/sathyam/media/media_files/AzECVb29Uep1sA53VsVK.jpg)
ഹംബര്‍ഗ്: യൂറോ കപ്പില്‍ പോളണ്ടിനെ കീഴടക്കി പടയോട്ടം തുടങ്ങി നെതര്‍ലന്‍ഡ്‌സ്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഡച്ച് പടയുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു രണ്ടെണ്ണം മടക്കി നെതര്‍ലന്‍ഡ്‌സ് മത്സരം സ്വന്തമാക്കിയത്.
മത്സരത്തിന്‍റെ 16-ാം മിനിറ്റില്‍ ആദം ബുക്ക്‌സയിലൂടെയാണ് പോളണ്ട് ആദ്യം ലീഡ് പിടിച്ചത്. അരമണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ സമനില ഗോള്‍ കണ്ടെത്താൻ നെതര്‍ലന്‍ഡ്‌സിനായി. 29-ാം മിനിറ്റില്‍ കോഡി ഗാപ്‌കോയായിരുന്നു ഡച്ച് പടയെ മത്സരത്തില്‍ പോളണ്ടിനൊപ്പമെത്തിച്ചത്.
ആദ്യ പകുതിയില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 81-ാം മിനിറ്റിലാണ് വൗട്ട് വെഗോര്‍സ്റ്റ് പകരക്കാരനായി കളിക്കാനിറങ്ങിയത്. കളത്തിലിറങ്ങി രണ്ട് മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ താരത്തിന് നെതര്‍ലന്‍ഡ്‌സിനായി വിജയഗോള്‍ നേടാൻ സാധിച്ചു.