ഡബ്ലിന്‍: സ്വന്തമായുള്ള സ്വത്ത് വിവരങ്ങള്‍ നിയമമനുസരിച്ചു വെളിപ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ കുരുങ്ങി ഫിനാഫാള്‍ പ്രതിനിധിയായ മന്ത്രി റോബര്‍ട്ട് ട്രോയ് രാജിവെച്ചു.
വാടകയ്ക്ക് വീടുകള്‍ നല്‍കുന്നവരെ സഹായിക്കുന്നതിനുള്ള റെന്റല്‍ അക്കമൊഡേഷന്‍ (ഹൗസിംഗ് അസിസ്റ്റന്‍സ് പേമെന്റ്)സ്‌കീമുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയ ഭൂഉടമ കൂടിയായ റോബര്‍ട്ട് ട്രോയ് എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനമാണ് വഹിച്ചിരുന്നത്.
വാടകക്കാരെ താമസിപ്പിക്കുന്നതിന് കൗണ്‍സിലുകള്‍ വീട്ടുടമകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതി ഡയലില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വ്യക്തിപരമായ ഇടപാടുകള്‍ പോലും ചര്‍ച്ചയായത്. . വീട്ടുടമകള്‍ 18 മാസത്തിലേറെയുള്ള കാലയളവിലേയ്ക്ക് കരാര്‍ ഒപ്പുവെച്ചാല്‍ സ്‌കീമില്‍ പങ്കെടുക്കുന്ന വീട്ടുടമകള്‍ക്ക് അവരുടെ മോര്‍ട്ട്‌ഗേജ് പലിശയില്‍ 100 ശതമാനം ഇളവ് ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ ‘സ്വന്തം സ്‌കീമില്‍ പറഞ്ഞിരുന്നത്.
ഈ പദ്ധതി പ്രകാരം വെസ്റ്റ്മീത്ത് കൗണ്ടി കൗണ്‍സിലിന് തന്റെ രണ്ട് പ്രോപ്പര്‍ട്ടികള്‍ പാട്ടത്തിന് നല്‍കിയതു സംബന്ധിച്ച വിശദാംശങ്ങളും മന്ത്രി ഡെയ്‌ലില്‍ അവതരിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന് മന്ത്രിയുടെ പ്രോപ്പര്‍ട്ടിയെകുറിച്ച് പ്രതിപക്ഷ അംഗങ്ങളും,മാധ്യമങ്ങളും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് മന്ത്രിയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന പതിനൊന്നോളം വീടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ടി ഡി എന്ന നിലയില്‍ നടത്തിയ സ്വത്തവകാശ വെളിപ്പെടുത്തലില്‍ ഇവയില്‍ പലതും ഉള്‍പ്പെട്ടിട്ടില്ലെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ട്രോയിയുടെ പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളുടെ പരിശോധന സര്‍ക്കാരും നടത്തി.അതിന് ശേഷമാണ് രാജിയുണ്ടായത്.. ചൊവ്വാഴ്ച ആർ ടി ഇ യോട് സംസാരിക്കവെ തനിക്ക് 11 പ്രോപ്പര്‍ട്ടികളുണ്ടെന്നും, ടി ഡിമാര്‍ അവരുടെ ആസ്തികള്‍ പ്രഖ്യാപിക്കേണ്ട താല്‍പ്പര്യങ്ങളുടെ ഡെയില്‍ രജിസ്റ്ററില്‍ തന്റെ സ്വത്തിന്റെ വ്യാപ്തി പൂര്‍ണ്ണമായി പ്രഖ്യാപിക്കുന്നതില്‍ പരാജയപ്പെട്ടതിന് ക്ഷമാപണം നടത്തി.
ഡബ്ലിനിലെ ഫിബ്സ്ബോറോയിലെ താമസക്കാര്‍ അടക്കം ഇദ്ദേഹത്തിന്റെ പ്രോപ്പര്‍ട്ടിയില്‍ താമസിക്കുന്ന പല താമസക്കാരും ട്രോയി വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീടുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ആവര്‍ത്തിച്ച് പരാതിപ്പെട്ടിരുന്നതായി ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ മന്ത്രിക്ക് പിടിച്ചു നില്കാനാവാതായി,രാജി സമര്‍പ്പിക്കേണ്ടി വരികയായിരുന്നു..താന്‍ ഒന്നും മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ ഏറ്റവും വലിയ അപരാധം ‘കൃത്യമായ ശ്രദ്ധക്കുറവ്’ ആണെന്നും ടിഡി ആവര്‍ത്തിക്കുന്നുണ്ടായിരുന്നു .