Advertisment

പ്രവാസത്തിനു വിട, ദയാനന്ദന്‍ ഹരിപ്പാട് നാട്ടിലേക്ക് മടങ്ങുന്നു

New Update

publive-image

Advertisment

റിയാദ്: ഇരുപത്തിയെട്ടു വര്‍ഷത്തെ ഗള്‍ഫ് പ്രവാസം അവസാനിപ്പിച്ച് കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി മുന്‍ പ്രസിഡന്‍റുമായ ദയാനന്ദന്‍ ഹരിപ്പാട് നാട്ടിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ജോലി സംബന്ധമായ പ്രശ്നങ്ങളാല്‍ കേളിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. 1976 ലാണ് ദയാനന്ദന്‍ തന്‍റെ പ്രവാസജീവിതത്തിനു തുടക്കം കുറിക്കുന്നത്. 17 വര്‍ഷത്തോളം വടക്കേ ഇന്ത്യയില്‍ ചണ്ഡിഗറില്‍ ജോലി ചെയ്തതിനു ശേഷമാണ് 1993ല്‍ റിയാദിലെത്തുന്നത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് തൃക്കുന്നപ്പുഴയാണ് സ്വദേശം. ഭാര്യ ഷീജ, ഏക മകന്‍ മേജര്‍ (ഡോ.) മോഹിത് ദയാനന്ദന്‍ ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസില്‍ ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു.

2002 ലാണ് കേളിയില്‍ അംഗമാകുന്നത്. കേളിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വിവിധ സംഘടനാ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുള്ള ദയാനന്ദന്‍ റിയാദിലെ രാഷ്ട്രീയ സമൂഹ്യ സാംസ്കാരിക രംഗത്തും സജീവമായിരുന്നു. കേളിയുടെ സാംസ്കാരിക വിഭാഗം കണ്‍വീനര്‍, കേന്ദ്ര കമ്മിറ്റി അംഗം, കേന്ദ്ര ജോ: ട്രഷറര്‍, കേളി പ്രസിഡന്‍റ്, മീഡിയ വിഭാഗം കണ്‍വീനര്‍ എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നു. കൂടാതെ ഗള്‍ഫ് ദേശാഭിമാനിയുടെ റിയാദ് ബ്യുറോ ലേഖകനായിരുന്നു. ചുരുങ്ങിയ കാലയളവില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അംഗവുമായിരുന്നു.

ബത്ത അപ്പോളോ ഡിമോറോ ഹോട്ടലില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളിയില്‍ അംഗമായതു മുതല്‍ ദൈനംദിന സംഘടനാപ്രവര്‍ത്തനങ്ങളില്‍ ദയാനന്ദന്‍ കാണിച്ച ആത്മാര്‍ത്ഥതയും കാര്യക്ഷമതയും സജീവമായ ഇടപെടലുകളും സാദിഖ് എടുത്തുപറഞ്ഞു. റിയാദിലെ പൊതു സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മുഖ്യധാരാ സംഘടനാ പ്രവര്‍ത്തകരും നേതാക്കളുമായി വളരെ സൗഹൃദപരമായ ബന്ധം നിലനിര്‍ത്താന്‍ ദയാനന്ദനു കഴിഞ്ഞിട്ടുണ്ടെന്നും സാദിഖ് പറഞ്ഞു.

രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗവും കേളി ആക്ടിങ് സെക്രട്ടറിയുമായ ടിആര്‍ സുബ്രഹ്മണ്യന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ്കുമാര്‍, ഗോപിനാഥന്‍ വേങ്ങര, കേളി ആക്ടിങ് പ്രസിഡന്‍റ് ചന്ദ്രന്‍ തെരുവത്ത്, വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രന്‍ കൂട്ടായി, പ്രഭാകരന്‍ കണ്ടോന്തര്‍, ജോ: സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ അനില്‍ അറക്കല്‍, മനോഹരന്‍, ജോഷി പെരിഞ്ഞനം, പ്രദീപ് കൊട്ടാരത്തില്‍, ബാലകൃഷ്ണന്‍, ഫിറോസ് തയ്യില്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഓപി മുരളി, സുനില്‍ മലാസ്, മധു ബാലുശ്ശേരി, ബേബിക്കുട്ടി മാത്യു, ബോബി മാത്യു, പ്രദീപ്രാജ്, ലിബിന്‍, സെന്‍ ആന്‍റണി, ന്യുസനയ്യ സെന്‍ട്രല്‍ യുണിറ്റിനെ പ്രതിനിധീകരിച്ച് ബൈജു ബാലചന്ദ്രന്‍, മാധ്യമ വിഭാഗം പ്രതിനിധി ജവാദ് പരിയാട്ട്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, കേളിയില്‍ നിലവിലെ ഏറ്റവും സീനിയര്‍ അംഗമായ പ്രകാശന്‍ ബത്ത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കേന്ദ്ര രക്ഷാധികാരി സമിതിയുടെ ഉപഹാരം കണ്‍വീനര്‍ കെപിഎം സാദിഖ് ദയാനന്ദനു് കൈമാറി. ബൈജു ബാലചന്ദ്രനും ബേബി ചന്ദ്രകുമാറും ചേര്‍ന്ന് ന്യുസനയ്യ സെന്‍ട്രല്‍ യുണിറ്റിനുവേണ്ടിയും മധു ബാലൂശ്ശേരിയും ചന്ദ്രന്‍ തെരുവത്തും ചേര്‍ന്ന് ബദിയ ഏരിയക്കുവേണ്ടിയും ദയാനന്ദനെ പൊന്നാട അണിയിച്ചു. യാത്രയയപ്പിനു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ദയാനന്ദന്‍ സംസാരിച്ചു.

Advertisment