തൊഴിൽത്തർക്കം പരിഹരിച്ചു നാല് ഇന്ത്യൻ വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി.

New Update

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ, ജോലിചെയ്തിരുന്ന കമ്പനിയുമായി നിലനിന്ന തൊഴിൽത്തർക്കം നിയമപരമായി പരിഹരിച്ച നാല് ഇന്ത്യൻ വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി.

Advertisment

publive-image

മഞ്ജു മണിക്കുട്ടൻ (വലതുനിന്നും രണ്ടാമത്) നാലുപേർക്കും ഒപ്പം.

തമിഴ്‌നാട് കുഞ്ഞരം വില്ലേജ് സ്വദേശിനിയായ ആർ തേൻമൊഴി, മലയാളികളായ ടി.എസ്. നിഷ, എം.സുമ, കെ. കുഞ്ഞിമാളു എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. നിഷ എറണാകുളം ജില്ല പെരുമ്പാവൂർ സ്വദേശിനിയും, സുമ കോഴിക്കോട് ജില്ല തിക്കോടി സ്വദേശിനിയും, കുഞ്ഞിമാളു ആലപ്പുഴ ജില്ല കളിയംകുളം സ്വദേശിനിയുമാണ്.

നാലുപേരും ദമ്മാമിലെ ഒരു ക്ളീനിങ് മാൻപവർ സപ്ലൈ കമ്പനിയിൽ തൊഴിലാളികൾ ആയി ജോലി നോക്കി വരികയായിരുന്നു.ആറും ഏഴും വർഷങ്ങളായി ആ കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന ഇവർ, ലോക്ക്ഡൌൺ വന്നപ്പോൾ കമ്പനിയ്ക്ക് തൊഴിൽ ഇല്ലാത്ത അവസ്ഥ ആയപ്പോൾ, ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചു കമ്പനിയ്ക്ക് അപേക്ഷ നൽകി.

കരാർ കാലാവധിയൊക്കെ പൂർത്തിയാക്കിയാക്കിയവരെങ്കിലും, കമ്പനി ഇവർക്ക് എക്സിറ്റോ, സർവ്വീസ് ആനുകൂല്യങ്ങളോ, വിമാനടിക്കറ്റോ നൽകാൻ തയ്യാറായില്ല. തുടർന്ന് നാലുപേരും നവയുഗം കേന്ദ്രകമ്മിറ്റി മെമ്പറും, വനിതാവേദി പ്രസിഡന്റുമായ അനീഷ കലാമിനെ ബന്ധപ്പെട്ട് വിശദവിവരങ്ങൾ പറഞ്ഞു സഹായം അഭ്യർത്ഥിച്ചു.

തുടർന്ന് അനീഷ കലാമിന്റെ അഭ്യർത്ഥനപ്രകാരം നവയുഗം ജീവകാരുണ്യവിഭാഗം ഇവരുടെ കേസ് ഏറ്റെടുക്കുകയും, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന് മുഖ്യചുമതല ഏൽപ്പിയ്ക്കുയും ചെയ്തു.

മഞ്ജുവും, നവയുഗം ജീവകാരുണ്യപ്രവർത്തകരും കമ്പനി അധികാരികളെ നേരിട്ട് കണ്ടു ചർച്ചകൾ നടത്തി. ആദ്യമൊക്കെ സഹകരിയ്ക്കാൻ തയ്യാറായില്ലെങ്കിലും, പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ എംബസ്സിയിൽ റിപ്പോർട്ട് ചെയ്ത് നിയമപരമായ നടപടികളിലേക്ക് നീങ്ങി കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന ശക്തമായ നിലപാട് നവയുഗം ജീവകാരുണ്യപ്രവർത്തകർ എടുത്തതോടെ, കമ്പനി അധികൃതർ ഒത്തുതീർപ്പിനു തയ്യാറായി.

അങ്ങനെ നാലുപേരുടെയും സർവ്വീസ് ആനുകൂല്യങ്ങളും, ഫൈനൽ എക്സിറ്റും, വിമാനടിക്കറ്റും കമ്പനി അധികൃതർ കൈമാറി.നവയുഗത്തിന് നന്ദി പറഞ്ഞു, ലോകകേരളസഭയുടെ വിമാനത്തിൽ നാലുപേരും നാട്ടിലേയ്ക്ക് മടങ്ങി.

Advertisment