പി.ജെ ജോസഫിനോടും കോൺഗ്രസ് നേതാക്കളോടും അരിശം പൂണ്ട് കോൺഗ്രസിലെ ഒരു വിഭാഗം സംഘടിക്കുന്നു. 1996-2001 കാലഘട്ടത്തിലെ പി.ജെ ജോസഫിനെതിരെ കോൺഗ്രസ് ഉന്നയിച്ച അഴിമതിയാരോപണങ്ങൾ ചർച്ചയാക്കി സോഷ്യൽ മീഡിയ പ്രചാരണം മുറുകുന്നു !

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ആശയങ്ങളും ആദർശങ്ങളും അഴിമതി വിരുദ്ധതയും അട്ടത്ത് വച്ച് പി. ജെ ജോസഫിന് മുന്നിൽ അടിയറവ് പറഞ്ഞു സമൂഹത്തിന്റെ മുന്നിൽ അവമതിപ്പുളവാക്കി കോൺഗ്രസ് നേതാക്കൾ നിൽക്കുന്നതായി കോൺഗ്രസിലെ ഒരു വിഭാഗം. ആറടിമണ്ണും അന്ത്യകൂദാശയും ഒരുമിച്ച് നേടാൻ രാഷ്ട്രീയ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന കോൺഗ്രസ് നേതാക്കൾ നാടിന്റെ ബാധ്യത ആകുന്നതായും അവർ അഭിപ്രായപ്പെടുന്നു. അത്തരത്തിൽ വ്യാപക പ്രചാരം നേടിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ശ്രദ്ധേയമായിരിക്കുന്നത്.

"നിയമനിർമ്മാണ സഭ തെരഞ്ഞെടുപ്പിലേക്ക് നമ്മൾ വേഗത്തിൽ നടന്നടുക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ മുന്നണികളുടെ സീറ്റ് വിഭജനവും, സ്ഥാനാർത്ഥി പ്രഖ്യാപനവും ഉണ്ടാകും. എല്ലാക്കാലത്തും എന്നത് പോലെ തന്നെ യുഡിഎഫ് മുന്നണി സംവിധാനത്തിൽ ആണ് കൂടുതൽ പ്രശ്നങ്ങൾ. അതിൽ മുഖ്യമായ പ്രശ്നം പി.ജെ ജോസഫ് എന്ന വ്യക്തി കേന്ദ്രീകൃതമായ കേരള കോൺഗ്രസ് ആൾക്കൂട്ടം ആണ്. പഴയകാല തിരിച്ചറിവുകളുടെ ചരിത്രം പൊതു രാഷ്ട്രീയ മണ്ഡലത്തിന്റെ ചുവരിൽ വായിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

തൊടുപുഴയുടെ രാഷ്ട്രീയം

തൊടുപുഴയുടെ രാഷ്ട്രീയം തിരു-കൊച്ചി നിയമസഭാ കാലയളവിൽ തൊടുപുഴ, കുമാരമംഗലം എന്നീ രണ്ടു മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ആയിരുന്നു. കെ. എം. ജോർജ്ജ് 1951 ൽ തൊടുപുഴയിൽ നിന്ന് വിജയിച്ചു. ഏ. സി. ചാക്കോ 1951 ൽ കുമാരമംഗലത്ത് നിന്നും 1954 ൽ തൊടുപുഴയിൽ നിന്നും വിജയിച്ചു. 1954 ൽ കുമാരമംഗലം മണ്ഡലത്തിൽ വിജയിച്ചത് സി. എ. മാത്യു ആണ്.

1957 ൽ കേരള സംസ്ഥാന രൂപികരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കുമാരമംഗലം മണ്ഡലം ഇല്ലാതായി. പകരം വന്നത് കാരിക്കോട് മണ്ഡലമാണ്. 1957, 60 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ വിജയിച്ചത് സി. ഏ. മാത്യു ആണ്. 1957, 60 വർഷങ്ങളിൽ കാരിക്കോട് മണ്ഡലത്തിൽ കുസുമം ജോസഫ് ആണ് വിജയിച്ചത്. മേൽപ്പറഞ്ഞ വിജയികൾ എല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികൾ ആയിരുന്നു. ഇതിൽ മാത്യു ഒന്നാം കേരള നിയമസഭയിലെ കോൺഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പ് ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

1964 ൽ കേരള കോൺഗ്രസ് രൂപീകൃതമാവുകയും, 1965ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. അന്ന് മണ്ഡല പുനർ നിർണ്ണയം ഉണ്ടായി. തൊടുപുഴയിൽ സി. ഏ. മാത്യു വിജയിച്ചു. കാരിക്കോട് രൂപം മാറി കരിമണ്ണൂർ ആയി. കരിമണ്ണൂരിൽ ഏ. സി. ചാക്കോ (ചാക്കോ കുര്യാക്കോസ്) വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ജോസഫ് ഐപ്പ് ( ജോസഫ് തലയ്ക്കൻ) മൂന്നാം സ്ഥാനത്ത് ആയി. 1967 ൽ തൊടുപുഴയിലും കരിമണ്ണൂരിലും സ്വതന്ത്രരാണ് ജയിച്ചത്. തൊടുപുഴയിൽ കെ. സി. സക്കറിയ, കരിമണ്ണൂരിൽ എം. എം. തോമസ് എന്നിവർ. രണ്ടിടത്തും കേരള കോൺഗ്രസ് രണ്ടാം സ്ഥാനത്തും, കോൺഗ്രസ് മൂന്നാം സ്ഥാനത്തും ആയിരുന്നു. തൊടുപുഴയിൽ ജോസഫ് തലയ്ക്കനും കരിമണ്ണൂരിൽ ജോസ് കുറ്റ്യാനിയും കോൺഗ്രസ് സ്ഥാനാർത്ഥികളായി തോറ്റു. 1970ൽ രണ്ട് മണ്ഡലങ്ങളിലും കേരള കോൺഗ്രസ് വിജയിച്ചു. യഥാക്രമം തൊടുപുഴയിൽ പി.ജെ ജോസഫ്, കരിമണ്ണൂരിൽ ഏ.സി ചാക്കോ എന്നിവർ.

1976ൽ കെ. എം. ജോർജ്ജിന്റെ മരണ ശേഷം മന്ത്രി ആകേണ്ടിയിരുന്നത് കരിമണ്ണൂർ എംഎൽഎ ആയിരുന്ന ഏ. സി. ചാക്കോ ആയിരുന്നു എന്ന് ആർ. ബാലകൃഷ്ണപിള്ള തന്റെ ജീവചരിത്രത്തിൽ വ്യക്തമാക്കുന്നു. അന്ന് അതിന് തുരങ്കം വയ്ക്കുകയും കെ. നാരായണക്കുറുപ്പിനെ മന്ത്രി ആക്കുവാൻ ഒത്താശ ചെയ്യുകയും ചെയ്തത് തൊടുപുഴയുടെ ഒരു കറുത്ത രാഷ്ട്രീയ അധ്യായം ആയി നിലകൊള്ളുന്നു.

1977 ൽ മണ്ഡലങ്ങൾ വീണ്ടും പുനർനിർണ്ണയിക്കപ്പെട്ടു. കരിമണ്ണൂരും - തൊടുപുഴയും ചേർന്ന പുതിയ തൊടുപുഴ പി.ജെ. ജോസഫിന് വിജയം സമ്മാനിച്ചു. തോറ്റത് ഏ. സി. ചാക്കോ ആയിരുന്നു. 1980 ൽ ജോസഫ് കോൺഗ്രസ് (യു) സ്ഥാനാർത്ഥി കുസുമം ജോസഫിനെ തോൽപ്പിച്ചു. 1982, 1987 തെരഞ്ഞെടുപ്പുകളിൽ ജോസഫ് വിജയം ആവർത്തിച്ചു. 1991ൽ കോൺഗ്രസ് യുവതുർക്കി പി. ടി. തോമസ് തൊടുപുഴയിൽ വിജയിച്ചു. അന്ന് പി. ജെ. ജോസഫ് തൊടുപുഴയിൽ മത്സരിക്കാതെ ഇടുക്കിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആണ് മത്സരിച്ചത്. 1960 ന് ശേഷമുള്ള ആദ്യ കോൺഗ്രസ് വിജയമായിരുന്നു 91ലേത്.

1996 ൽ ജോസഫും തോമസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ജോസഫ് ആണ് വിജയിച്ചത്. കോൺഗ്രസ് ഗ്രൂപ്പ് വഴക്ക് ഏറ്റവും മൂർച്ഛിച്ച് നിന്ന 1996ൽ കെ. കരുണാകരൻ അനുകൂലികൾ തോമസിനെ കാലുവാരി ആണ് ജോസഫിന് വിജയം സമ്മാനിച്ചത്. 2001 ൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.ടി. തോമസ് കേരള കോൺഗ്രസ് സ്ഥാനാർത്ഥി പി. ജെ. ജോസഫിനെ മലർത്തിയടിച്ചു. എന്നാൽ മണ്ഡലം നോക്കാതെ സംസ്ഥാന രാഷ്ട്രീയം കളിക്കാൻ പോയ പി. ടി. തോമസ് 2006 ൽ ജോസഫിനോട് വൻ പരാജയം ഏറ്റുവാങ്ങി.

ഇതിനിടയിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ 1991(പി.ജെ. ജോസഫ്) , 1996, 1999, 2004 (ഫ്രാൻസിസ് ജോർജ്ജ്) വർഷങ്ങളിൽ കേരള കോൺഗ്രസ് തൊടുപുഴയിൽ ഭൂരിപക്ഷം നേടി. 1998 (പി. സി. ചാക്കോ), 2009 ( പി.ടി. തോമസ്) വർഷങ്ങളിൽ കോൺഗ്രസ് ആണ് തൊടുപുഴയിൽ ഭൂരിപക്ഷം നേടിയത്. 2011 ആകുമ്പോൾ അന്നത്തെ സാഹചര്യത്തിൽ തൊടുപുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയി റോയി കെ. പൗലോസ് മൽസരിക്കും എന്നതായിരുന്നു അവസ്ഥ. കിഴക്കൻ മേഖലയിലെ പ്രധാന പഞ്ചായത്ത് ആയ ഉടുമ്പന്നൂരിൽ തുടർച്ചയായി രണ്ടു വട്ടം പ്രസിഡന്റ് ആയും, 2005ൽ ജില്ലാ പഞ്ചായത്ത് കരിമണ്ണൂർ ഡിവിഷൻ ജനപ്രതിനിധി ആയും തെരഞ്ഞെടുക്കപ്പെട്ട റോയി മൽസരിച്ചാൽ, തൊടുപുഴയിൽ ജോസഫ് പരാജയപ്പെടും എന്ന പൊതുവികാരം നാട്ടിൽ ശക്തിപ്പെട്ടു. ജീവിതകാലം മുഴുവൻ എംഎൽഎ ആയോ മന്ത്രി ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന ജോസഫ് തോൽവി ഭയന്നാണ് 2010ൽ യുഡിഎഫിൽ പിൻവാതിൽ പ്രവേശനം നേടിയത്.

ബിംബവത്കരണം വരുത്തിവച്ച വിന

കെ.എം. ജോർജ്ജ്, സി. ഏ. മാത്യു, ഏ. സി. ചാക്കോ, കുസുമം ജോസഫ് എന്നിവർ തൊടുപുഴയിൽ ജോസഫ് കാലഘട്ടത്തിൽ വിസ്മരിക്കപ്പെട്ടു. പി.ടി. ചാക്കോയോളം തന്നെ തലയെടുപ്പും സ്വാധീനവും ഉണ്ടായിരുന്ന സി. ഏ. മാത്യു കേരള കോൺഗ്രസുകാരാൽ പോലും ഒരിടത്തും ഓർമ്മിക്കപ്പെട്ടില്ല. പകരം തൊടുപുഴ പുതുതായി സൃഷ്ടിക്കപ്പെട്ടതാണെന്നും, പി.ജെ. ജോസഫ് ആണ് സൃഷ്ടികർത്താവ് എന്ന തരത്തിൽ ബിംബവത്കരണ പ്രചാരണം നടത്തപ്പെട്ടു. അത്തരം പ്രചാരണം ഇന്നും തുടർന്നു വരുന്നു.

ഇതിനിടയിൽ കോൺഗ്രസിലെ അടിയുറച്ച വിഭാഗം വളരെക്കാലം തൊടുപുഴയിൽ കുസുമം ജോസഫ് അനുസ്മരണം നടത്തിയിരുന്നു. എന്നാൽ കോൺഗ്രസ് കക്ഷി കുറെ ഇസ്തിരിയിട്ട് ഉടയാത്ത ഉടുപ്പിട്ട ഫോട്ടോയെടുപ്പു വീരൻമാരുടെയും അഴിമതിക്കാരുടെയും പിടിയിൽ അമർന്നതോട് കൂടി അവർക്ക് ചരിത്രം അറിവില്ലാതായി. അവർ പി. ജെ. ജോസഫിന് ഓശാന പാടുന്നവരും, തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങി ഞംഞം കഴിച്ച് മുന്നണി മര്യാദ എന്ന അച്ചടക്ക ദണ്ഡിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞു സ്വയം ന്യായീകരിക്കുകയും ചെയ്യുന്നു.

പറഞ്ഞതും പറയാത്തതുമായ അഴിമതികൾ

തൊടുപുഴയിലെ ഏറ്റവും വലിയ വെള്ളാന മുവാറ്റുപുഴ വാലി ജലസേചന പദ്ധതി (എംവിഐപി) ആണ്. 1974 ൽ 20.86 കോടി രൂപ ആകെ എസ്റ്റിമേറ്റ് ഇട്ട് ആരംഭിച്ച പദ്ധതി 1000 കോടി ചെലവഴിച്ചിട്ടും പൂർത്തിയാകാതെ അഴിമതിയുടെ നിത്യ സ്മാരകമായി നിലകൊള്ളുന്നു. ഇടുക്കി ജില്ലയിലെ എത്ര ഏക്കർ ഭൂമി എംവിഐപി പദ്ധതി വഴി ജലസമൃദ്ധി അനുഭവിച്ചു എന്ന കണക്ക് തൊടുപുഴയിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ കാണാനില്ല. 20.86 കോടി 1000 കോടി ആകുന്ന അഴിമതി നടക്കുമ്പോഴും കേൾക്കുന്നത് സ്വത്ത് വിറ്റ് നാട് നന്നാക്കാൻ യത്നിക്കുന്ന ത്യാഗസുരഭില ജീവിതത്തെക്കുറിച്ച് ആയിരിക്കും. എസ്റ്റിമേറ്റ് വർദ്ധിക്കുന്ന മാന്ത്രിക വിദ്യ തൊടുപുഴ കെഎസ്ആർടിസിയുടെ പുതിയ കെട്ടിട നിർമ്മാണത്തിലും കാണാം.

1996-2001 കാലയളവിൽ കേരളത്തിലെ കോൺഗ്രസ് വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങൾ സമര-പോരാട്ടങ്ങളിൽ ആയിരുന്നു. കേരള നിയമ നിർമ്മാണ സഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധ ചൂടിൽ ആയിരുന്നു. എന്തിനായിരുന്നു കോൺഗ്രസ് കുടുംബത്തിന്റെ ആ പ്രതിഷേധവും, സമര-പോരാട്ടങ്ങളും എന്ന് ചിന്തിക്കുമ്പോൾ നാണവും മാനവും ഉള്ളവന് തല കുനിക്കേണ്ടതായി വരും. 1996-2001 കാലയളവിൽ കേരളത്തിന്റെ വിദ്യാഭ്യാസ - പൊതുമരാമത്ത് - ഭവനനിർമാണ - രജിസ്ട്രേഷൻ വകുപ്പുകളുടെ മന്ത്രി ആയിരുന്ന പി. ജെ. ജോസഫിനെതിരെ ആയിരുന്നു നിയമനിർമ്മാണ സഭയുടെ അകത്തും പുറത്തും കോൺഗ്രസ് കുടുംബത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടം.

അതിൽ പ്രധാനമായും ആരോപണമായി ഉന്നയിച്ചിരുന്ന് പ്ലസ് ടൂ അഴിമതി, മൈത്രി ഭവനനിർമാണ തട്ടിപ്പ്, പൂകൃഷി കുംഭകോണം, പിൻവാതിൽ നിയമനം എന്നിവയായിരുന്നു. ഇതിൽ പൂകൃഷി കുംഭകോണ ആരോപണവുമായി ബന്ധപ്പെട്ട് 2492158 രൂപ (ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം) സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ കുടിശിക ഉള്ളതായി (കോടതി സ്റ്റേ പറഞ്ഞിരിക്കുന്നു) 2011,2016 വർഷങ്ങളിലെ ജോസഫിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ കാണാം.

ഇതിനൊപ്പം ഇക്കാലഘട്ടത്തിൽ ചേർത്ത് വായിക്കേണ്ട ഒന്നാണ് തൊഴിൽരഹിതരായ ഉദ്യോഗാർഥികളുടെ സമരം. പി. ജെ. ജോസഫുമായി ബന്ധപ്പെട്ട് പിൻവാതിൽ നിയമന ആരോപണം 2001 ൽ തൊടുപുഴയിൽ കോൺഗ്രസ് വിജയത്തിന് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2011ൽ യുഡിഎഫ് ഭാഗമായി അധികാരത്തിൽ വന്ന പി.ജെ. ജോസഫ് തൊടുപുഴ സർക്കാർ കുപ്പിവെള്ള ഫാക്ടറിയിൽ എങ്ങനെ ആണ് നിയമനം നടത്തിയത് എന്ന് സംശുദ്ധമായ സദ്ഭരണത്തിനായി വടക്ക് തെക്ക് യാത്ര ചെയ്ത പ്രതിപക്ഷ നേതാവ് വ്യക്തമാക്കേണ്ടതുണ്ട്.
ആത്മാഭിമാനം ഇനിയും നഷ്ടപ്പെടാത്ത കോൺഗ്രസുകാർ ആരെങ്കിലും ഇനിയും അവശേഷിക്കുന്നുണ്ടോ എന്ന് സംശയമാണ്. ആരോപിക്കുന്ന അഴിമതിയാണോ, അവരോഹണം പ്രതീക്ഷിക്കുന്ന അധികാരമാണോ ആശയാദർശ രാഷ്ട്രീയം എന്ന് കോൺഗ്രസും നേതാക്കളും വ്യക്തമാക്കേണ്ടിയിരിക്കുന്നു.

മുട്ടിടിച്ച് വിറയ്ക്കുന്ന കോൺഗ്രസ്

ഒരിക്കൽ അഴിമതിക്കാരനെന്ന് ആക്ഷേപിച്ച് കേരളം മുഴുവൻ പി. ജെ. ജോസഫിനെതിരെ സമരം ചെയ്ത കോൺഗ്രസ്, പിന്നീട് ജോസഫിന് മുന്നിൽ മുട്ടിടിച്ച് വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. ഇതിനിടയിൽ ജോസഫ് പാടുന്ന പാട്ടുകൾക്ക് മുന്നിൽ നൃത്തം ചെയ്യുന്ന തരത്തിൽ ബോധമില്ലാത്ത ഒരു കൂട്ടമായി കോൺഗ്രസ് മാറിയിരിക്കുന്നു.

ആശ്രിതരായ കുറച്ച് ആൾക്കൂട്ടവും, ചില പ്രമാണിമാരുമല്ലാതെ അണികളോ അനുഭാവികളോ ഇല്ലാത്ത ഒരു തട്ടിക്കൂട്ട് കുടുംബ പ്രസ്ഥാനം മാത്രമായ കേരള കോൺഗ്രസ് (എം-ജോസഫ്) കക്ഷിയുടെ നേതാവ് പി.ജെ. ജോസഫിന് മുന്നിൽ ദേശീയ പ്രസ്ഥാനമായ കോൺഗ്രസ് കൈകൂപ്പി വിനീത വിധേയരായി നിൽക്കുന്നതു കാണുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തപ്പെടുന്നത് നാടിന്റെ ജനാധിപത്യ ബോധമാണ്.

തല്ല് കൊള്ളുന്ന ചെണ്ട കോൺഗ്രസും, പണം വാങ്ങുന്ന മാരാർ ജോസഫുമാണ്. അതിനായി കോൺഗ്രസ് നേതൃത്വം കോൺഗ്രസ് അണികളെ കേരള കോൺഗ്രസിന് അടിമ കൊടുക്കുകയാണ്. അഴിമതി ആരോപണം ആവിയായി, അശരീരി ആയി പോകുമ്പോൾ പിന്നെ എന്തുമാകാമല്ലോ.

ജോസഫിന്റെ ആത്മവിശ്വാസം അതിരുകടന്നതല്ല

തൊടുപുഴ യഥാർത്ഥത്തിൽ ഒരു അവികസിത മണ്ഡലം ആണ്. തൊടുപുഴ നഗരത്തിന്റെ ഒന്നര കിലോമീറ്റർ മാറിയാൽ മുവാറ്റുപുഴ നിയോജക മണ്ഡലം ആണ്. തൊടുപുഴ യിലെ അമ്പത് ശതമാനത്തോളം ആളുകൾ വസിക്കുന്ന വലിയ നാലു പഞ്ചായത്തുകൾ വണ്ണപ്പുറം, കരിമണ്ണൂർ, ഉടുമ്പന്നൂർ, വെള്ളിയാമറ്റം എന്നിവയാണ്. ഇതിൽ വണ്ണപ്പുറം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ തൊടുപുഴ എംഎൽഎ കഴിഞ്ഞ 40 വർഷങ്ങളിൽ (1977 മുതൽ) പോയിട്ടുണ്ടോ എന്ന് സംശയമാണ്. എങ്കിലും തൊടുപുഴ നഗരത്തിൽ എല്ലാം ഉണ്ട് എന്ന് പറഞ്ഞു നടക്കുന്ന സ്തുതി പാഠകരുടെ ഇടയിൽ ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കഷ്ടം അനുഭവിക്കുന്ന മനുഷ്യരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കപ്പടുന്നില്ല എന്നതാണ് സത്യം.

തൊടുപുഴയിലെ 45000 വോട്ടിന്റെ ഭൂരിപക്ഷ ചരിത്രം പൊള്ളയാണ്. 2016 ൽ ജോസഫിന് കിട്ടിയത് 76564 വോട്ടുകൾ. പ്രധാന എതിർ കക്ഷികളായ എൽഡിഎഫ്, എൻഡിഎ എന്നിവർ 30977 , 28845 വോട്ടുകൾ നേടി. എൽഡിഎഫ് വോട്ടുകൾ ബിഡിജെഎസ് വഴി എൻഡിഎയിൽ എത്തിയതാണ് ഭൂരിപക്ഷ വർദ്ധനവിന് കാരണം. എൽഡിഎഫ് എൻഡിഎ വോട്ടുകൾ കൂട്ടിയാൽ ജോസഫിന്റെ ആപേക്ഷികമായ ഭൂരിപക്ഷം 16742 മാത്രമാണ്. 2011ൽ ജോസഫ് 66325 വോട്ടുകൾ നേടി. എൽഡിഎഫ് 44357 വോട്ടുകളും ബിജെപി 10049. ജോസഫിന് കിട്ടിയ യഥാർത്ഥ ഭൂരിപക്ഷം 22868 ആണെങ്കിൽ, പ്രധാന എതിരാളികളെ ചേർത്തുള്ള ആപേക്ഷികമായ ഭൂരിപക്ഷം 11919 മാത്രമാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം 2011ൽ എസ്ഡിപിഐ 5386 വോട്ടുകൾ പിടിച്ചപ്പോൾ, 2016 ൽ ലഭിച്ചത് 1294 വോട്ടുകൾ മാത്രമാണ് എന്നതാണ്.

സാഹചര്യത്തിൽ എന്ത് മാറ്റം ഉണ്ടായാലും തൊടുപുഴയിൽ പി. ജെ. ജോസഫ് യുഡിഎഫിലെ മഹാഭൂരിപക്ഷം വരുന്ന കോൺഗ്രസ് അണികളുടെയും അനുഭാവികളുടെയും വോട്ടുകൾ ലഭിച്ചു വൻ ഭൂരിപക്ഷത്തോടെ വിജയിക്കുവാനാണ് സാധ്യത.

തൊടുപുഴയിൽ ഇപ്രകാരം നടക്കുമ്പോഴും കേരളത്തിൽ മറ്റ് പ്രദേശങ്ങളിൽ കോൺഗ്രസ് മഹാഭൂരിപക്ഷം വരുന്ന ഇടങ്ങളിൽ കേരള കോൺഗ്രസ് മേനി പറഞ്ഞ് മൽസരിച്ചു കേരളത്തിൽ കോൺഗ്രസിനും യുഡിഎഫിനും തോൽവി ഉറപ്പാക്കാൻ ജോസഫ് കാരണക്കാരനാകും എന്ന് ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും മനസ്സിലാക്കാൻ സാധിക്കും.

പി. ജെ. ജോസഫിന് മുമ്പിൽ കോൺഗ്രസ് മുട്ടിടിച്ച് നിൽക്കുമ്പോൾ, ജനങ്ങൾ കോൺഗ്രസിന് നൽകുന്നത് രാഷ്ട്രീയ മണ്ഡലത്തിൽ ആറടി മണ്ണും അന്ത്യകൂദാശയും ആയിരിക്കും എന്ന് കാലം തെളിയിക്കും."

voices
Advertisment