മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് ലേഡി സൂപ്പർ സ്റ്റാർ നയൻതാര.കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂളിലേക്കാണ് താരം എത്തിയത്.
മമ്മൂട്ടിക്കൊപ്പമുള്ള നയൻതാരയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.
മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്.
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് ശ്രീലങ്കയിലാണ്. പിന്നീട് ഷാർജ, അസർബൈജാൻ എന്നിവിടങ്ങളിൽ ചിത്രീകരിച്ച് നാലാമത്തെ ഷെഡ്യൂളിനായി ടീം വീണ്ടും ശ്രീലങ്കയിലെത്തി.
നയൻതാര- മമ്മൂട്ടി കോമ്പോ ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് 'എംഎംഎംഎൻ'. രാപ്പകൽ, ഭാസ്കർ ദ റാസ്കൽ, പുതിയനിയമം എന്നിവയായിരുന്നു മുൻപ് ഈ ജോഡികൾ ഒന്നിച്ച ചിത്രം.
മെഗാസ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും വീണ്ടും ഒന്നിക്കുമ്പോൾ സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾക്ക് ആക്കം ഏറുകയാണ്.
അതേസമയം, ഇരുവരും പെയർ ആയിട്ടാണോ അഭിനയിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അൽഫോൻസ് പുത്രൻ ചിത്രമായ ‘ഗോൾഡ്’ ആണ് നയൻതാരയുടേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രം. 9 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്