/sathyam/media/post_attachments/YrMED79aCU0oCBGwlGHH.jpg)
ദോഹ: ലോകകപ്പിനായുള്ള 350ലധികം ബസുകളില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുമെന്ന് ഉരീദു പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ടൂര്‍ണമെന്റ് ബസുകളില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നത്. ടൂര്‍ണമെന്റ് വേദികളിലേക്കും പുറത്തേക്കും യാത്ര ചെയ്യുമ്ബോഴും കളിക്കാര്‍ക്കും ഫിഫ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് ഖത്തര്‍ 2022 മിഡിലീസ്റ്റ്, ആഫ്രിക്ക ഔദ്യോഗിക ടെലികമ്യൂണിക്കേഷന്‍സ് ഓപറേറ്ററായ ഉരീദു വ്യക്തമാക്കി.
ഉരീദു ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ ആല്‍ഥാനി, ഫിഫ സി.ഒ.ഒയും ഖത്തര്‍ 2022 മാനേജിങ് ഡയറക്ടറുമായ കോളിന് സ്മിത്ത് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബസിനുള്ളില്‍ വേഗത്തിലും എളുപ്പത്തിലും കാര്യക്ഷമമായും വൈഫൈ സേവനം ലഭ്യമാക്കുന്നതിന് ക്വിക് റെസ്പോണ്‍സ് കോഡ് പോലെയുള്ള സാങ്കേതികവിദ്യകളും ഉരീദു ഉപയോഗിക്കും.
300 ബസുകളില്‍ ട്രാന്സ്പോര്ട്ടേഷന്-േഗ്രഡ് നിയന്ത്രിത വൈഫൈ സേവനവും ഉരീദു വാഗ്ദാനം ചെയ്യുന്നുണ്ട്. ഉരീദു ഖത്തര്‍ ഡേറ്റ സെന്ററിലെ തത്സമയ ഉപയോഗ സംവിധാനങ്ങളിലൂടെ വൈഫൈ സേവനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.
ലോകകപ്പ് ഫുട്ബാള്‍ പോലെയുള്ള മഹത്തായ പരിപാടിയില്‍ ബസുകളിലെ വൈഫൈ സേവനം പോലെയുള്ള പ്രഥമ സംരംഭം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ശൈഖ് നാസര്‍ ആല്‍ഥാനി പറഞ്ഞു. ഉരീദു ഇന്റര്നെറ്റിെന്റ മുഴുവന്‍ വേഗവും ആസ്വദിക്കാനും അനുഭവിക്കാനും യാത്രക്കാരായ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സാധിക്കുമെന്നും ശൈഖ് നാസര്‍ വ്യക്തമാക്കി. ലോകകപ്പിനെത്തുന്ന ആരാധകര്‍ക്കായി ഹയാ സിം കാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സംരംഭവുമായി ഉരീദുവും ഫിഫയും രംഗത്തുവന്നിരിക്കുന്നത്.