സംസ്ഥാന ജനറല്‍ സെക്രട്ടറി 'വടിയെടുത്തു'. എറണാകുളം ജില്ലാ ലീഗില്‍ 'മാറ്റത്തിന് ' തുടക്കം

New Update

publive-image

കൊച്ചി:കഴിഞ്ഞ കുറേ കാലമായി നേതാക്കളുടെ ഗ്രൂപ്പ് പ്രവര്‍ത്തനം മൂലം സംഘടനാ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലായിരുന്നു എറണാകുളം ജില്ലാ മുസ്ലീം ലീഗ്. കൃത്യമായ കൂടിയാലോചനകളോ നേതൃയോഗങ്ങളോ ജില്ലയില്‍ നടക്കാറില്ലെന്നും നേതൃപദവികള്‍ പോലും
ഇബ്രാഹീം കുഞ്ഞ്, അഹമ്മദ് കബീര്‍ വിഭാഗങ്ങള്‍ പങ്കിട്ടെടുക്കാറാണ് പതിവെന്നും പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

Advertisment

എന്നാല്‍ ഇപ്പോള്‍ എറണാകുളം ജില്ലാ ലീഗില്‍ ചില മാറ്റങ്ങള്‍ക്ക് തുടക്കം  കുറിച്ചിരിക്കുന്നുവെന്ന് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗം നാല് മണിക്കൂറിലധികം നീണ്ടുവെന്നും കളമശേരിയിലെ തോല്‍വിയടക്കം 'ചൂടേറിയ'ചര്‍ച്ചകള്‍ നടന്നുവെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുമ്പോള്‍ എറണാകുളം ജില്ലാ മുസ്ലീം ലീഗിന് ഇത് വേറിട്ട അനുഭവമാണ്.

സംഘടനക്കുളളില്‍ മാത്രം ഒതുങ്ങിയിരുന്ന ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ കളമശേരിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ഒരു പൊട്ടിത്തെറിയിലെത്തിയിരുന്നു. ഇരു വിഭാഗങ്ങളും പ്രത്യേകം ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് പരസ്യപ്രസ്താവനകള്‍ നടത്തുന്നിടത്തേക്ക് വരെ കാര്യങ്ങള്‍ എത്തി. പിന്നീട് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ നേരിട്ട് ഇടപെട്ടാണ് പോരിന് താല്‍കാലിക ശമനം ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നതില്‍ ഈ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ കാരണമായെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.

ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടി കൈകൊളളാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ തന്നെ നേരിട്ട് ചുമതലപ്പെടുത്തിയിരിക്കുകയാണ് പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍.

കാലങ്ങളായി നിലനില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്ക് അന്ത്യം കുറിക്കുക എന്നത് തന്നെയാണ് പി.എം.എ സലാമിന്‍റെ മുന്നിലെ പ്രധാന വെല്ലുവിളി. അതിന്‍റെ ആദ്യഘട്ട ശ്രമങ്ങളില്‍ അദ്ദേഹം വിജയിച്ചുവെന്ന് അവസാനം ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിന്‍റെ ശുഭപര്യവസാനം തെളിയിക്കുന്നു.

kochi news muslim league
Advertisment