കണ്ണൂർ: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്), സെൻട്രൽ സോണിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
/sathyam/media/post_attachments/yr930G4I9JAVthh325Kd.jpg)
ശനിയാഴ്ച്ച വൈകുന്നേരം 5:30 മുതൽ ആരംഭിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഫോക്ക് വൈസ് പ്രസിഡന്റ് വിനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി സ്വാതന്ത്ര്യദിനാഘോഷം ഉത്‌ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട് മുഖ്യപ്രഭാഷണവും നടത്തി.
അതിബുദ്ധിമാനായ ഒരു വിദ്ധ്യാർഥിയായിരുന്നില്ല മഹാത്മ ഗാന്ധി എന്നിട്ടും ഇന്ത്യൻ സ്വാതന്ത്യ സമരത്തിൻ്റെ നെടുംതൂണായി അദ്ധേഹം മാറിയതിനു പിന്നിൽ അശരണരേയും ആലംബഹീനരേയും ഉൾക്കൊള്ളുന്ന അവർക്കു വേണ്ടി നീറിപ്പുകയുന്ന ഒരു ഹൃദയം ഉണ്ടായിരുന്നു എന്നുള്ളതുകൊണ്ടാണ്.
അറിവു നേടുന്നതിനോടൊപ്പം ഹൃദയവിശാലതയും നമ്മുടെ വിദ്യാർഥി സമൂഹത്തിൽ ഉണ്ടാവേണ്ടതുണ്ട്. ഒരോ വ്യക്തികളും കുടുംബ സ്നേഹമുള്ളവരാകുമ്പോൾ തന്നെ നമ്മുടെ സമൂഹത്തിനായും രാജ്യത്തിനായും ചില ത്യാഗപൂർണ്ണമായ നീക്കിവെയ്പ്പുകൾ നടത്തേണ്ടതുണ്ട്.
എന്നാൽ മാത്രമേ ഇന്ത്യ നേടിയ സ്വാതന്ത്ര്യം നിലനിർത്തിയും ശക്തിപ്പെടുത്തിയും പോകാൻ നമുക്ക് സാധിക്കുകയുള്ളൂ എന്ന് മുഖ്യാതിഥി ഓർമ്മപ്പെടുത്തി.
കോവിഡ് കാലത്തും പിൻതിരിഞ്ഞ് മാറാതെ സാമൂഹിക സേവനമേഖലയിൽ ഫോക്ക് പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ മാത്യകാപരമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഫോക്ക് ജന. സെക്രട്ടറി സലിം എം എൻ, ഫോക്ക് ട്രഷറർ മഹേഷ് കുമാർ, വനിതാവേദി ചെയർപേഴ്സൺ രമ സുധീർ, ഫോക്ക് ബാലവേദി സെക്രട്ടറി അഭയ് സുരേഷ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രോഗ്രാം കൺവീനർ പ്രമോദ് വി വി സ്വാഗതമാശംസിച്ച ചടങ്ങിന് പ്രോഗ്രാം ജന. കൺവീനർ പ്രനീഷ് നന്ദിയും രേഖപ്പെടുത്തി. ഫോക്കിന്റെ മൂന്ന് സോണലുകളുടെയും നേതൃത്വത്തിൽ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറിയിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും തദവസരത്തിൽ നടന്നിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സൂം ആപ്ലിക്കേഷൻ വഴി സംഘടിപ്പിച്ച പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഫോക്ക് ഫേസ്ബുക് പേജ് വഴിയും ഉണ്ടായിരുന്നു.