന് കാരണം. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ നിറഞ്ഞാടാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Advertisment

ഇപ്പോഴിതാ എമ്പുരാനില്‍ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിന്‍ പീതാംബരന്‍ എന്ന കഥാപാത്രത്തെയായിരുന്നു നന്ദു അവതരിപ്പിച്ചത്. ഇതേ കഥാപാത്രത്തിന്റെ രണ്ടാംഭാഗത്തിലെ ഇന്‍ട്രോയാണ് അണിയറ പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്.

പൃഥ്വിരാജ് സംവിധായകനാകുന്ന ചിത്രത്തിന്റെ ഭാഗമാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘അഞ്ചാറുവര്‍ഷം മുമ്പ്, പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. സിനിമയില്‍ വരുന്നതിന് മുമ്പേ തന്നെ രാജുവിന്റെ ആഗ്രഹം സംവിധായകന്‍ ആവണം എന്നായിരുന്നു. പക്ഷേ, അദ്ദേഹം വലിയ നടനായി മാറി’, നന്ദു പറഞ്ഞു.

‘രാജുവിന്റെ സംവിധാനത്തില്‍ ഒരു സിനിമ വരുമ്പോള്‍ ഒരുവേഷം ചെയ്യണം എന്നൊരു ആഗ്രഹം. എനിക്ക് ചെറിയ വേഷം തരണമെന്ന് ഞാന്‍ രാജുവിനോട് പറഞ്ഞു. ചേട്ടന് പറ്റിയ വേഷമൊന്നുമില്ലെന്ന് രാജു പറഞ്ഞു. മുഴുനീള വേഷമൊന്നുമല്ല ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. വെറുതേ നടന്നുപോയാല്‍ പോലും ഞാന്‍ ഹാപ്പിയാണെന്ന് പറഞ്ഞു. രാജുവിന്റെ ആദ്യ സംവിധാനസംരംഭത്തില്‍ ഞാന്‍ ഭാഗമായി എന്ന് എനിക്ക് പറയാമല്ലോ, ആ ഒരു സന്തോഷം. ശരി നോക്കട്ടെ, ചേട്ടാ എന്ന് രാജു പറഞ്ഞു’, അദ്ദേഹം ഓര്‍ത്തെടുത്തു.

‘കുറച്ചുനാള്‍ കഴിഞ്ഞ് എന്നെ വിളിച്ച് ചേട്ടാ ഒരുവേഷമുണ്ട്. രണ്ടുമൂന്ന് സീനേ കാണൂ, നാലഞ്ചു ദിവസമേ ഷൂട്ട് വരികയുള്ളൂ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ മിനിസ്റ്റര്‍ പീതാംബരന്റെ വേഷത്തിലേക്ക് ഇറങ്ങുന്നത്. ഇപ്പോള്‍ ആ സിനിമയുടെ രണ്ടാംഭാഗം വരികയാണ്.

ലൂസിഫറിനേക്കാള്‍ കുറച്ചുകൂടെ വലിയ സ്‌കെയിലില്‍ വരുന്ന സിനിമയാണ് എമ്പുരാന്‍. ഐ.യു.എഫ്. എന്ന പാര്‍ട്ടിയോട് ഏറ്റവും സ്നേഹവും കൂറും പുലര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് മിനിസ്റ്റര്‍ പീതാംബരന്‍. വീണ്ടും പീതാംബരന്റെ വേഷമണിഞ്ഞ് ഞാന്‍ നിങ്ങളിലേക്ക് എത്തുകയാണ്’, നന്ദു കൂട്ടിച്ചേര്‍ത്തു.

Advertisment