ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം ജൂൺ 19 ശനിയാഴ്ച്ച

റെജി നെല്ലിക്കുന്നത്ത്
Friday, June 18, 2021

ഡല്‍ഹി: കൊവിഡ് രണ്ടാം തരംഗംസൃഷ്ടിച്ച നാശവും മൂന്നാം തരംഗസാധ്യതയുടെ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരമാവധി ആളുകളിലേക്ക് വാക്സിനേഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഫരീദാബാദ് രൂപത നടത്തുന്ന വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം ജൂൺ 19 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് നടത്തപ്പെടും.

മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടു കൂടി നടത്തുന്ന ഈ വാക്സിനേഷൻ ഡ്രൈവ് ഫരീദാബാദ് – ഡൽഹി രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. മുത്തൂറ്റ് ഗ്രൂപ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് ആദ്യ വാക്സിന്‍ കൈമാറും.

ഫരീദാബാദ് രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോസഫ് ഓടനാട്ട്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് സീനിയർ ജനറൽ മാനേജർ ശ്രീരാകേഷ് ദിവാൻ, സീനിയർ റീജണല്‍ മാനേജർ ഷോജി പോൾ, മറ്റ് വൈദീകർ, സിസ്റ്റേഴ്സ്, പാസ്റ്റ്റൽ കൗൺസിൽ പ്രതിനിധികൾ എന്നിവരും ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ഡൽഹി സർക്കാർ വാക്സിൻ കേന്ദ്രമായി പ്രവർത്തിക്കാൻ ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ജനക്പുരിയിലെ ആര്യ ഹോസ്പിറ്റലിൽ വച്ചായിരിക്കും വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നടക്കുക. ഉദ്ഘാടന ദിവസം 150 ഓളം ആളുകൾക്ക് വാക്സിൻ നൽകും. കൊവിഷീൽഡ് വാക്സിനായിരിക്കും നൽകുക.

നേരത്തെ കൊവിഡ് രണ്ടാം തരംഗം രാജ്യം മുഴുവനും പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അനേകായിരം ജീവൻ അപഹരിച്ച പശ്ചാതലത്തിൽ ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ വാക്സിനേഷൻ ഡ്രൈവ് പ്രഖ്യാപിക്കുകയും തുടർന്ന് ഇതിനോടനുബന്ധിച്ച് വാക്സിൻ എടുക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കുവാൻ മെയ് 24ന് ഒരു ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ആയിരക്കണക്കിന് ആളുകൾ ഓൺലൈനായി പങ്കെടുത്ത ഈ വെബിനാറിൽ വാക്സിനേഷന്റെ പ്രാധാന്യത്തെപറ്റി ഡോ. ബിലു ജോസഫ് ക്ലാസ് എടുക്കുകയും ഇതു സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തു.

ഈ മഹാമാരിയെ അതിജീവിക്കാൻ വാക്സിനേഷൻ ഏറ്റം അനിവാര്യമാണെന്നും രൂപത ഇതിനുവേണ്ട എല്ലാ സജീകരണങ്ങളും എത്രയും വേഗം നടത്തുമെന്നും തദ്ദവസരത്തിൽ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രസ്ഥാവിക്കുകയും എല്ലാവരോടും എത്രയും വേഗം വാക്സിൻ എടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

തുടർന്ന് ആർച്ച് ബിഷപ്പ് വൈദീകരുടെയും അൽമായ പ്രതിനിധികളുടെയും ഓൺലൈൻ മീറ്റിഗ് വിളിച്ച് ഇതിനെ പറ്റി ചർച്ച നടത്തുകയും വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതിന്റെ ഒരു രൂപരേഖ തയ്യാറാക്കുകയും വാക്സിൻ ആവശ്യമുള്ള വരുടെ വിവരങ്ങൾ ശേഖരിക്കുവാനുളള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.

ജൂൺ 19 ഉച്ചയ്ക്ക് 12 മണിക്ക് നടത്തപ്പെടുന്ന ഈ വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം ആദ്യഘട്ട വാക്സിനേഷനും നടത്തപ്പെടുന്നതായിരിക്കും. ഉദ്ഘാടന കർമ്മങ്ങൾ ട്രൂത്ത് ടൈഡിംഗ്സ് എന്ന യൂട്യൂബ് ചാനൽ വഴി തൽസമയം സംപ്രേഷണം ചെയ്യപ്പെടും.

×