ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ വാക്സിനേഷൻ ഡ്രൈവിന് വിജയകരമായ മുന്നേറ്റം; അശോക് വിഹാറിലെ ജീവോദയ ഹോസ്പിറ്റലിന് വാക്സിനേഷൻ സെന്ററായി പ്രവർത്തിക്കാൻ അനുമതി

റെജി നെല്ലിക്കുന്നത്ത്
Sunday, June 6, 2021

ഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ഭീതിയും കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതയുടെ ആശങ്കയും വിട്ടുമാറാതെ നിൽക്കുമ്പോൾ കൊവിഡിന്റെ പിടിയിൽ നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നൂറ് ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യത്തോടെ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഫരീദാബാദ് രൂപത അശോക് വിഹാറിലെ ജീവോദയ ഹോസ്പിറ്റലിൽ വാക്സിനേഷൻ ഡ്രൈവ് സംഘടിപിക്കും.

ഇതിന്റെ ആദ്യപടിയായി ജീവോദയ ഹോസ്പിറ്റലിന് വാക്സിനേഷൻ സെന്ററായി പ്രവർത്തിക്കാൻ ചീഫ് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറുടെ അംഗീകാരം ലഭിച്ചു.

ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നിർദ്ദേശപ്രകാരം വാക്സിനേഷൻ ആവശ്യമുള്ളവരുടെ വിവര ശേഖരണം വിജയകരമായി നടക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇതിന്റെ നടത്തിപ്പിനാവശ്യമായ തുടർ ക്രമീകരണങ്ങൾ അതിവേഗം പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സാധിക്കുന്നത്ര വേഗത്തിൽ ആദ്യ ഘട്ട വാക്സിനേഷൻ ഡ്രൈവ് രൂപത സംഘടിപ്പിക്കും.

ആദ്യം പേരു നൽകിയവർക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുമെന്നും അതിനു ശേഷം കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ ആവശ്യമായി വന്നാൽ അവരുടെ വിവരങ്ങൾ ശേഖരിച്ച് വിവിധ ഘട്ടങ്ങളിലായി പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്നും സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും വാക്സിനേഷൻ സംഘടിപ്പിക്കുക.

×