എക്സിറ്റ് പോൾ ഫലങ്ങൾ അബദ്ധജടിലം; ശാസ്ത്രീയ അടിത്തറയുടെ അപര്യാപ്തത

സത്യം ഡെസ്ക്
Saturday, May 1, 2021

-തിരുമേനി

കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാളത്തിലേയും മറ്റ് ഭാഷകളിലേയും വിവിധ വാർത്താ ചാനലുകൾ പുറത്ത് വിട്ട നിയമസഭ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശുദ്ധ അസംബന്ധമാണ്. പ്രധാനപ്പെട്ട കാരണം ഇവയുടെ ശാസ്ത്രീയ അടിത്തറയുടെ അപര്യാപ്തതയാണ്.

വോട്ട് ചെയ്ത് പുറത്തിറങ്ങുന്ന സമ്മതിദായകരിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവ്വേ ഏജൻസികൾ ഇത്തരം പ്രവചനങ്ങളിലേക്ക് എത്തുന്നത്.
സർവ്വേഫലത്തിന്റെ ആധികാരികത പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് അതിന് ഉപയോഗിക്കുന്ന സാമ്പിളിന്റെ ശാസ്ത്രീയതയെയാണ്. സാമ്പിളിന്റെ വലിപ്പം ചെറുതായത് കൊണ്ട് മാത്രം പ്രവചനം തെറ്റണമെന്നില്ല. മറിച്ച് സാമ്പിൾ എങ്ങിനെ തിരഞ്ഞെടുത്തു എന്നതാണ് പ്രധാനം.

പ്രവചനം നടത്തിയ മിക്കവാറും എല്ലാ ഏജൻസികളും ആശ്രയിച്ചത് 30000 ന് ഉള്ളിൽ വലിപ്പമുള്ള സാമ്പിളിനെയാണ്. അതായത് 140 മണ്ഡലങ്ങളിൽ നിന്ന് 300000 സാമ്പിളുകൾ ശേഖരിച്ചു എന്ന് പറയുമ്പോൾ ഒരു നിയോജകമണ്ഡലത്തിൽ ഏകദേശം 200 സാമ്പിൾ ശേഖരിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്.

അതായത് ഒരു നിയോജക മണ്ഡലത്തിലെ ഫലപ്രവചനം നടത്തുന്നത് പ്രസ്തുത നിയോജക മണ്ഡലത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങുന്ന 200 വോട്ടർമാരുടെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് വ്യക്തം. ഇവിടെ വിവരം നൽകുന്ന 200 പേരെ എങ്ങിനെ തിരഞ്ഞെടുത്തു എന്നതാണ് പ്രശ്നം. ഈ കുറിപ്പ് വായിക്കുന്നവർ പറ്റുമെങ്കിൽ ഒരു കാര്യം ചെയ്ത് നോക്കുക.

താങ്കളുടെ ബന്ധത്തിൽ പെട്ടവരുടേയോ സുഹൃദ് വലയത്തിൽ പെട്ടവരുടേയോ ആരുടെയെങ്കിലും അഭിപ്രായം ഏതെങ്കിലും സർവ്വേ ഏജൻസി ശേഖരിച്ചിട്ടുണ്ടോ എന്ന് തിരക്കുക. ഇല്ല എന്നതായിരിക്കും ഉത്തരം. താങ്കളുടെ അടുത്ത സുഹൃത്തുക്കളോടും ഇങ്ങിനെ തിരക്കാൻ പറയുക. ഇല്ല എന്നായിരിക്കും ഉത്തരം.

എനിക്കുള്ള വലിയ സുഹൃദ് വലയത്തിൽ ഞാൻ തിരക്കിയിട്ട് വിവരം നൽകിയ ആരേയും എനിക്ക് കിട്ടിയില്ല. ഇവിടെയാണ് ഇതിന്റെ തട്ടിപ്പ് മനസ്സിലാകുന്നത്. സർവ്വേ ഏജൻസികളുടെ ഓഫീസ് മുറികളിലും ചാനൽ മുറികളിലും ഇരുന്ന് തയ്യാറാക്കുന്ന ഇത്തരം തട്ടിപ്പ് പ്രവചനം പത്രങ്ങളുടെ വാരാന്ത്യ പതിപ്പുകളിലെ ജ്യോതിഷ പ്രവചനം പോലെയാണ്.

കഴിഞ്ഞ ആഴ്ചയിലെ അശ്വതി നാളിന്റെ ഫലം എടുത്ത് ഈയാഴ്ച മറ്റൊരു നാളിന് ഇടും. ഇത്തരം തട്ടിപ്പ് പ്രവചനം ചാനലുകൾ പ്രേക്ഷകരുടെ മസ്തിഷ്ക്കത്തിലേക്ക് കയറ്റി വിടുന്നു. അപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്.
എന്തിന് ഇങ്ങിനെ തട്ടിപ്പ് നടത്തുന്നു ?
ഉത്തരം വ്യക്തം.
ചാനലുകളുടെ റേറ്റിങ് വർദ്ധിപ്പിക്കുക.

ഈ തട്ടിപ്പ് മനസ്സിലാകണമെങ്കിൽ വിവിധ വാർത്താ ചാനലുകൾ പുറത്ത് വിട്ട പ്രവചനങ്ങൾ ശ്രദ്ധിച്ചാൽ മതി. ചാനലുകൾ നടത്തിയ സർവ്വേകളുടെ ഫലങ്ങൾ വിവിധങ്ങൾ ആകുമ്പോൾ ഇതിനെ എങ്ങിനെ വിശ്വസിക്കും?

കേരള നിയമസഭയിലേക്ക് ഒരു തിരഞ്ഞെടുപ്പ് മാത്രമേ ഇപ്പോൾ നടന്നിട്ടുള്ളു. അപ്പോൾ ഏത് ചാനൽ സർവ്വേ നടത്തിയാലും ഏറെക്കുറെ ഫലം ഒരുപോലെ ആവണ്ടേ ? ചില ചാനലുകൾ ഇടത് മുന്നണിക്ക് 120 സീറ്റുകൾ വരെ നൽകി. ചിലർ നൽകിയത് 70 നും 80 നും ഇടക്ക്. എല്ലാവരും തുടർ ഭരണം ഉറപ്പാക്കിയിരിക്കുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് 12 ഉം വലത് മുന്നണിക്ക് 8 ഉം പ്രവചിച്ച മാധ്യമ മേധാവിയോട് ഞാൻ ചോദിച്ചു. പ്രവചനം യഥാർത്ഥ ഫലത്തിന്റെ അടുത്ത് പോലും എത്തിയില്ലല്ലോ എന്ന്?

അദ്ദേഹത്തിന്റെ ഉത്തരമാണ് രസകരം. ഞങ്ങളല്ലല്ലോ സർവ്വേ നടത്തിയത്. ഒരു ഏജൻസിയല്ലേ. അത് അവരോട് ചോദിക്കണം എന്ന്.

എക്സിറ്റ് പോൾ പ്രവചനം തെറ്റുന്നത് ചില കാര്യങ്ങളിലാണ്. അടിയൊഴുക്കുകൾ എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതിഫലിക്കുകയില്ല എന്നത് വസ്തുതയാണ്. അടിയൊഴുക്കുകൾ ധാരാളം ഉണ്ടായിട്ടുള്ള ഒരു തിരഞ്ഞെടുപ്പ് ആണ് ഇത്.

അതുപോലെ തന്നെ പല മണ്ഡലങ്ങളിലും ബി.ജെ.പി അനുഭാവ വോട്ടുകൾ യുഡിഎഫിലേക്ക് പോയി എന്നത് ബി.ജെ.പി നേതാക്കൾ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഇടതുമുന്നണിയുടെ പല നേതാക്കളും പല മണ്ഡലങ്ങളിലേയും തോൽവി രഹസ്യമായി സമ്മതിക്കുന്നുണ്ട്.

ഇതെല്ലാം കണക്കിലെടുക്കുമ്പോൾ 80 ന് മുകളിൽ സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും എന്നത് ഉറപ്പാണ്. കേന്ദ്ര ഇന്റലിജൻസിന്റേയും സംസ്ഥാന ഇന്റലിജൻസിന്റേയും രഹസ്യ റിപ്പോർട്ടിൽ തുടർ ഭരണമില്ല എന്ന വിവരമാണ് ഉള്ളത്.

മാത്രവുമല്ല ഒരു തുടർ ഭരണത്തിനുള്ള മേൻമ പിണറായി ഭരണത്തിനുണ്ടായിരുന്നു എന്ന് കരുതാൻ ന്യായവുമില്ല. അതുകൊണ്ട് ഒരു ദിവസം മാത്രം ആയുസ്സുള്ള ഈ പ്രവചനം കണ്ട് ആരെങ്കിലും ഹൃദയാഘാതം മൂലം മരിച്ചാൽ ചാനൽ മേധാവികൾ നഷ്ടപരിഹാരം നൽകട്ടെ

×