എവിടെ ക്രിസ്ത്യാനികളുടെ നീതിബോധം ? എന്തുകൊണ്ട്‌ സ്റ്റാൻ സ്വാമിയെ മറക്കുന്നു ?

സത്യം ഡെസ്ക്
Saturday, February 27, 2021

ഒരു വിഭാഗം കത്തോലിക്കർ ബിജെപിയെ എങ്ങനെയെങ്കിലും കേരളത്തിലും അധികാരത്തിൽ എത്തിക്കുവാൻവേണ്ടി സോഷ്യൽ മീഡിയകളിൽ എഴുതിയെഴുതി തിമിർക്കുകയാണ്‌. ബിജെപിയുടെ നേതൃത്വത്തിൽ ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഢനവും ഫാസിസ്റ്റ്‌ ക്രൂരതകളും സ്വന്തം കൂടെപ്പിറപ്പുകൾക്കുപോലും അനുഭവിക്കേണ്ടി വന്നിട്ടും താൽക്കാലിക ലാഭങ്ങളെപ്രതി അനീതികൾക്കുനേരെ കണ്ണുകളടച്ചുകൊണ്ട്‌ അന്ധമായി കേന്ദ്രസർക്കാരിനു സ്തുതിപാടുന്നവരിൽ ഒരുവിഭാഗം ഇടയന്മാരും മഹാ ഇടയന്മാരുമൊക്കെ ഉൾപ്പെടുന്ന കാഴ്ച ഒരുപാടുചോദ്യങ്ങൾ ചോദിക്കുവാൻ കേരളത്തിലെ കത്തോലിക്കാ വിശ്വാസികളെ പ്രേരിപ്പിക്കുന്നു.

തന്റെ പൗരോഹിത്യ ജീവിതം മുഴുവൻ ആദിവാസികൾക്കുവേണ്ടിയും സമൂഹത്തിന്റെ ഓരങ്ങളിലേക്ക്‌ തഴയപ്പെട്ടവർക്കുവേണ്ടിയും ജീവിച്ച സാമൂഹ്യപ്രവർത്തകനായ ജസ്യുട്ട്‌ വൈദീകൻ സ്റ്റാൻ സാമി ഗുരുതരമായ രോഗങ്ങളോട്‌ മല്ലടിച്ച്‌ തടവറയിൽ കഴിയാൻ തുടങ്ങിയിട്ട്‌ മാസങ്ങളായി.

അന്താരാഷ്ട്ര തലത്തിൽപ്പോലും അന്യായമായ ഈ തടങ്കൽ ചർച്ചാവിഷയമാണ്‌. അദ്ദേഹത്തെ ജയിലിൽ അടച്ച്‌ ഇല്ലാതാക്കാനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭാസമൂഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളേയും സാമൂഹ്യസേവനങ്ങളേയും സംശയത്തിന്റെ നിഴലിലാക്കി ഭാരതത്തിലെ സഭയുടെ സേവന പ്രവർത്തനങ്ങളെ അടിച്ചമർത്താനും വേണ്ടി ഹീനമായ ആരോപണങ്ങൾ സ്റ്റാൻ സ്വാമിയുടെമേൽ കെട്ടിച്ചമച്ചതാണെന്ന് പകലുപോലെ വ്യക്തമാണ്‌.

ഇതിനുമുമ്പും നീതി നിഷേധിക്കപ്പെട്ട്‌ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ വലിച്ചെറിയപ്പെട്ട പാവപ്പെട്ടവരുടെ നീതിക്കുവേണ്ടിയും അവകാശങ്ങൾക്കുവേണ്ടിയും നിലകൊണ്ടവർ ഈ ഫാസിസ്റ്റ്‌ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായിട്ടുണ്ട്‌.

ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഭരണകൂട ഭീകരതയെ ചോദ്യം ചെയ്തവരെയെല്ലാം ക്രിമിനൽ കുറ്റങ്ങൾ കെട്ടിച്ചമച്ച്‌ ജയിൽ അടക്കുകയോ എന്നന്നേയ്ക്കുമായി അവരെ ഇല്ലാതാക്കുകയോ ചെയ്ത സംഭവങ്ങളുടെ ചോരക്കറയുമായി നടക്കുന്നവർ തന്നെയാണ്‌ ഇന്നും ഭരണത്തിലുള്ളത്‌.

എന്നിട്ടും സ്റ്റാൻ സാമിയെ അറസ്റ്റുചെയ്തു തടവറയിലടച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്തുകൊണ്ടാണ്‌ ചില സോഷ്യൽ ഇഷ്യുസ്‌ പൊക്കിപ്പിടിച്ചുകൊണ്ട്‌ അന്ധമായി ബിജെപിയേയും കേന്ദ്രസർക്കാരിനേയും സപ്പോർട്ടുചെയ്ത്‌ എഴുതുകയും പറയുകയും ചെയ്യുന്ന കത്തോലിക്കർ കേൾക്കാതെ പോകുന്നത് ?

സ്റ്റാൻസാമി എഴുതുന്നു… ‍ “മാവോയിസ്റ്റുകളുമായുള്ള ബന്ധം ആരോപിക്കാനായി തന്റെ കമ്പ്യൂട്ടറില്‍നിന്ന് എടുത്തതാണെന്ന് അവകാശപ്പെടുന്ന നിരവധി രേഖകള്‍ എന്‍ഐഎ തന്റെ മുന്നില്‍ വച്ചു. ഇവയെല്ലാം ഗൂഢമായി കെട്ടിച്ചമച്ച് എന്റെ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ അവയെ തള്ളിപ്പറഞ്ഞു. തനിക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം താന്‍ ഒരിക്കലും ഭീമ കൊറേഗാവില്‍ പോയിട്ടില്ലെന്നും അദ്ദേഹം ആ വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്‌.

”എനിക്ക് സംഭവിക്കുന്നത് സമാനതകളില്ലാത്തതല്ല. ആദിവാസികളുടെയും ദലിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും രാജ്യത്തെ ഭരണവര്‍ഗത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി നേതാക്കള്‍, കവികള്‍, ബുദ്ധിജീവികള്‍ തുടങ്ങി നിരവധി പേര്‍ നോട്ടപ്പുള്ളികളാണ്,”

കൂട്ടക്കൊലചെയ്തവർക്ക്‌ കേന്ദ്രമന്ത്രിസ്ഥാനം വരെ കൊടുത്ത്‌ ആദരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയം കൊടികുത്തിവാഴുന്ന ഭാരതത്തിൽ, അവശവിഭാഗത്തിന്‌ ആശ്രയമായതിന്റെ പേരിൽ കോർപ്പറേറ്റുകളുടെ ഇംഗിതത്തിനൊത്തും വർഗ്ഗീയതയുടെ മേലാപ്പണിഞ്ഞും ഭരണം നടത്തുന്ന ഭരണകൂടം ഒരു വൃദ്ധവൈദീകനെ തടവറയിലടച്ചത്‌ ഒരു ചെറിയ സംഭവമായി കാണുകയാണോ?

കഴിഞ്ഞ ദിവസം‌ പുറത്തുവന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് പോലും ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ടെങ്കിൽ ഇത്‌ കടുത്ത അനീതിയാണ്‌. മനുഷ്യത്വത്തിനെതിരായ വർഗ്ഗീയഭീകരതയുടെ രാഷ്ട്രീയത്തെ എന്തിന്റെ പേരിലാണെങ്കിലും എങ്ങനെ ഒരു ക്രിസ്തുവിശ്വാസിക്ക്‌ ന്യായീകരിക്കാനാകും?

-ഫാ. ക്ലീറ്റസ് കാരക്കാട്ട്

×