/sathyam/media/post_attachments/oHWaObiv7IlWHyg72d8e.jpg)
പാലക്കാട്: കാറിൽ കടത്തുകയായിരുന്ന തമിഴ് നാട് മദ്യം കുഴൽമന്ദം എക്സൈസ് സംഘം പിടികൂടി. പല്ല ഞ്ചാത്തനൂർ സ്വദേശി മാധവൻ മകൻ ഉണ്ണികൃഷ്ണൻ (49) ആണ് എക്സൈസിൻ്റെ പിടിയിലായത് .
കോവിഡ് വ്യാപനത്തെ തുടർന്ന് മദ്യശാലകളും ബാറുകളും അടഞ്ഞു കിടക്കുന്നതിനാൽ തമിഴ്നാടിൽ നിന്നും വൻ തോതിൽ മദ്യം ഊടുവഴികളിലൂടെ കേരളത്തിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷ്ണർ ഷാജി എസ് രാജന് വിവരം ലഭിച്ചിരുന്നു.
കുഴൽമന്ദം എക്സൈസ് ഇൻസ്പെക്ടർ ജി സന്തോഷ്കുമാറും സംഘവും നടത്തിയ വാഹനപരിശോധനയിൽ നിർത്താതെപോയ മാരുതി 800 കാർ അതിസാഹസികമായി പിന്തുടർന്ന് പിടികൂടുകയായിന്നു. കാറിൻറെ പിൻ സീറ്റിനടിയിലും ഡിക്കിയിലുമാണ് മദ്യം ഒളിപ്പിച്ചിരുന്നത്.
കുറഞ്ഞ വിലയ്ക്ക് തമിഴ്നാട്ടിൽ നിന്നും വാങ്ങുന്ന മദ്യം മൂന്നിരട്ടി വിലക്കാണ് ആവശ്യകാർക്ക് എത്തിച്ചു കൊടുക്കുന്നതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. മദ്യശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലും മദ്യം സൂക്ഷിച്ചുവച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്നും വരുംദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ ജി സന്തോഷ് കുമാറിനെ കൂടാതെ പ്രിവൻ്റീവ് ഓഫീസർ പി ഷാജി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ കലാം കെ, എ ഷാജികുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദ് കെ, എ മധു , ആർ പ്രദീപ് , ഡബ്ല്യുസിഇഒ രേണുക ദേവി എൻ, കെ രഞ്ജിനി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.