/sathyam/media/post_attachments/R5aLV6KbNfy11Ru5cWc3.jpg)
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ അന്തർദേശീയ സംഘടനയായ ഫൊക്കാനയെ സംരക്ഷിക്കാനും അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി അവിശ്രമം പ്രയത്നിക്കുന്ന പ്രസിഡന്റ് മാധവൻ ബി നായർ, ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട്, ഷീല ജോസഫ് എന്നിവർക്ക് ഫൊക്കാന ഭരണ സമിതികളായ നാഷണൽ കമ്മിറ്റിയും എക്സിക്യുട്ടീവ് കമ്മിറ്റിയും സർവ പിൻതുണയും നൽകുന്നുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും ഫൊക്കാന വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ പ്രസ്താവനയിൽ അറിയിച്ചു.
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനും സംഘടനയുടെ ഫണ്ടിൽ തിരിമറി നടത്തിയതിനും പുറത്താക്കപ്പെട്ട ഒരു വിഭാഗം യാതൊരു ഉളുപ്പുമില്ലാതെ സംഘടനയെ അപകീർത്തിപ്പെടുത്താനും അസ്ഥിരപ്പെടുത്താനും നിരന്തരം ശ്രമിക്കുകയാണ്.
പണാപഹരണത്തിന് പുറത്താക്കിയതാണെന്ന യാതൊരു ജാള്യവുമില്ലാതെ അവർ സംഘടനയുടെ പേരും പ്രശസ്തിയും സ്വാർത്ഥ താല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്.
ഫൊക്കാനയുടെ പേരിൽ അനധികൃത യോഗം വിളിച്ച് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സ്വയം ഭാരവാഹികൾ ചമയുന്നവർ വ്യാജ പ്രസ്താവം നടത്തുകയാണ് ചെയ്യുന്നത്.
ഫൊക്കാനയുടെ പേരിൽ ഇവർ നടത്തുന്ന മുതലെടുപ്പ് ശ്രദ്ധയിൽ പെട്ടതോടെ ഔദ്യോഗിക നേതൃത്വം ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുള്ളതും കോടതി ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതുമാണ്.
ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ ഔദ്യോഗിക ഭാരവാഹികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്ന്
ന്യൂയോർക്ക് ക്വീന്‍സ് സുപ്രീം കോടതി തല്പരകക്ഷികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
അംഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് ഇവർ നടത്തിയ തെരഞ്ഞെടുപ്പ് അനധികൃതമാണെന്ന് കോടതി നിരീക്ഷിക്കുകയും തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തിരുന്നു.
ആഗസ്റ്റ് 12-ന് പുറപ്പെടുവിച്ച കോടതി ഉത്തരവ് (കേസ് നമ്പർ 71 2736/20) പ്രകാരം എല്ലാവിധ സംഘടന വിരുദ്ധ പ്രവർത്തനങ്ങളും വിലക്കിയിട്ടുളളതുമാണ്.
കോടതി ഉത്തരവുകളെ ധിക്കരിച്ചും കോടതിയലക്ഷ്യ പ്രവർത്തനങ്ങൾ നടത്തിയും ഇവർ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകമാത്രമല്ല, നിയമാനുസൃതം ജീവിക്കുന്ന പ്രവാസി സമൂഹത്തിനുതന്നെ അപമാനം വരുത്തിവയ്ക്കുകയാണ്.
ഫൊക്കാനയെ പോലെ ഒരു മഹത് സംഘടനയുടെ ഭാരവാഹിത്വത്തിൽ എത്തപ്പെടണമെങ്കിൽ അതിന് വ്യക്തി വൈശിഷ്ട്യവും നേതൃഗുണവും സാംസ്കാരിക പൈതൃകവും ജൻമ സിദ്ധമായിരിക്കണം.
ജനസമ്മതി കുറുക്കുവഴിയിലൂടെ നേടാനാകില്ല. ഫൊക്കാന എന്ന മഹത് പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നേതൃത്വം ആ പദവികളിൽ എത്തിയിട്ടുള്ളത് സംഘടനയുടെ ഭരണഘടനാനുസൃതമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ്.
വ്യക്തി ഗുണങ്ങളൊന്നുമില്ലാത്തവരാണ് സ്ഥാനമാനങ്ങൾക്കായി ഇരുട്ടിന്റെ മറവിൽ കുത്സിത മാർഗ്ഗങ്ങൾ അവലംബിക്കുന്നത്.
പ്രവാസി സമൂഹത്തിന്റെയും നാടിന്റെയും ക്ഷേമത്തിനായി നിലകൊള്ളുന്ന സാംസ്കാരിക പ്രസ്ഥാനമായ ഫൊക്കാനയുടെ യശ്ശസിനോ ഭരണഘടന അനുശാസിക്കുന്ന പ്രക്രിയയിലൂടെ ഔദ്യോഗിക ഭാരവാഹികളായവർക്കോ എതിരെ സാമൂഹ്യ വിരുദ്ധ ശക്തികൾ നടത്തുന്ന അധാർമ്മിക പ്രവർത്തനങ്ങൾ ഒരു ചലനവും സൃഷ്ടിക്കാൻ പോകുന്നില്ല.
പകരം തല്പരകക്ഷികൾ സമൂഹമധ്യത്തിൽ അവഹേളിതരും അപഹാസ്യരും ആയി മാറും എന്നതു മാത്രമാണ് മെച്ചമെന്ന് എബ്രഹാം കളത്തിൽ പ്രസ്താവനയിൽ പറഞ്ഞു.
മാധവൻ ബി.നായർ, ടോമി കൊക്കാട്ട്, ഷീല ജോസഫ് എന്നീ ഔദ്യോഗിക ഭാരവാഹികളുടെ നേതൃത്വത്തിൽ 2021 ൽ നടക്കുന്ന ഫൊക്കാന കൺവൻഷനും ഇലക്ഷനും വൻ വിജയമാക്കുന്നതിന് എല്ലാ അംഗങ്ങളുടെയും അഭ്യുദയ കാംക്ഷികളുടെയും പിന്തുണയും സഹകരണവും എബ്രഹാം കളത്തിൽ അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us