ഭക്ഷണം

‘നൂഡില്‍സ് സോഡ’!; സോഷ്യല്‍ മീഡിയയില്‍ വൈറലായി നൂഡില്‍സിന്റെ ഫ്‌ളേവറില്‍ പുതിയ സോഡ

Sunday, September 19, 2021

ഭക്ഷണപാനീയങ്ങള്‍ ഏതുമാകട്ടെ, അവയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ മിക്ക കമ്പനികള്‍ക്കും താല്‍പര്യമാണ്. ഇത്തരത്തിലുള്ള പുതുമകള്‍ക്ക് കാര്യമായ വരവേല്‍പും യുവാക്കള്‍ക്കിടയില്‍ ലഭിക്കാറുണ്ട്. എങ്കിലും ചിലപ്പോഴെങ്കിലും ചില പരീക്ഷണങ്ങള്‍ നമ്മെ അമ്പരപ്പിക്കാറുണ്ട്, അല്ലേ?

അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. നൂഡില്‍സിന്റെ ഫ്‌ളേവറില്‍ പുതിയ സോഡ. ഒരു ജപ്പാന്‍ ഫുഡ് കമ്പനിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

നൂഡില്‍സ് പ്രേമികള്‍ക്കെല്ലാം ഇഷ്ടപ്പെടും വിധത്തില്‍ പലതരം നൂഡില്‍സ് ഫ്‌ളേവറുകളിലാണേ്രത കമ്പനി സോഡകളിറക്കിയിരിക്കുന്നത്. സ്‌പൈസിയായതും ക്രീമിയായതും സീഫുഡിന്റെയും ചില്ലി- ടൊമാറ്റോയുടെയുമെല്ലാം ഫ്‌ളേവറിലുള്ള നൂഡില്‍സ് സോഡകള്‍ തങ്ങള്‍ ഇറക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിക്കുന്നു.

കമ്പനിയുടെ ട്വീറ്റിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. അത്ര സാധാരണമല്ലാത്ത കോംബോ ആണ് എന്നത് തന്നെയാണ് ഇതിന് ഇത്രമാത്രം ശ്രദ്ധ ലഭിക്കാന്‍ കാരണമായിരിക്കുന്നത്. സംഗതി കേള്‍ക്കുമ്പോള്‍ വിചിത്രമാണെങ്കിലും കയ്യില്‍ കിട്ടിയാല്‍ ഒന്ന് രുചിച്ചുനോക്കി പരീക്ഷണം നടത്താന്‍ തയ്യാറാണെന്ന് തന്നെയാണ് മിക്ക ഭക്ഷണപ്രേമികളുടെയും അഭിപ്രായം.

അതേസമയം ഇത്തരം പരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ലെന്ന് പറഞ്ഞൊഴിയുന്ന നൂഡില്‍സ് പ്രേമികളും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. 50 വര്‍ഷമായി ഫുഡ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിവിധ ഉത്പന്നങ്ങള്‍ പല രാജ്യങ്ങളിലും ലഭ്യമാണ്. എന്നാല്‍ നൂഡില്‍സ് സോഡ നിലവില്‍ പരിമിതമായ രീതിയില്‍ മാത്രമാണ് കമ്പനി വിതരണം ചെയ്യുന്നത്.

×