പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് കുവൈറ്റിലെ സ്വകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 2, 2021

കുവൈറ്റ് സിറ്റി: പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് ഗള്‍ഫ് തൊഴില്‍ വിപണികളെ, പ്രത്യേകിച്ചും കുവൈറ്റിനെയും ഒമാനിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ഗ്ലോബല്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി (എസ്&പി ഗ്ലോബല്‍) യുടെ റിപ്പോര്‍ട്ട്. കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളും എണ്ണ വിലയിലെ ഇടിവുമാണ് ഇതിന്റെ കാരണം.

ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകളെ പ്രവാസികള്‍ പോകുന്നത് സാരമായി ബാധിക്കുമെന്ന് കോളമിസ്റ്റ് ഡോ. മൊദി അല്‍ ഹുമൂദ് വിലയിരുത്തുന്നു. പ്രവാസികളുടെയും സ്വദേശികളുടെയും തൊഴില്‍നൈപുണ്യം വിലയിരുത്തുമ്പോള്‍ ഇത് തമ്മിലുള്ള അന്തരം വലുതാണെന്നും ഇരുരാജ്യങ്ങളിലെയും സ്വദേശികള്‍ സ്വകാര്യമേഖലയില്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും അല്‍ ഹുമൂദ് വിലയിരുത്തുന്നു.

”പ്രവാസികളുടെ പങ്കും അവര്‍ കുവൈറ്റ് തൊഴില്‍ വിപണിക്ക് നല്‍കിയ സംഭാവനയും നിഷേധിക്കാനാകില്ല. മൂന്നു മാസത്തിനിടെ ഏകദേശം 84,000 പ്രവാസികള്‍ പോയതായാണ് കണക്ക്. ഇതിന്റെ ആഘാതം കുറച്ചുകാണാന്‍ സാധിക്കില്ല. എല്ലാ സാമ്പത്തിക മേഖലയെയും ഇത് പ്രതികൂലമായി ബാധിക്കും”-ഡോ. മൊദി അല്‍ ഹുമൂദ് പറഞ്ഞു.

ചില ജോലികളുടെ തുടര്‍ച്ചയ്ക്കും ഇത് ഭീഷണിയാകാം. എന്നാല്‍ ഇത് പൊരുത്തപ്പെടേണ്ട യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇപ്പോഴും ഒരു പ്രതിസന്ധിയായി തുടരുന്ന ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നയങ്ങളുടെ ഭാഗമായി വീക്ഷിച്ചാല്‍ ഇത് ഒരു അവസരമായേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ കമ്പോളത്തെ പ്രാദേശികവത്കരിക്കുന്നതിന് ഗൗരവമേറിയ സര്‍ക്കാര്‍ ഇടപെടലുകളും നയങ്ങളും ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.

×