ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ സൈന്യത്തില്‍ ചേരുന്നതിന് പാര്‍ട്ടിയുടെ സന്നദ്ധതയറിയിച്ച് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. റോട്ടര്‍ഡാമില്‍ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി (ഇപിപി) കോണ്‍ഗ്രസില്‍ ഫിന ഗേല്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പായ യൂറോപ്യന്‍ സുരക്ഷയും പ്രതിരോധവും പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വരദ്കര്‍.
റഫറണ്ടം നടത്തിയാല്‍ അയര്‍ലണ്ടുകാര്‍ ഇതിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്ന് വരദ്കര്‍ പറഞ്ഞു.എന്നാല്‍ നാറ്റോയില്‍ ചേരുന്നതിന് രാഷ്ട്രീയ പിന്തുണ ലഭിക്കില്ലെന്നും ലിയോ വരദ്കര്‍ പറഞ്ഞു.സൈപ്രസ്, ഓസ്ട്രിയ, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം അയര്‍ലണ്ടും ഈ സേനയുടെ രൂപീകരണത്തില്‍ പങ്കാളിയാകണമെന്നാണ് ആഗ്രഹിക്കുന്നത്.എന്നാല്‍ സൈനിക സഖ്യത്തില്‍ ചേരാന്‍ പദ്ധതിയില്ല. രാഷ്ട്രീയമായി ഒരിക്കലും നിഷ്പക്ഷത പാലിച്ചിട്ടില്ല, എല്ലായ്പ്പോഴും ജനാധിപത്യത്തിന്റെ പക്ഷത്ത് നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്.യൂറോപ്യന്‍ ഡിഫന്‍സ് ഫോഴ്സിന് നാറ്റോയുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരിക്കണമെന്നും വരദ്കര്‍ വ്യക്തമാക്കി..
നാറ്റോയുമായി വേറിട്ടുനില്‍ക്കുന്നതോ അതിനോട് മത്സരിക്കുന്നതോ ആയ യൂറോപ്യന്‍ ഡിഫന്‍സിനെക്കുറിച്ച് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അത് തനിക്ക് മനസ്സിലാകുന്നില്ലെന്നും വരദ്കര്‍ വ്യക്തമാക്കി.യൂറോപ്യന്‍ യൂണിയന്റെ സുരക്ഷാ, പ്രതിരോധ നയമായ പെസ്‌കോയില്‍ കൂടുതല്‍ ഇടപെടാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.