ഡബ്ലിന്‍: അയര്‍ലണ്ടുള്‍പ്പടെ യൂറോപ്പിലാകെ കുതിച്ചുയര്‍ന്ന എണ്ണ വിലയില്‍ കുറയുന്നു. ആഗോള മാന്ദ്യത്തിന്റെ നിഴലിലാണ് എണ്ണവില കുറയുന്നതിന്റെ പ്രവണതകള്‍ കാണിക്കുന്നത് . മാസാവസാനത്തോടെ 1.70യൂറോയിലോ അതിന് താഴെയോ എണ്ണ വില എത്തിയേക്കുമെന്നാണ് കരുതുന്നത്.പണപ്പെരുപ്പചുഴിയിൽ എരിതീയാവുന്ന വിലകയറ്റവാർത്തകൾക്ക് സമാശ്വാസം നല്കുകയാണ് ഓയിൽ വില കുറയുമെന്ന സൂചനകൾ.
ആഗോള റിഫൈനറികളുടെ ശേഷി വര്‍ധിച്ചതും വില കുറയാന്‍ കാരണമാണ്.ഒട്ടേറെ സൗകര്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നതിനാല്‍ കൂടുതല്‍ എണ്ണ എളുപ്പത്തില്‍ സംസ്‌കരിക്കാനാകും.ഇത് എണ്ണ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനും വില കുറയുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
അയര്‍ലണ്ടിലും യൂറോപ്പിലാകെയും ഈ വര്‍ഷം പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോഡിലെത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയും റഷ്യയുടെ ഉക്രൈയ്ന്‍ ആക്രമണവുമൊക്കെയാണ് അതിന് കാരണമായത്.
എന്നാല്‍ ഇന്ധനവിലയുടെ ഈ കുറവ് താഴേത്തട്ടില്‍ കാര്യമായി എത്തുമോയെന്നത് സംശയമാണ്.കാരണം പകുതിയിലധികവും നികുതിയാണ്. ഈ നികുതിയില്‍ കുറവുണ്ടായാല്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് ഈ കുറവ് അനുഭവവേദ്യമാകൂ.എണ്ണവില കുറഞ്ഞാലും, അയര്‍ലണ്ടിലെ വൈദ്യുതിയുടെയും ഗ്യാസിന്റെയും വിലകളും കുടുംബങ്ങളുടെ ഹീറ്റിംഗ് ബില്ലുകളും ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുമെന്നാണ് കരുതുന്നത്.
ഏപ്രിലില്‍ എക്‌സൈസ് നികുതി സര്‍ക്കാര്‍ കുറച്ചിരുന്നു. ഉയര്‍ന്ന അന്താരാഷ്ട്ര എണ്ണ വിലയനുസരിച്ച് വാറ്റ് വര്‍ധിക്കും.അത് ഡീസല്‍ ലിറ്ററിന് 80 സെന്റ് എന്ന നിലയില്‍ സ്ഥിരമായി തുടരുകയാണ്. ഇപ്പോള്‍ എണ്ണ വില കുറയുന്നത് പരിഗണിച്ച് എക്സൈസ് നികുതി പുനസ്ഥാപിച്ചേക്കുമെന്നും സൂചനയുണ്ട്.