ചാത്തന്നൂർ: എൻ ഐ എ ചമഞ്ഞു വിമുക്ത ഭടന്മാരുടെ വീടുകളിൽ മൂന്നംഗ സംഘം എത്തി ഭീഷണിപ്പെടുത്തി. പാരിപ്പള്ളി വേളമാനൂർ ഗുരുമന്ദിരത്തിന് സമീപം പൗർണ്ണമിയിൽ പുഷ്പലോചനന്റെ വീട്ടിലും സമീപത്തായുള്ള മരിച്ചു പോയ വിമുക്തഭടനായ ലളിത ചേoമ്പേഴ്സിൽ സുന്ദരേശന്റെ വീട്ടിലും മറ്റൊരു വിമുക്ത ഭടനായ
സുദർശനന്റെ വീട്ടിലുമാണ് എൻ ഐ എ ചമഞ്ഞ് സംഘം എത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ വെള്ള വാഗണർ കാറിലാണ് വ്യാജ ഐ കാർഡുകളുമായി മൂന്നoഗ സംഘം എത്തിയത്. ആദ്യം കയറിയ പുഷ്പലോചനന്റെ വീട്ടിൽ വച്ച് വിമുക്തഭടനായ പുഷ്പലോചനനുമായി വാക്ക് തർക്കം ഉണ്ടാവുകയും കുളത്തൂപുഴയിൽ നിന്നും കാണാതായ വെടിയുണ്ടയെ കുറിച്ചുള്ള അന്വേഷണത്തിനായി വന്നതാണ് എന്നും കൊല്ലം കളക്ടറേറ്റിൽ നിന്നും വിമുക്തഭദ്ന്മാരുടെ ലിസ്റ്റ് എടുത്തു കൊണ്ടാണ് എത്തിയത് എന്നും പറഞ്ഞു കൊണ്ട് ചോദ്യം ചെയ്യലിന് ശ്രമിച്ചു.
പുഷ്പലോചനൻ തിരിച്ചു ഐ ഡി കാർഡ് ചോദിച്ചപ്പോൾ കേരളപോലീസിന്റെയും എൻ ഐ എയുടെയും ഐ ഡി കാർഡ് കാണിക്കുകയും വന്നവരുടെ നീളകുറവിന്റെ പേരിൽ
സംശയം തോന്നിയതിനാൽ പേരുകൾ ചോദിച്ചപ്പോൾ മുഹമ്മദ് എന്നും നന്ദകുമാർ എന്നും പറയുകയും ചെയ്തു തുടർന്ന് പുഷ്പലോചനൻ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇറങ്ങി പോകുകയായിരുന്നു.
തുടർന്ന് തൊട്ടടുത്തുള്ള ലളിത ചേoമ്പേഴ്സിൽ എത്തി പരേതനായ വിമുക്തഭടൻ സുന്ദരേശന്റെ വീട്ടിലെത്തി സുഖമില്ലാതെ കിടക്കുന്ന ഭാര്യയോട് എൻ ഐ എ ഉദ്യോഗസ്ഥർ എന്ന് പറഞ്ഞു കൊണ്ട് വിവരശേഖരണത്തിന് തുടക്കമിടുകയും വിമുക്തഭടൻ മരിച്ചു എന്ന് അറിയിച്ചതോടെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ മക്കളുടെയും മറ്റ് ബന്ധുക്കളുടെയും വിവരശേഖരണം നടത്തുകയായിരുന്നു. തുടർന്ന് പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞു കൊണ്ട് വീട്ടുകാർ ബഹളം വച്ചതോടെ കല്ലുവതുക്കൽ ഭാഗത്ത് നിന്നും വന്നവർ വേളമാനൂർ ഭാഗത്തേക്ക് കാർ ഓടിച്ചു പോകുകയായിരുന്നു.
സുദർശനന്റെ വീട്ടിലും എത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും തിരികെ ചോദ്യം ചെയ്തപ്പോൾ ഇവർ മടങ്ങി പോവുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത് താമസിക്കുന്ന പോലിസ് ഉദ്യോഗസ്ഥനുമായി വീട്ടുകാർ ബന്ധപ്പെടുകയും പോലീസിൽ അറിയിക്കുകയായിരുന്നു.സംഭവത്തെ കുറിച്ച് ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് പോലീസും പാരിപ്പള്ളി പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.