വേനല്‍ക്കാലത്ത് കറണ്ട് ബില്‍ കൂടുന്നുണ്ടോ?; എസി ഉപയോഗം മൂലമുള്ള ബില്‍ കുറയ്ക്കാന്‍ അഞ്ച് ടിപ്‌സ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

വേനല്‍ക്കാലത്ത് എയര്‍ കണ്ടീഷന്‍ ഉപയോഗിച്ച് ശരീരവും മനസും തണുപ്പിക്കുന്നതിന്റെ ആശ്വാസം പലപ്പോഴും കറണ്ട് ബില്‍ കാണുമ്പോള്‍ ആവിയായി പോകാറുണ്ട്. ചൂട് ഉയരുന്നതോടൊപ്പം തന്നെ കറണ്ട് ബില്‍ ഉള്‍പ്പെടെയുള്ളവയും കുതിച്ചുയരുന്നത് കുടുംബ ബജറ്റുകളെ താളം തെറ്റിക്കാറുണ്ട്.

Advertisment

ചൂടിനൊപ്പം പിടിച്ചുനില്‍ക്കാന്‍ ഒരു രക്ഷയും ഇല്ലാത്തത് കൊണ്ട് മാത്രമാണ് എല്ലാവരും എസി വാങ്ങുന്നതും വന്‍ തുക കറണ്ട് ബില്‍ ഇനത്തില്‍ നല്‍കുന്നതും. ചില പൊടിക്കൈകള്‍ ഉപയോഗിച്ചാല്‍ കറണ്ട് ബില്ലില്‍ നിന്നും മാസം കുറച്ച് തുക ലാഭിക്കാം. ഇതാ എസി ബില്‍ ലാഭിക്കാനുള്ള അഞ്ച് ടിപ്‌സ്.

നിങ്ങളുടെ എസിയുടെ ഐഡിയല്‍ താപനില മനസിലാക്കുക

ചൂടെടുത്ത് വിയര്‍ത്തിരിക്കുമ്പോള്‍ എസി പരമാവധി താപനില കുറച്ച് സെറ്റ് ചെയ്യാന്‍ കൊതി തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ എസിയുടെ ഐഡിയല്‍ താപനില ആയിരിക്കില്ല പലപ്പോഴും അത്. 24- മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ എന്ന സുഖകരമായ താപനിലയില്‍ എസി സെറ്റ് ചെയ്യുന്നത് വഴി 24 ശതമാനത്തോളം വൈദ്യുതി ലാഭിക്കാനാകും.

തണുപ്പ് പുറത്തേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക

എസി ഓണ്‍ ചെയ്ത ശേഷം തണുത്ത കാറ്റിന് പുറത്തുപോകാന്‍ അവസരമൊരുക്കരുത്. വാതിലുകള്‍ നന്നായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് വേണം എസി ഉപയോഗിക്കാന്‍.

കൃത്യമായി സര്‍വീസ് നടത്തുക

എസി ഫില്‍ട്ടറുകളില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് എസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വൈദ്യുതി ഉപയോഗം കൂട്ടുകയും ചെയ്യും. കൃത്യമായ ഇടവേളകളില്‍ എസി സര്‍വീസ് നടത്തുന്നത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും.

ഇടയ്ക്കിടെ തണുപ്പിക്കാം, എന്നിട്ട് ഓഫ് ചെയ്യാം

എല്ലാ സമയവും എസി ഓണ്‍ ചെയ്തിടുന്നതിന് പകരമായി എസിയില്‍ ടൈമര്‍ സെറ്റ് ചെയ്ത് ഇടവിട്ട് ഇടവിട്ട് ഓണും ഓഫുമാക്കാം. ഉദാഹരണത്തിന് അര മണിക്കൂര്‍ നേരം എസി ഓണ്‍ചെയ്ത ശേഷം ആവശ്യത്തിന് തണുപ്പായെന്ന് തോന്നിയാല്‍ അല്‍പ നേരം എസി ഓഫ് ചെയ്തിരിക്കാം. പിന്നീട് ഈ തണുപ്പ് നഷ്ടപ്പെട്ടെന്ന് തോന്നുമ്പോള്‍ മാത്രം വീണ്ടും എസി ഓണ്‍ ചെയ്യാം.

എസിക്കൊപ്പം ഫാനും ഇടാം

എസി ഇടുന്നതിനൊപ്പം ഫാനും ഇടുന്നത് തണുത്ത വായു പെട്ടെന്ന് മുറിയാകെ പരക്കാന്‍ സഹായിക്കുന്നു. തണുപ്പ് മുറിയാകെ വ്യാപിച്ചെന്ന് ഉറപ്പായാല്‍ ഉടന്‍ എസി ഓഫ് ചെയ്ത് ഫാന്‍ മാത്രമാക്കാം.

Advertisment