ഹെല്‍സിങ്കി: പാര്‍ട്ടിയില്‍ പങ്കെടുത്ത് ആടുകയും പാടുകയും ചെയ്തതിന്റെ പേരില്‍ വിവാദത്തിലായ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മാരിന്റെ ലഹരി പരിശോധനാഫലം പുറത്തുവന്നു. പ്രധാനമന്ത്രി ലഹരി മരുന്നുകളൊന്നും ഉപയോഗിച്ചിരുന്നില്ലെന്ന് ഇതില്‍ വ്യക്തമായി.
കൊക്കെയ്ന്‍, കഞ്ചാവ്, കറുപ്പ് തുടങ്ങി എട്ടോളം ലഹരിമരുന്നുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള പരിശോധനയാണ് നടത്തിയത്.
പാര്‍ട്ടിയില്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. പ്രതിപക്ഷം ഇത് സര്‍ക്കാര്‍ വിരുദ്ധ ആക്രമണത്തിന് ആയുധമാക്കുകയായിരുന്നു. സ്വകാര്യ പാര്‍ട്ടി രാഷ്ട്രീയ വിവാദമായി കത്തിനില്‍ക്കുന്നതിനിടെയാണ് സന്ന മാരിന്‍ മരുന്ന് പരിശോധനയ്ക്ക് വിധേയമായത്.
ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മുപ്പത്താറുകാരിയായ സന. പാര്‍ട്ടിക്കും സ്വകാര്യചടങ്ങുകള്‍ക്കുമായി ഏറെ സമയം ചെലവഴിക്കുന്നുവെന്ന ആരോപണം ഇവര്‍ക്കെതിരെ നേരത്തേയും ഉയര്‍ന്നിരുന്നു.