ഊണും ഉറക്കവുമില്ലാതെ ഗെയിം കളി; ‘ഫ്രീഫയര്‍’ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാർഥി ജീവനൊടുക്കി

New Update

publive-image

Advertisment

തിരുവനന്തപുരം: ഫ്രീഫയര്‍ ഗെയിമിന് അടിമയായി തിരുവനന്തപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്പോള്‍ ഫ്രീഫയര്‍ ഗെയിമിന്‍റെ അടിമയായിയിരുന്നുവെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍‌ ഗെയിം കളിച്ചിരുന്നതായി അമ്മ പറയുന്നു. മിടുക്കനായ വിദ്യാർഥിയായിരുന്നു അനുജിത്ത്. എന്നാല്‍ മൊബൈല്‍ ഗെയിം അനുജിത്തിന്‍റെ സ്വഭാവം മാറ്റി. ഫ്രീഫയര്‍ ഗെയിമിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ അമ്മയും ചേച്ചിയും പറയുന്നത് കേള്‍ക്കാതെയായി. സഹോദരിയുടെ മകളെ പോലും ശ്രദ്ധിക്കാതെയായി. പത്താംക്ലാസിന് ശേഷമാണ് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്.

മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ണമായും ഗെയിമിന് അടിമയായി. വീട്ടില്‍ വഴക്കിട്ട് വലിയ വിലയുള്ള മൊബൈല്‍ ഫോണും ഫ്രീഫയര്‍ കളിക്കാന്‍ സ്വന്തമാക്കി. 20 മണിക്കൂര്‍ വരെ ഗെയിം കളിക്കാന്‍ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണം ചോദിച്ചു നിരന്തരം വഴക്കായിരുന്നു. ഉയര്‍ന്ന തുകയ്ക്ക് റീചാര്‍ജ് ചെയ്യണമെന്നായിരുന്നു ആവശ്യം.

എന്താണ് ഫ്രീഫയർ ഗെയിം

പബ്ജിക്ക് സമാനമായ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍. കട്ടപ്പനയിലെ പതിനാലുകാരനെ മരണത്തിലേക്ക് തള്ളിയിട്ടതും ഈ ​ഗെയിമാണ്. നിരന്തരമായി ഗെയിം കളിച്ച് മാനസിക നിലയില്‍ വ്യതിയാനം കാട്ടിയ കുട്ടികള്‍ ചികിത്സ തേടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 8 കോടി ആക്ടീവ് യൂസേഴ്സാണ് ഈ ഗെയിമിനുള്ളത്. 2019 ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമാണിത്. എന്നാൽ ലോക് ഡൗൺ കാലത്താണ് ഇത് അരങ്ങ് വാണത്.

ഊണും ഉറക്കവും ഉപേക്ഷിച്ച് ഗെയിം കളിക്കുന്നവരും ഗെയിമിന്‍റെ അടുത്തഘട്ടത്തിലേക്ക് പോകാന്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കളുടെ അക്കൗണ്ട് ചോര്‍ത്തുന്നവരും കൂടി വരികയാണ്. ഫ്രീഫയര്‍ കളിച്ച് കൂടുതല്‍ പോയിന്‍റ് നേടി ആ പ്രൊഫൈല്‍ തന്നെ വില്‍ക്കുന്ന സംഘങ്ങളുണ്ട് കേരളത്തില്‍ എന്നാണ് റിപ്പോർട്ടുകൾ. ഗെയിമിനടിമപ്പെട്ട കുട്ടികള്‍ ഫോണ്‍ ലഭിക്കാതെ വന്നാല്‍ അക്രമാസക്തരുമാകുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തി.

NEWS
Advertisment