ബുഡാപെസ്ററ്: കാലാവസ്ഥ പ്രവചിക്കുന്നതും തെറ്റുന്നതുമൊന്നും പലരും വലിയ കാര്യമായി കാണാറില്ല. എന്നാല്‍, ഹംഗറിയില്‍ ഇതത്ര നിസാരമല്ല. പ്രവചനം തെറ്റിച്ചതിന് കാലാവസ്ഥാ വകുപ്പിലെ രണ്ട് വിദഗ്ധരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
തെറ്റായ കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു കാരണമായിരുന്നു. സെന്റ് സ്ററീഫന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ബുഡാപെസ്ററില്‍ നടത്താനിരുന്ന കരിമരുന്ന് പ്രയോഗം തെറ്റായ കാലാവസ്ഥാ പ്രവചനത്തേത്തുടര്‍ന്ന് മാറ്റിവെക്കേണ്ടിവന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.
എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ വെടിക്കെട്ട് നടക്കുന്ന സമയത്ത് കാലാവസ്ഥ പ്രതികൂലമാകുമെന്ന് മുന്നറിയിപ്പുണ്ടായി. ഇതിനേത്തുടര്‍ന്ന് പരിപാടി സര്‍ക്കാര്‍ മാറ്റിവച്ചു. എന്നാല്‍ പ്രവചിച്ചതുപോലെ കാലാവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടായില്ല. ഇതാണ് കലാവസ്ഥാ ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലിലേക്ക് നയിച്ചത്.
യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്ന് പ്രകടനം എന്ന് വിശേഷിപ്പിക്കുന്ന അതിബൃഹത്തായ കരിമരുന്ന് പ്രകടനമാണ് നടക്കേണ്ടിയിരുന്നത്. ഡാന്യൂബ് നദിയുടെ കരയില്‍ അഞ്ച് കിലോമീറ്ററോളം പ്രദേശത്താണ് പരിപാടി നടക്കാറുള്ളത്. ഇവിടെ 240 കേന്ദ്രങ്ങളിലായാണ് വെടിക്കെട്ട് നടക്കുന്നത്. ഇരുപത് ലക്ഷത്തോളം പേരാണ് പരിപാടി കാണാന്‍ എത്താറുള്ളത്.
പ്രവചിച്ച സമയത്ത് ബുഡാപെസ്ററ് അടക്കമുള്ള പ്രദേശത്ത് പെയ്യുമെന്ന് പ്രതീക്ഷിച്ച മഴമേഘങ്ങള്‍ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങുകയും അവിടെ കനത്ത മഴപെയ്യുകയും ചെയ്തു. എന്നാല്‍ ബുഡാപെസ്ററില്‍ ഒരുതുള്ളിപോലും പെയ്തുമില്ല.
മഴ പ്രവചനം പാളിപ്പോയതോടെ കാലാവസ്ഥാവകുപ്പ് ഞായറാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിരുന്നു. തെറ്റാന്‍ സാധ്യതയുണ്ടെന്ന് തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു കാലാവസ്ഥാ പ്രവചനമാണ് തങ്ങള്‍ നടത്തിയതെന്നും എന്നാല്‍ ഇത്തരം അനിശ്ചിതത്വങ്ങള്‍ കാലാവസ്ഥാ പ്രവചനത്തിന്റെ ഭാഗമാണെന്നും വിശദീകരണക്കുറിപ്പില്‍ കാലാവസ്ഥാവകുപ്പ് പറഞ്ഞു. എന്നാല്‍ ക്ഷമാപണംകൊണ്ട് പ്രയോജനമുണ്ടായില്ല.
അതേസമയം, കരിമരുന്ന് പ്രകടനത്തിനെതിരേ നേരത്തേതന്നെ രാജ്യത്ത് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അയല്‍ രാജ്യമായ യുൈ്രകനില്‍ യുദ്ധം നടക്കുന്നതിനിടെ വെടിക്കെട്ട് നടത്തരുതെന്നും രാജ്യത്ത് ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് നല്‍കിയിരുന്നു.