അന്തര്‍ദേശീയ തലങ്ങളിലേക്ക് മലയാള സിനിമയെ കൈപിടിച്ചുയർത്തിയ പ്രതിഭാധനനായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഇന്ന് 80-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ലോക സിനിമയ്ക്ക് മുന്നിൽ മലയാളത്തിന്‍റെ മേൽവിലാസമായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ.
സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ അദ്ദേഹം മലയാള സിനിമാലോകത്തുനിന്നും ആഗോള പ്രശസ്തി നേടിയ പ്രതിഭയാണ്. ആറ് പതിറ്റാണ്ട് നീളുന്ന സിനിമാ ജീവിതത്തില്‍ ആകെ ചെയ്തത് 12 ഫീച്ചര്‍ ഫിലിമുകള്‍ മാത്രം. പക്ഷേ അടൂര്‍ ഗോപാലകൃഷ്‍ണന്‍ എന്ന ചലച്ചിത്രകാരന് ലോകസിനിമാഭൂപടത്തില്‍ മലയാളത്തിന്‍റെ സാന്നിധ്യമാവാന്‍ എണ്ണത്തില്‍ അത്രയും മതിയായിരുന്നു.
1962 ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാനെത്തിയ അദ്ദേഹം 1965 മുതൽ ഷോർട്ട് ഫിക്ഷനുകളും ഡോക്യുമെന്‍ററികളും ഒരുക്കി തുടങ്ങി. 1972-ൽ തന്‍റെ ആദ്യ സിനിമയായ സ്വയംവരം സംവിധാനം ചെയ്തു. മികച്ച സിനിമയ്ക്കും മികച്ച സംവിധായകനും മികച്ച നടിക്കും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിന് അന്ന് ലഭിക്കുകയുണ്ടായി.
ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ട് പഠനം കഴിഞ്ഞ് എത്തിയിട്ടും ഏഴ് വര്‍ഷം കഴിഞ്ഞാണ് ആദ്യചിത്രമായ 'സ്വയംവരം' സംവിധാനം ചെയ്യുന്നത്. മലയാളത്തിന്‍റെ നടപ്പുരീതികളെയാകെ പൊളിച്ച ആ ഒറ്റ ചിത്രത്തിലൂടെ അടൂര്‍ ഗോപാലകൃഷ്‍ണന്‍ എന്ന നവാഗത സംവിധായകനെ ഇന്ത്യന്‍ സിനിമാലോകം മൊത്തം ശ്രദ്ധിച്ചു. നാല് ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രം മോസ്‍കോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, നാല് പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും തുടങ്ങിയ ചിത്രങ്ങൾ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഏഴു തവണ ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ ലഭിച്ച അദ്ദേഹത്തിന് അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു.
കേരളത്തിൽ സമാന്തര സിനിമയുടെ പിതൃത്വം അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂർ മുൻകൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദൻ, പി എ ബക്കർ, കെ ജി ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.
1984-ൽ പത്മശ്രീയും 2006 – ൽ പത്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും 2004-ൽ അദ്ദേഹത്തെ തേടിയെത്തി. സിനിമാ പ്രവർത്തകൻ എന്നതിലുപരി അദ്ദേഹം നല്ലൊരു എഴുത്തുകാരൻ കൂടിയാണ്. സിനിമയുടെ ലോകം, സിനിമാ അനുഭവം, സിനിമ, സാഹിത്യം, ജീവിതം എന്നിങ്ങനെ അദ്ദേഹം രചിച്ച പുസ്തകങ്ങൾ എല്ലാം തന്നെ സിനിമയുടെ പാഠപുസ്തകങ്ങൾ കൂടിയാണ്.
മൂന്ന് സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.ഫ്രഞ്ച് സര്‍ക്കാരിന്റെ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് പുരസ്‌കാരം, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം തുടങ്ങിയവ അംഗീകാരങ്ങളില്‍ ചിലതുമാത്രം. അതിനാല്‍ ചലച്ചിത്രലോകം ഇനിയും കാത്തിരിക്കുകയാണ് മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച അടൂരിന്റെ ചിത്രത്തിനായി...