ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാകിനെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നതായി ഏറ്റവും പുതിയ സര്‍വേ ഫലത്തിലും വ്യക്തമാകുന്നു. ടോറി പാര്‍ട്ടി അംഗങ്ങളാണ് ഇനി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുക, പാര്‍ട്ടി നേതാവ് പ്രധാനമന്ത്രിയുമാകും. ഇതേ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലമാണ് യുഗോവ് പുറത്തുവിട്ടിരിക്കുന്നത്.
66 ശതമാനം പേര്‍ ഇപ്പോള്‍ ലിസ് ട്രൂസിനെ പിന്തുണയ്ക്കുന്നു. മുന്‍ ചാന്‍സലറായ സുനാകിന് 34 ശതമാനം വോട്ടും ലഭിച്ചു. വോട്ടെടുപ്പ് സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കും. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇനിയും തീരുമാനിക്കാത്ത നാലിലൊന്ന് ആളുകളുടെ നിലപാടനുസരിച്ച് മാത്രമാണ് ഫലത്തില്‍ വ്യത്യാസം വരാന്‍ സാധ്യതയുള്ളത്. രണ്ടാഴ്ചമുമ്പ് സമാനമായ അഭിപ്രായ വോട്ടെടുപ്പ് നടന്നിരുന്നു. സുനാകിനുള്ള പിന്തുണ അന്നുള്ളതിനേക്കാള്‍ രണ്ടു പോയന്റ് കൂടിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ ട്രസ്, സുനക് പക്ഷങ്ങളുടെ കാമ്പയിന്‍ കടുത്ത വാഗ്വാദങ്ങളായി മാറിയിരുന്നു. ജോണ്‍സണ്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ അദ്ദേഹംതന്നെ വീണ്ടും അധികാരത്തിലെത്തുമായിരുന്നു എന്നും പലര്‍ക്കും അഭിപ്രായമുണ്ട്. കാരണം പാര്‍ട്ടിയില്‍ ഇപ്പോഴും അദ്ദേഹത്തിന് മോശമല്ലാത്ത പിന്തുണയുണ്ടെന്നാണ് അടിത്തട്ടില്‍ നിന്നുള്ള വിവരം.