റോം: ഉക്രെയ്ന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ജോര്‍ജിയ മെലോനി വിവാദത്തിലായി. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ വളരെ മുന്നിലുള്ള സ്ഥാനാര്‍ഥിയാണ് മെലോനി.
ഇവര്‍ ട്വിറ്ററില്‍ അവ്യക്തമാക്കിയ വീഡിയോയാണ് പങ്കുവെച്ചതെങ്കിലും ട്വിറ്റര്‍ ഇതു നീക്കം ചെയ്തു. ഒരു മാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച വീഡിയോയാണ് മെലോനി ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഈ നടപടി ക്രൂരമാണെന്നും അതിജീവിതയുടെ അനുവാദം വാങ്ങാതെയുള്ള മെലോനിയുടെ നടപടി അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നുമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശിക്കുന്നത്.
ഇരയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അവര്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് താന്‍ വീഡിയോ പങ്കുവെച്ചതെന്നാണ് മെലോനിയുടെ വിശദീകരണം. ഞായറാഴ്ചയാണ് അമ്പത്തഞ്ചുകാരിയായ ഉക്രെയ്ന്‍ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ഗിനിയയില്‍ നിന്ന് അഭയാര്‍ഥിയായി ഇറ്റലിയിലെത്തിയ വ്യക്തിയാണ് കേസിലെ പ്രതി. വഴിയോരത്തുവെച്ചാണ് ബലാത്സംഗം നടന്നത്. സമീപത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന ഒരാളാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. കുറ്റവാളിയെ തിരിച്ചറിഞ്ഞെന്നും ഇയാളെ കസ്ററഡിയിലെടുത്തെന്നും പോലീസ് സ്ഥിരീകരിച്ചു.