/sathyam/media/post_attachments/RM1ATwgnerRfTUklydNR.jpg)
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ആതിരയുടെ മകൾ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. മലയാള സിനിമയിൽ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും അദ്ദേഹം പറയുന്നു.
ഒരു സ്ത്രീയുടെ ജീവിതത്തിൽ അവർ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37 – 47 പ്രായത്തിലാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ആ സമയത്ത് അവർ നേരിടുന്ന പ്രശ്‌നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണ്, സന്തോഷ് പണ്ഡിറ്റ് പറയുന്നു.കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. എന്നാൽ ഗാനചിത്രീകരണം നടക്കുക കേരളത്തിന് പുറത്താണെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചിട്ടുണ്ട്. 2011 ൽ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം.
തുടർന്ന് സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛൻ, കാളിദാസൻ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം നായകനും സന്തോഷ് പണ്ഡിറ്റ് തന്നെ ആയിരുന്നു. ചിത്രങ്ങളുടെ മറ്റ് സാങ്കേതിക മേഖലകളും സന്തോഷ് ആണ് കൈകാര്യം ചെയ്തത്. 2019 ൽ പുറത്തെത്തിയ ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾക്കു ശേഷം എത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് ആതിരയുടെ മകൾ അഞ്ജലി. വാർത്ത പുറത്തെത്തിയതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലർ അദ്ദേഹത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്.