ദമാം- രാജ്യത്ത് നടപ്പാക്കുന്ന തൊഴില്‍വല്‍ക്കരണത്തിന്‍റെ ഭാഗമായി മത്സ്യബന്ധന ബോട്ടുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നത് നീട്ടിവെക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തീരുമാനിച്ചു. സാവകാശമില്ലാതെ ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ബോട്ടുടമകൾ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.ഈ മേഖലയില്‍ ജോലി ചെയ്യുന്നതിനായി സ്വദേശികളെ കിട്ടുന്നത് കുറവായതും കാരണമായി ചൂണ്ടികാണിക്കപെടുന്നു.
/sathyam/media/post_attachments/g200t1n66KgL9byaXctp.jpg)
മത്സ്യബന്ധന മേഖലയിലെ സൗദിവൽക്കരണത്തെക്കുറിച്ച് മന്ത്രാലയം കൂടുതൽ പഠനങ്ങൾ നടത്തും. അതിനുശേഷമേ ഇത് നടപ്പാക്കൂ. മലയാളികളടക്കം ആയിരക്കണക്കിന് വിദേശികൾ ജോലി ചെയ്യുന്ന മേഖലയാണിത്. ഇവരെ ഒറ്റയടിക്ക് ഒഴിവാക്കിയാൽ പകരം ജോലിയിൽ പ്രാഗത്ഭ്യമുള്ള സൗദികളെ കിട്ടാനില്ലെന്ന് ബോട്ടുടമകൾ ചൂണ്ടിക്കാട്ടിയിരുന്നു.
ബോട്ടുകൾ കടലിൽ ഇറക്കാനുള്ള ലൈസൻസ് കിട്ടാൻ ഓരോ മത്സ്യബന്ധന ബോട്ടിലും ഒരു സൗദി പൗരൻ വീതം നിർബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. ഇത് നീട്ടിവെച്ചതായി തീരപ്രദേശങ്ങളിലെ അതിർത്തി സുരക്ഷാ സേനകളെ അറിയിച്ചിട്ടുണ്ട്. പട്രോളിംഗ് സമയത്ത് മത്സ്യബന്ധന ബോട്ടുകളെ സൗദിവത്കരണത്തിന്റെ പേരിൽ തടയാതിരിക്കുന്നതിനാണിത്.
/sathyam/media/post_attachments/Eg6wpxVKeJXaklEMalsx.jpg)
മത്സ്യബന്ധന മേഖലയിൽ പരമ്പരാഗതമായി പ്രവർത്തിക്കുന്ന മുതിർന്ന പൗരന്മാരുടെ പങ്കാളിത്തത്തോടെയായിരിക്കും പഠനം നടത്തുകയെന്ന് മന്ത്രാലയം പറഞ്ഞു. ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്നതിന് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും അതിർത്തി സുരക്ഷാ സേനാ പ്രതിനിധിയുടെയും മക്ക പ്രവിശ്യ മത്സ്യത്തൊഴിലാളി സഹകരണ സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെ ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിൽ യോഗം സംഘടിപ്പിച്ചിരുന്നു. മത്സ്യബന്ധന മേഖലയിലെ സൗദിവൽക്കരണവുമായി ബന്ധപ്പെട്ട് സൗദിയിലെ എല്ലാ പ്രവിശ്യകളിലും നിയമ, വ്യവസ്ഥകൾ ഏകീകരിക്കണമെന്നും മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പരിഷ്‌കരിക്കണമെന്നും യോഗം ശുപാർശ ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us